Tuesday, August 10, 2021

കൊടുങ്ങല്ലൂരംബികാ സ്തോത്രം

 ॐകൊടുങ്ങല്ലൂരംബികാ സ്തോത്രംॐ
▬▬▬▬▬▬▬▬▬▬▬▬▬▬

അമ്പിളിക്കല ചൂടുന്ന ദേവനുമമ്പോടെ 
ഗണനാഥനും വാണിയും
അമ്പിലെന്റെ ഗുരുവും തുണക്കണം
കമ്പം തീർക്ക കൊടുങ്ങല്ലൂരംബികേ

ആരുമില്ല സഹായമെനിക്കിപ്പോൾ
രിപുവംശത്തെയൊക്കെയൊടുക്കുവാൻ
നേരറിഞ്ഞെന്നെ പാലിച്ചു കൊള്ളണം
ഭാരം തീർക്ക കൊടുങ്ങല്ലൂരംബികേ

ഇക്ഷിതിയിൽ വസിപ്പാനെനിക്കിപ്പോൾ
കാൽക്ഷണം മനസ്സില്ല നിരൂപിച്ചാൽ
ദാക്ഷിണ്യശീലേ രക്ഷിച്ചുകൊള്ളണം
സാക്ഷാൽ മായേ കൊടുങ്ങല്ലൂരംബികേ

ഈഷലൊക്കെക്കളഞ്ഞു വഴിപോലെ
ദൂഷണം തീർത്തു പാലിച്ചു കൊള്ളുവാൻ
ഭാഷയാക്കി സ്തുതിക്കുന്നേനെപ്പോഴും
ദോഷഹീനേ കൊടുങ്ങല്ലൂരംബികേ

ഉമ്പർനായകൻതാനും മുനിമാരും
ഇമ്പമോടുടനൊന്നു നോക്കേണമേ
എമ്പാപങ്ങൾ കളഞ്ഞരുളീടണം
തമ്പുരാട്ടി കൊടുങ്ങല്ലൂരംബികേ

ഊഴിതന്നിൽ വസിക്കുന്നെനിക്കിപ്പോൾ
പാഴിൽ സംഭവിച്ചീടുന്ന വ്യാധികൾ
നാഴികകൊണ്ടു തീർത്തരുളീടണം
ആഴിമാതേ കൊടുങ്ങല്ലൂരംബികേ

എങ്കൽ വന്നു ഭവിക്കുന്ന വ്യാധികൾ
നിങ്കരുണകൊണ്ടൊക്കെക്കളയണം
നിങ്കഴലിണയല്ലാതില്ലാശ്രയം
പങ്കജാക്ഷി കൊടുങ്ങല്ലൂരംബികേ

ഐഹികത്തിലിരുന്നു ഞാനിങ്ങനെ
മോഹതാപങ്ങൾ ചിന്തിച്ചു ചിന്തിച്ചു
മോഹവാരിയിൽ മുങ്ങി വലയുന്നു
പാഹി ,പാഹി കൊടുങ്ങല്ലൂരംബികേ

ഒട്ടകംപോലെ പ്രാരാബ്ധഭാരത്തെ
കെട്ടിയേറ്റി നടക്കുമാറാക്കൊല്ലേ
പെട്ടെന്നെന്നെയനുഗ്രഹിച്ചീടണം
ഇഷ്ടമോടെ കൊടുങ്ങല്ലൂരംബികേ

ഓരോ നാളിലകപ്പെട്ട പാപങ്ങൾ
പാരാതെ നീക്കിക്കാത്തുകൊണ്ടെന്നെയും
പാരാവാരം കടത്തിത്തരേണമേ
വാരിജാക്ഷി കൊടുങ്ങല്ലൂരംബികേ

▬▬▬▬▬▬▬▬▬▬▬▬▬▬

No comments:

Post a Comment