Sunday, July 18, 2021

അദ്ധ്യാത്മ രാമായണം മൂന്നാം ദിവസം

 ⚜️അദ്ധ്യാത്മ രാമായണം⚜️
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

മൂന്നാം ദിവസം    
▬▬▬▬▬▬      

ശ്രീരാമാവതാരം
 
സത്യപാരായണനും വീരനും,  സർവ്വലോകവിശ്രുതനുമായ അയോദ്ധ്യാധിപതി ദശരഥ മഹാരാജാവ് അനപത്യദുഖം സഹിക്കാനാകാതെ രാജഗുരു വസിഷ്ഠ മഹർഷിയോട് സർവ്വലക്ഷണാന്വിതരായ പുത്രന്മാരെ ലഭിക്കാൻ എന്താണ് മാർഗ്ഗമെന്ന് ഉപദേശിക്കുവാൻ അപേക്ഷിച്ചു.  ഋഷ്യശൃംഗ മഹർഷിയെ വരുത്തി പുത്രകാമേഷ്ടി യജ്ഞം നടത്താൻ രാജാവിനെ ഗുരു ഉപദേശിച്ചു. രാജാവിന് നാല് പുത്രന്മാരുണ്ടാകുമെന്നും ഗുരു പറയുകയുണ്ടായി. അപ്രകാരം മഹർഷിയെ വരുത്തി യജ്ഞം നടത്തുകയും , യജ്ഞാവസാനം ഹോമകുണ്ഠത്തിൽ അഗ്നി ദേവൻ പ്രത്യേക്ഷനായി സ്വർണ്ണപാത്രത്തിൽ പായസം നല്കി " ദേവനിർമ്മിതവും ദിവ്യവും പുത്രദായകവുമായ ഈ പായസം ഗ്രഹിച്ച് പത്നിമാർക്ക് നല്കിയാലും. അങ്ങേയ്ക്ക്, പരമാത്മാവിനെത്തന്നെ പുത്രനായി ലഭിക്കാൻ പോകുന്നു "  എന്ന് അരുളിചെയ്തു. രാജാവ് കൗസല്യാ ദേവിക്കും കൈകേയി ദേവിക്കുമായി പായസം പകുത്ത് നല്കി. അവർ രണ്ടു പേരും തങ്ങളുടെ ഓഹരിയുടെ പകുതി വീതം സുമിത്രാ ദേവിക്കും നല്കി. പായസം കഴിച്ച മൂന്നു റാണിമാരും ഗർഭവതികളായി

ഗർഭകാലം പൂർത്തിയായ കൗസല്യാദേവി,  ചൈത്രമാസത്തിലെ ശുക്ലനവമി ദിവസം കർക്കിടകലഗ്നത്തിൽ പുണർതം നക്ഷത്രത്തിൽ പഞ്ചഗ്രഹങ്ങൾ ഉച്ചസ്ഥരായിരിക്കെ , സൂര്യൻ മേടം രാശിയിൽ സ്ഥിതിചെയ്യുമ്പോൾ ആകാശത്തിൽ നിന്ന് പുഷ്പം വർഷിക്കപ്പടവെ സനാതനവും പരമാത്മാവുമായ വിഷ്ണു ഭഗവാൻ അവതാരം ചെയ്തു

നീലത്താമരദളത്തിനു തുല്യമായ ശ്യാമവർണ്ണത്തോടും പീതാംബരത്തോടും നാലു തൃക്കൈകളോടും പ്രശോഭിക്കുന്ന മകരകുണ്ഡലങ്ങളോടും ആയിരം ആദിത്യന്മാരുടെ പ്രകാശത്തോടും കീരിടത്തോടും വളഞ്ഞ കുറുനിരകളോടും ശംഖചക്രഗദാപത്മങ്ങളോടും മുഖചന്ദ്രനിൽ നിന്നു നിർഗളിക്കുന്ന മന്ദഹാസചന്ദ്രികയോടും കരുണരസം കവിഞ്ഞൊഴുകുന്ന ചെന്താമരകണ്ണുകളോടും , ശ്രീവത്സം, മുത്തുമാലകൾ ,വനമാല, കേയൂരം, നൂപുരം ഇത്യാദി വിഭൂഷണങ്ങളോടും കൂടി പരിലസിക്കുന്ന ആ പരമാത്മാവിനെ കണ്ടിട്ട് വിസ്മയാകുലയായ  അഞ്ജലീബദ്ധയായി ദേവദേവനായ ഭഗവാനേ സ്തുതിച്ചു
 
ഹേ ദേവദേവ!  ശംഖ്ചക്രഗദാപത്മധാരിയായ അവിടുത്തേക്ക് നമസ്കാരം. അനന്തനും പരമാത്മാവുമായ ഭഗവാൻ സ്വന്തം മായശക്തിയാൽ സത്വാദിഗുണങ്ങളെ ആശ്രയിച്ച് വിശ്വത്തെ സൃഷ്ടിച്ച് രക്ഷിച്ച് സംഹരിക്കുന്നു. അജ്ഞാനമാകുന്ന അന്ധകാരത്തിൽ പെട്ടവർക്ക് അങ്ങ് അദൃശ്യനാകുന്നു. അങ്ങയുടെ ജഠരത്തിൽ ബ്രഹ്മാണ്ഡങ്ങൾ വെറും പരമാണുക്കൾക്ക് തുല്യമാണ്. അങ്ങനെയുളള അങ്ങ് എന്റെ ( കൗസല്യ ദേവിയുടെ) ഉദരത്തിൽ നിന്നും  പ്രകടമായി എന്നത് അങ്ങയുടെ ഭക്തവാത്സല്യം തന്നെ.' ഇങ്ങനെ എല്ലാം ഭഗവാനേ സ്തുതിച്ച കൗസല്യാദേവി ഭഗവാന്റെ രൂപം എപ്പോഴും മനസ്സിലുണ്ടാകാനും, അലൗകികമായ രൂപത്തെ മറച്ച് ബാലരൂപം കാട്ടിയാലുമെന്നപക്ഷിച്ചു. എന്നാൽ ഭഗവാന്റെ സുഖപ്രദമായ ആലിംഗനസംഭാഷണാദിയാൽ ഘോരമായ അജ്ഞാനാന്ധകാരത്തെ  തരണം ചെയ്യാമല്ലോയെന്ന് ആശിച്ചു

ഭഗവാൻ മാതാവിനോട് ഇപ്രകാരം അരുളി ചെയ്തു.  മുമ്പ് ദേവിയും രാജനും ഭഗവാനേ പുത്രനായി ലഭിക്കാൻ തപസ്സു ചെയ്തു കൊണ്ടും , ഭൂഭാരഹരണാർത്ഥം രാവണവധത്തിനായി ബ്രഹ്മാവിനാൽ പ്രാർത്ഥിക്കപ്പെടുകയാലും അവിടുത്തെ പുത്രനായി അവതരിച്ചു.  മുമ്പ് ചെയ്ത തപസ്സിന്റെ ഫലമായി മോഷസാധകവും സുദുർല്ലഭവുമായ ഈ ദർശനം ലഭിക്കുകയുണ്ടായി. ഈ സംവാദം വായിക്കുകയോ കേൾക്കുകയോ ചെയ്യുന്ന യാതൊരു വ്യക്തിക്കും മരണസമയത്ത് ഭഗവൽ സൃമ്തിയുണ്ടാകുകയും അവർക്ക് മോഷംലഭിക്കുകയും ചെയ്യും

ഇപ്രകാരം അരുളി ചെയ്തശേഷം ബാലഭാവം പൂണ്ട ഭഗവാൻ കരയാൻ തുടങ്ങി. തനിക്ക് പുത്രലാഭമുണ്ടായതറിഞ്ഞ ദശരഥ രാജൻ ആഹ്ളാദവനായി വസിഷ്ഠ മഹർഷിയോടെപ്പം എത്തി ബാലകനുളള ജാതകർമ്മാദി കാര്യങ്ങൾ ചെയ്യിച്ചു. അതിനുശേഷം കൈകേയി ഭരതനെയും സുമിത്ര ലക്ഷമണശത്രുഘ്നന്മാരായ ഇരട്ടകുട്ടികളെയും പ്രസവിച്ചു. രാജാവ് അനേകം ദാനങ്ങൾ നല്കുകയുണ്ടായി. അജ്ഞാനം വെടിഞ്ഞ് വിജ്ഞാനമാർഗ്ഗത്തിൽ സഞ്ചരിക്കുന്ന മുനികളും ഭക്തരും ഇവനിൽ രമിക്കയാൽ ആ ബാലന് രാമൻ എന്ന് തിരുനാമം നല്കി വസിഷ്ഠൻ. ഭരണനിപുണനായ കൈകേയി പുത്രനെ ഭരതനെന്നും സുലക്ഷണസമ്പന്നമായ ഒരു സുമിത്രാ പുത്രനെ ലക്ഷ്മണൻ എന്നും ശത്രുക്കളെ ഹനിക്കാൻ ത്രാണിയുളള മറ്റൊരു പുത്രന് ശത്രുഘ്നനെന്നും നാമകരണം നടത്തി. പായസാംശം ഭുജിച്ച രീതിയനുസരിച്ച് ലക്ഷ്മണൻ ശ്രീരാമന്റെയും ശത്രുഘ്നൻ ഭരതന്റെയും സന്തത സഹായികളായിത്തീർന്നു. ബാലലീലകളാൽ മാതാപിതാക്കളെ സന്തോഷിപ്പിച്ച് കഴിഞ്ഞ ബാലകന്മാർക്ക് വസിഷ്ഠമഹർഷി ഉപനയനാദി സംസ്ക്കാരങ്ങൾ നടത്തി സർവ്വ വിദ്യകളും അഭ്യസിപ്പിച്ചു

ശ്രീരാമകുമാരൻ നിത്യവും വില്ലും അമ്പും ധരിച്ച് അശ്വാരൂഢനായി ലക്ഷ്മണനോടോപ്പം വനത്തിൽ നായാട്ടിനു പോകുകയും പ്രാതഃകാലങ്ങളിൽ സ്നാനാദിനിത്യകർമ്മങ്ങൾ കഴിച്ച് മാതാപിതാക്കളെ വന്ദിച്ച് വിനായന്വതിനായി പൗരകാര്യങ്ങൾ നിർവ്വഹിക്കും. മുനിജനങ്ങളിൽ നിന്നും ധർമ്മശാസ്ത്രരഹസ്യങ്ങൾ ശ്രവിക്കും.  ഇപ്രകാരം മനുഷ്യാവതാരമെടുത്ത വികാരരഹിതനായ പരമാത്മാവ് മനുഷ്യലോകാനുസാരിയായ കാര്യങ്ങൾ അനുഷ്ഠിച്ചുകൊണ്ടിരുന്നു

തുടരും ....

✍ കൃഷ്ണശ്രീ 

𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

No comments:

Post a Comment