Monday, January 11, 2021

വന്ദനം 22

 ⚘🕊V.B.T-പ്രഭാത വന്ദനം⚘🕊
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱

പ്രിയ വായനക്കാർക്ക് നല്ലൊരു ദിവസം പ്രഭാത വന്ദനത്തിലൂടെ ആശംസിക്കുന്നു
💐💐💐 

ആത്മീയജീവിതത്തിൽ മുന്നേറാൻ അവശ്യംവേണ്ട ഒരു ഗുണമാണ് വൈരാഗ്യം

ആത്മീയജീവിതത്തിൽ മുന്നേറാൻ അവശ്യംവേണ്ട ഒരു ഗുണമാണ് വൈരാഗ്യം. ഒന്നിനോടും രാഗമില്ലാത്ത, ഒന്നിലും ആഗ്രഹമില്ലാത്ത അവസ്ഥയാണ് വൈരാഗ്യം. ആഗ്രഹമുള്ളപ്പോൾ അതിനെ ബലമായി അടക്കിവെക്കലല്ല വൈരാഗ്യം. പാല്പായസം നമുക്ക് എത്ര ഇഷ്ടമുള്ളതാണെങ്കിലും അതിൽ പല്ലി വീണു എന്നറിഞ്ഞാൽ പിന്നെ നമ്മൾ അതൊട്ടും ആഗ്രഹിക്കില്ല. കാരണം അതിന്റെ ദോഷത്തെ നമ്മൾ മനസ്സിലാക്കിയിരിക്കുന്നു. ഇതുപോലെ ശരിയായ ജ്ഞാനവും വിവേകവുംകൊണ്ട് ലോകവസ്തുക്കളോടുള്ള ആഗ്രഹം കുറഞ്ഞില്ലാതാകുന്നതാണ് വൈരാഗ്യം.

ലോകത്തിലെ എല്ലാ സുഖങ്ങളും ദുഃഖത്തിലാണ് ചെന്നവസാനിക്കുക. ഇന്ന് ശരീരംകൊണ്ട് സുഖം അനുഭവിക്കുന്നെങ്കിൽ നാളെ അതേ ശരീരം നമുക്ക് ദുഃഖകാരണമാകും. ഇപ്പോൾ മനസ്സുകൊണ്ട് സുഖം അനുഭവിക്കുന്നെങ്കിൽ നാളെ മനസ്സുതന്നെ നമുക്ക് ദുഃഖവും തരും. ഞാൻ എന്ന അഭിമാനം ഇന്ന് നമുക്ക് സന്തോഷം തരുന്നെങ്കിൽ അതേ അഭിമാനം നാളെ ദുഃഖത്തിനു കാരണമാകും. ചുരുക്കത്തിൽ ദുഃഖത്തിനു കാരണമാകാത്ത ഒരു ലോകസുഖവും ഇല്ലതന്നെ. ബാഹ്യമായ ഒന്നിനും നമുക്ക് ശാശ്വതമായ സുഖം നൽകാനാവില്ല. വ്യക്തികളോടും വസ്തുക്കളോടുമുള്ള മമത ഇല്ലാതായാൽ മാത്രമേ ശാശ്വതമായ ശാന്തിയും സുഖവും നമുക്ക് അനുഭവിക്കാനാകൂ. അതുകൊണ്ടാണ് ഈ ലോകത്തിൽ ആസക്തികൂടാതെ ജീവിക്കാൻ പഠിക്കണമെന്ന് ആധ്യാത്മികഗുരുക്കന്മാരും മത്രഗ്രന്ഥങ്ങളും നമ്മളോട് പറയുന്നത്.

ഒരു രത്നവ്യാപാരിയും ഭാര്യയും ഇനിയുള്ള ജീവിതം ഈശ്വരചിന്തയിൽ മുഴുകി ജീവിക്കാൻ തീരുമാനിച്ചു. അവർ ലൗകികജീവിതം പരിത്യജിച്ച് തീർഥാടനത്തിനായി ഇറങ്ങിത്തിരിച്ചു. ലോകസുഖങ്ങളെല്ലാം വെടിഞ്ഞ് ഈശ്വരസ്മരണയിൽ മുഴുകിയാണ് അവർ ഓരോ ദിവസവും കഴിച്ചുകൂട്ടിയത്. ഒരു ദിവസം, വഴിയിലൊരിടത്ത് മിന്നിത്തിളങ്ങുന്ന ഒരു വൈരക്കല്ല് കിടക്കുന്നത് ഭർത്താവ് കണ്ടു. അതെങ്ങാനും തന്റെ പിന്നാലെ വരുന്ന ഭാര്യയുടെ കണ്ണിൽപ്പെട്ടാൽ അവൾക്ക് അതിൽ ആശജനിച്ചെങ്കിലോ എന്ന് അദ്ദേഹം സംശയിച്ചു. അങ്ങനെ അവൾ ത്യാഗജീവിതത്തിൽനിന്ന് അകന്നുപോയേക്കുമെന്നും അദ്ദേഹം ഭയപ്പെട്ടു. അതിനാൽ അയാൾ അതിന്റെമേൽ കുറച്ചു മണ്ണുവാരിയിട്ടു.

അപ്പോഴേയ്ക്കും ഭാര്യ അയാളുടെ ഒപ്പമെത്തി, അയാൾ എന്തു ചെയ്യുകയാണെന്നു ചോദിച്ചു. അയാൾക്ക് വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞില്ല. അതിനകം ഭാര്യ ആ വൈരക്കല്ല് കണ്ടുകഴിഞ്ഞിരുന്നു. ഭർത്താവിന്റെ ചിന്തകൾ ഊഹിച്ചറിയാനും അവൾക്ക് പ്രയാസമുണ്ടായില്ല. ഭാര്യ ചോദിച്ചു: ''മൺകട്ടയും വൈരക്കല്ലും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് ഇപ്പോഴും ചിന്തിക്കുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് നിങ്ങൾ ലൗകികജീവിതം പരിത്യജിച്ചത്?'' യഥാർഥ വൈരാഗ്യത്തിന്റെയും നിസ്സംഗതയുടെയും പ്രതീകമായിരുന്നു ആ സ്ത്രീരത്നം.

സ്വന്തം കർത്തവ്യങ്ങൾ ചെയ്യരുതെന്നോ ആരെയും സ്നേഹിക്കരുതെന്നോ അല്ല ഇപ്പറഞ്ഞതിനർഥം. കർത്തവ്യങ്ങൾ വേണ്ടപോലെ ചെയ്യണം. എന്നാൽ, മമതയില്ലാതെവേണം കർമങ്ങൾ ചെയ്യാൻ. മറ്റുള്ളവരിൽനിന്ന് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അവരെ സ്നേഹിക്കാൻ കഴിയണം. അപ്പോൾ ഏതു സാഹചര്യത്തിലും സംതൃപ്തിയോടെയും സന്തോഷത്തോടെയും മുന്നേറാൻ നമുക്കു കഴിയും. ശാന്തിയും ആന്തരികമായ സ്വാതന്ത്ര്യവും നമ്മുടെ കൈമുതലാകും.

പ്രഭാത വന്ദനത്തിൽ വായിച്ചത് :-അമൃത വചനം 
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱

No comments:

Post a Comment