അദ്ധ്യാത്മ രാമായണം -പതിനൊന്നാം ദിവസം
▬▬▬▬▬▬
വിരാധവധം
ആ ദിവസം രാത്രി അത്ര്യാശ്രമത്തിൽ താമസിച്ചശേഷം , പിറ്റേന്ന് പ്രഭാതത്തിൽ ശ്രീരാമൻ മുനിയോട് പറയുകയുണ്ടായി തങ്ങൾ ദണ്ഡകാരണ്യത്തിലേക്ക് പുറപ്പെടുകയാണെന്നും അതിനായി അവിടുന്ന് ആജ്ഞനല്കുകയും വഴി കാണിച്ചു തരുന്നതിനായി ശിഷ്യന്മാരെ നിയോഗിക്കുകയും വേണം. രാമവാക്യം കേട്ട് അത്രിമഹർഷി ശ്രീരാമനോട് ഇപ്രകാരം പറഞ്ഞു. എല്ലാവരുടെയും മാർഗ്ഗദർശിയും ദേവകൾക്ക് പോലും ആശ്രയവുമായ ഭവാന് ആരാണ് വഴികാട്ടിത്തരിക? എങ്കിലും ലൗകീകത്തിനുവേണ്ടി ഭവാന് വഴികാട്ടിത്തരാം. അനന്തരം ശിഷ്യന്മാർക്ക് വേണ്ടുന്ന നിർദ്ദേശം കൊടുത്ത് മഹർഷി തന്നെ കുറച്ചു ദൂരം രാമനെ അനുഗമിച്ച് ശേഷം ശ്രീരാമന്റെ ഇംഗിതമനുസരിച്ച് സ്വാശ്രമത്തിലേക്ക് മടങ്ങുകയും ചെയ്തു.
രാമലക്ഷമണന്മാർ സീതാസമേതം മുനിശിഷ്യരുമായി കുറച്ചു ദൂരം ചെന്നപ്പോൾ ഒരു നദി കാണുകയും, മുനിശിഷ്യർ തോണിയിൽ കയറ്റി അവരെ അക്കരെ എത്തിക്കുകയും ചെയ്തു. ശേഷം മുനിശിഷ്യർ ആശ്രമത്തിലേക്ക് മടങ്ങി.
അനന്തരം അവർ മൂന്നു പേരും വന്യമൃഗങ്ങൾ നിറഞ്ഞതും ഘോര രാക്ഷസന്മാർ ഉള്ളതുമായ ഭയങ്കരവനത്തിലേക്ക് കടന്നു. അപ്പോൾ ശ്രീരാമൻ ലക്ഷ്മണനോട് ഇനി വളരെ ശ്രദ്ധയോടെ , അമ്പും വില്ലുമെടുത്ത് ജാഗ്രതയോടുകൂടിയിരിക്കുക. മുന്നിൽ നടക്കുന്ന എനിക്ക് പിന്നിൽ നീയും , നമ്മുടെ മദ്ധ്യത്തിലായി ജീവാത്മാവിന്റെയും പരമാത്മാവിന്റെയും നടുവിൽ മായയെന്ന പോലെ സീതയും എല്ലായിടവും ശ്രദ്ധിച്ച് യാത്ര ചെയ്യണം. അരയോജന പിന്നിട്ടപ്പോൾ കണ്ട താമരപൊയ്കയിൽ ശുദ്ധജലം പാനം ചെയ്ത് അടുത്തുള്ള വൃക്ഷത്തണലിൽ വിശ്രമിച്ചു.
ആ സമയത്ത് അവർ , ഇടത്തേ തോളിൽ അനേകം മനുഷ്യരെ കൊരുത്തിട്ട ഒരു ശൂലവും ആന, സിംഹം എന്നിവയെ ഭക്ഷിച്ചും കൊണ്ട് ഒരു ഭീകര രാക്ഷസൻ വരുന്നതു കണ്ടു. അതു കണ്ട് സീതയോട് ഭയപ്പെടേണ്ടയെന്നും ലക്ഷ്മണനോട് വില്ല് കുലച്ച് ഒരുങ്ങി നില്ക്കാനും രാമൻ പറഞ്ഞു. രാക്ഷസൻ രാമനോട് ചോദിച്ചു ബാണതുണീരങ്ങളും കൈയ്യിലേന്തി ജടാവല്ക്കലധാരികളായ നിങ്ങൾ ആരാണ്? നിങ്ങളുടെ കൂടെയുള്ള സ്ത്രീ ആരാണ്? ഈ കാട്ടിൽ എന്തിനുവന്നു. അതിന് മറുപടിയായി രാമൻ പറഞ്ഞു താൻ ദാശരഥിയായ രാമനാണെന്നും ഇവൻ പ്രിയസോദരനായ ലക്ഷ്മണനും ഇവൾ പത്നിയായ സീതയുമാണെന്നും, നിങ്ങളെ പോലുള്ളവരെ ശിക്ഷിക്കാനായി പിതൃവാക്യത്തെ മാനിച്ച് വനത്തിലേക്ക് വന്നതാണെന്നും പറഞ്ഞു.
അതു കേട്ട് രാക്ഷസൻ പറഞ്ഞു താൻ ലോകപ്രസിദ്ധനായ വിരാധനാണെന്നും, തന്നെ ഭയപ്പെട്ട് മുനിജനങ്ങൾ പോലും ഈ വനം വിട്ട് ഓടി പോയെന്നും , ജീവിക്കാൻ കൊതിയുണ്ടെങ്കിൽ സീതയെയും ആയുധങ്ങളും ഉപേക്ഷിച്ച് ഓടിപ്പൊയ്ക്കൊളളാകയെന്നും പറഞ്ഞു അട്ടഹാസത്തോടെ സീതയുടെ നേർക്ക് അടുത്തു. പെട്ടെന്ന് തന്നെ ശ്രീരാമൻ ബാണമെയ്ത് അവന്റെ രണ്ടു കൈകളും മുറിച്ചു. കോപത്തോടെ രാക്ഷസൻ ഓടിയടുത്തപ്പോൾ ശ്രീരാമൻ അവന്റെ രണ്ടു കാലുകളും മുറിച്ചു. ശേഷം അവന്റെ ശിരസ്സും മുറിച്ചു. ഇതു കണ്ട് ആകാശത്തിൽ ദേവകൾ ദുന്ദുഭി മുഴക്കി. അപ്സരസ്സുകൾ നൃത്തം ചെയ്തു. ഗന്ധർവ്വന്മാർ ഗാനാലാപം ചെയ്തു. ആ സമയം വീരാധന്റെ ശരീരത്തിൽ നിന്നും സുന്ദരമായ ഒരു രൂപം ആകാശത്തിൽ പ്രത്യക്ഷപ്പെട്ട് ശ്രീരാമനെ സ്തുതിച്ച് ദണ്ഡനമസ്ക്കാരവും ചെയ്തു. ശേഷം താൻ വിദ്യാധരനാണെന്നും ദുർവ്വാസാവ് മഹർഷിയുടെ ശാപം നിമിത്തം രാക്ഷസനായതാണെന്നും ഇപ്പോൾ ശാപമോക്ഷം ലഭിച്ചു എന്നും പറഞ്ഞു. എന്നും ഭഗവാനിൽ ഭക്തിയുണ്ടാകണമെന്നും പ്രാർത്ഥിച്ചു. ഇനി ദേവലോകത്തേയ്ക്ക് പോകാൻ അനുവാദം നല്കണമെന്നും മഹാമായ മോഹിപ്പിക്കാതിരിക്കാൻ അനുഗ്രഹിക്കണമെന്നും അപേക്ഷിച്ചു. ഭഗവാന്റെ ദർശനത്താൽ മുക്തനും ജ്ഞാനിയും ശ്രേഷ്ഠനുമായി തീർന്ന വ്യക്തിയെ മഹാമായ മോഹിപ്പിക്കില്ലന്നു പറഞ്ഞു രാമൻ വിദ്യാധരനെ യാത്രയാക്കി.
അനന്തരം ശ്രീരാമൻ സീതാ ലക്ഷ്മണന്മാരോടു കൂടി ശരഭംഗമുനിയുടെ തപോവനത്തിലെത്തി. വളരെക്കാലമായി ഭവദ്ദർശനം കാംഷിച്ചു തപസ്സനുഷ്ഠിക്കുകയായിരുന്നു എന്ന് പറഞ്ഞ് മഹർഷി രാമനെ പൂജിച്ച് ആസനത്തിലിരുത്തി ഫലമൂലാദികളാൽ ആതിത്ഥ്യമരുളി. അനന്തരം വിരക്തനായ മഹർഷി തന്റെ പുണ്യഫലമെല്ലാം ശ്രീരാമനിലർപ്പിച്ച് സീതാസമേതനായ രാമനെ പ്രണമിച്ച് , സീതാസമേതനായ രാമചന്ദ്രൻ ഹൃദയത്തിൽ വസിക്കണമെന്ന് പറഞ്ഞു ധ്യാനിച്ചശേഷം അഗ്നി ജ്വലിപ്പിച്ചു പഞ്ചഭൂതാത്മീമായ ദേഹം അതിൽ ദഹിപ്പിച്ചിട്ട് ദിവ്യമായ ശരീരം ധരിച്ച് കൊണ്ട് സാക്ഷാൽ ജഗദീശ്വരന്റെ പരമമായ പദത്തെ പ്രാപിച്ചു.
അനന്തരം ദണ്ഡകാരണ്യവാസികളായ മുനിജനങ്ങളെല്ലാം ശ്രീരാമനെ ദർശിക്കാൻ എത്തുകയും രാമസീത ലക്ഷ്മണന്മാർ അവരെ യഥാവിധി വന്ദിക്കുകയും ചെയ്തു. ബ്രഹ്മാവിനാൽ പ്രാർത്ഥിക്കപ്പെട്ട് ഭൂഭാരഹരണത്തിനായിയെത്തിയ പരമാത്മാവാണ് രാമനന്നറിഞ്ഞ് തങ്ങളുടെ ദുഃഖം ദുരീകരിക്കണമെന്ന് മുനിമാർ അഭ്യർത്ഥിച്ചു. ശ്രീരാമൻ അവരുടെ കൂടെ തപോവനങ്ങൾ ദർശിക്കുകയും കൂട്ടിയിട്ടിരിക്കുന്ന തലയോടുകളും അസ്ഥികൂടങ്ങളും കണ്ട് ഇതെന്തു കൊണ്ടാണ് എന്ന് തിരക്കുകയും ചെയ്തു. ഇതെല്ലാം സമാധിസ്ഥരായിരിക്കുന്ന മുനിമാരെ രാക്ഷസന്മാർ ഭക്ഷിച്ചതാണെന്ന് പറഞ്ഞു. ഇതു കേട്ട് ശ്രീരാമൻ അശേഷരക്ഷോനിധനം പ്രതിജ്ഞ ചെയ്തു. മുനികളാൽ പൂജിതനായി കുറച്ചു വർഷം അവിടെ താമസിച്ച ശേഷം സുതീക്ഷണാശ്രമത്തിൽ പ്രവേശിച്ചു.
ശ്രീരാമൻ വന്നതറിഞ്ഞ് അഗസ്ത്യശിഷ്യനും രാമമന്ത്രോപസാകനുമായ സുതീക്ഷണ മഹർഷി സ്വയം വന്ന് രാമനെ പൂജിച്ച് സ്തുതിച്ച് തന്റെ മുന്നിൽ കാണായ് വന്ന ഈ രൂപം സദാകാലവും ഹൃദയത്തിൽ പ്രകാശിക്കണമേയെന്ന് പ്രാർത്ഥിച്ചു. അനന്തരം ശ്രീരാമൻ മഹർഷിയോട് ഇപ്രകാരം അരുളി ചെയ്തു. "ഹേ, മഹർഷേ അങ്ങയുടെ ഭക്തിയറിഞ്ഞാണ് താൻ ആഗതനായതെന്നും തന്നെ ശരണം പ്രാപിച്ചവരും നിരപേക്ഷരുമായവർക്ക് താൻ സദാ ദൃശ്യനാണെന്നും പറഞ്ഞു. ഭവാന്റെ ഗുരുനാഥനും താപസോത്തമനുമായ അഗസ്ത്യമഹർഷിയെ ദർശിക്കുവാനും കുറച്ചു നാൾ അവിടെ താമസിക്കാനും ആഗ്രഹമുണ്ട് , എന്നു പറഞ്ഞു ശ്രീരാമൻ. ഇതു കേട്ട് , കുറച്ചു നാളായി താനും ഗുരുനാഥനെ കണ്ടിട്ട് നാളെ കാലത്ത് തന്നെ അവിടേക്ക് യാത്രയാകാം എന്ന് മഹർഷി പറഞ്ഞു.
തുടരും ....
✍ കൃഷ്ണശ്രീ
No comments:
Post a Comment