അദ്ധ്യാത്മ രാമായണം -പന്ത്രണ്ടാം ദിവസം
അഗസ്ത്യസന്ദർശനം
അനന്തരം മദ്ധ്യാഹ്നമായപ്പോൾ സുതീക്ഷണനോടും, ജാനകിയോടും ലക്ഷ്മണനോടും കൂടെ ശ്രീരാമൻ അഗസ്ത്യസഹോദരനായ അഗ്നിജിഹ്വന്റെ ആശ്രമത്തിലെത്തി. അദ്ദേഹത്താൽ യഥാവിധി സംപൂജിതരായ അവർ അന്നവിടെ താമസിച്ചശേഷം പിറ്റെദിവസം യാത്ര പുറപ്പെട്ട് നന്ദനവനത്തിനു തുല്യമായതും, ദേവർഷിമാരാലും ബ്രഹ്മർഷിമാരാലും സേവിക്കപ്പെടുന്നതും ഒട്ടനവധി മഹർഷിമാരുടെ ആശ്രമങ്ങളാൽ ചുറ്റപ്പെട്ടതും മറ്റൊരു ബ്രഹ്മലോകത്തിനൊത്തതുമായ അഗസ്ത്യാശ്രമത്തിൽ എത്തിച്ചേർന്നു.
ആശ്രമത്തിനു പുറത്തു നിന്നു കൊണ്ട് സുതീക്ഷണ മഹർഷിയോട് തന്റെ ആഗമനം അഗസ്ത്യമഹർഷിയെ അറിയിക്കാൻ പറഞ്ഞു. സുതീക്ഷണ മഹർഷി തന്റെ ഗുരുകൂടിയായ അഗസ്ത്യ മഹർഷിയെ സാഷ്ടാംഗം നമസ്കരിച്ച് സീതാദേവിയോടും അനുജനോടുമൊപ്പം ശ്രീരാമൻ ആഗതനായിട്ടുണ്ടെന്നും ആശ്രമ കവാടത്തിൽ അനുവാദത്തിനായി കാത്തു നില്ക്കുകയാണെന്നും അറിയിച്ചു. വേഗം തന്നെ അവരെ കൂട്ടികൊണ്ടു വരാൻ മഹർഷി പറഞ്ഞു. ശേഷം ശ്രീരാമ സവിധത്തിലേക്ക് ചെന്ന് ശ്രീരാമനോട് പറഞ്ഞു ഹേ രാമാ അങ്ങയെ ദർശിക്കയാൽ ഇന്ന് എന്റെ ദിവസം ധന്യമായി. മഹർഷിയെ ദർശിച്ച ശ്രീരാമൻ അനുജനോടും പത്നിയോടുമൊപ്പം ദണ്ഡനമസ്ക്കാരം ചെയ്തു. അദ്ദേഹം രാമനെ എഴുന്നേല്പ്പിച്ച് ആലിംഗനം ചെയ്തു. രാമന്റെ ഗാത്രസ്പർശത്താൽ ആനന്ദ ചിത്തനായ മഹർഷിയുടെ നേത്രങ്ങൾ ആനന്ദത്താൽ നിറഞ്ഞു. അനന്തരം മഹർഷി രാമദികൾക്ക് ഫലമൂലാദികൾ നല്കി സല്ക്കരിച്ചു. ശേഷം അഗസ്ത്യ മഹർഷി ശ്രീരാമനോട് ഇപ്രകാരം പറഞ്ഞു. രാവണനെ വധിച്ചു ഭൂഭാരം തീർക്കാനായി, ക്ഷീരസമുദ്രതീരത്ത് വന്നു ബ്രഹ്മാവ് അർത്ഥിച്ചതു മുതൽ താൻ ഇവിടെ വന്ന് തപസ്സു ചെയ്യുകയാണെന്നു പറഞ്ഞു. " ലോകസൃഷ്ടിക്കു മുമ്പും അങ്ങ് ഉണ്ടായിരുന്നു. നിർഗുണനായ ഭവാനെ വേദാന്തികൾ അവ്യാകൃതനെന്നു പറയുന്നു. ചിലർ മൂലപ്രകൃതിയെന്നും ചിലർ അവിദ്യയെന്നും പറയുന്നു. വിരാട് പരുഷനായ അങ്ങിൽ നിന്നും കാലത്തിനും കർമ്മത്തിനും ക്രമാനുസരണമായി ജഗത്തിലുളള സകല സാവരജംഗമങ്ങളും ദേവതിര്യങ്ങ് മാനുഷ്യരും ഉണ്ടായി വന്നു. രജോഗുണത്തിൽ നിന്നുണ്ടായ, ജഗത്തിന് കാരണഭൂതനായ ബ്രഹ്മാവും , സത്വഗുണത്തിൽ നിന്നുണ്ടായ ലോകപാലകനായ വിഷ്ണുവും തമോഗുണത്തിൽ നിന്നുണ്ടായ സംഹാരകർത്താവായ രുദ്രനും ഭവാൻ തന്നെയാണ്. ഭവാൻ സൃഷ്ടിലീല ചെയ്യുവാൻ എപ്പോൾ ഇച്ഛിച്ചുവോ , അപ്പോൾ മായയെ അംഗീകരിച്ച് ഗുണാന്വിതനെപ്പോലെയാകുന്നു. യാതൊരുവർക്ക് സാധുക്കളും, സമചിത്തന്മാരും, നിസ്പൃഹരും, വിഗതൈഷണരും, ഭ്രാന്തന്മാരും, പ്രശാന്തന്മാരും , ഭവൽഭക്തന്മാരും, എല്ലാ കാമങ്ങളിൽ നിന്നും മുക്തി നേടിയ വരും, ഇഷ്ടാനിഷ്ട പ്രാപ്തികളിൽ സമാനഭാവമുളളവരും, നഷ്ടസംഗന്മാരും, എല്ലാ കർമ്മങ്ങളും സംന്യസിച്ചവരും, സർവ്വദാ ബ്രഹ്മതല്പരരും, യമനിയാദിഗുണാന്വിതരും, കിട്ടിയതുകൊണ്ട് സന്തുഷ്ടന്മാരുമായ സത്തുക്കളുമായി എപ്പോൾ സംഗം സംഭവിക്കുന്നുവോ അപ്പോൾ അവർക്ക് ഭവൽകഥകൾ ശ്രവിക്കുന്നതിനുളളൂ താല്പര്യം ഉണ്ടാകുന്നു. അനന്തരം സനായനനായ അങ്ങയിൽ ഭക്തിയുണ്ടായാൽ സ്ഫുടവും പ്രചുരവുമായ വിജ്ഞാനം ഉദിക്കുന്നു. ഇതുതന്നെയാണ് ചതുരജനസേവിതമായ മുക്തിക്കുളള ആദ്യമാർഗ്ഗം. ആകയാൽ എന്നും ഭഗവാനിൽ പ്രേമലക്ഷണമായ സദ്ഭക്തിയുണ്ടാകണേയെന്നു മഹർഷി പ്രാർത്ഥിച്ചു. ഭഗവാൻ സദാകാലവും സീതാസമേതനായി ഹൃദയത്തിൽ വസിക്കണമേ. നടക്കുമ്പോഴും നില്ക്കുമ്പോഴും സദാസമയവും അങ്ങയുടെ സ്മരണയുണ്ടാകണേ.
ശ്രീരാമനേ ഇപ്രകാരം സ്തുതിച്ചിട്ട് മഹർഷി ശ്രേഷ്ഠൻ പണ്ട് ഇന്ദ്രനാൽ നിക്ഷിപ്തമായ ചാപവും അമ്പൊഴിയാത്ത രണ്ടു ആവനാഴിയും രത്നവിഭൂഷിതമായ ഒരു ഖഡ്ഗവും നല്കി. ഭൂമിക്ക് ഭാരമായ രാക്ഷസന്മാരെ വധിച്ചാലുമെന്ന് പറഞ്ഞു. ശേഷം രണ്ടു യോജന ദൂരത്ത് ഗൗതമീതടത്തിൽ പഞ്ചവടിയെന്നു പേരായ പുണ്യകാനനഭൂമിയുണ്ടെന്നും ശേഷിച്ച കാലം അവിടെ താമസിച്ചു ദേവകാര്യങ്ങളെല്ലാം നിവർത്തിക്കണമെന്നും മഹർഷി പറഞ്ഞു. അനന്തരം ശ്രീരാമൻ സീതാലക്ഷ്മണ സമേതം മഹർഷി കാണിച്ച മാർഗ്ഗത്തിലൂടെ യാത്രയായി.
അനന്തരം ശ്രീരാമൻ, സ്വന്തം മാർഗ്ഗത്തിൽ പർവ്വത ശിഖരം പോലെ സ്ഥിതിചെയ്യുന്നവനും വൃദ്ധനുമായ ജടായു എന്ന പക്ഷിയെ കണ്ടു രാക്ഷസനാണെന്ന് കരുതി ലക്ഷ്മണനോട് ധനുസ്സ് എടുക്കാൻ ആവശ്യപ്പെട്ടപ്പോൾ താൻ രാക്ഷസനല്ല എന്നും ദശരഥ സുഹൃത്തായ ജഡായു എന്ന കഴുകനാണെന്നും അങ്ങയ്ക്ക്ഇഷ്ടത്തെ ചെയ്ത് പഞ്ചവടിയിൽ വസിക്കുന്നതാണ്. രാമനും സസന്തോഷം അങ്ങനെയാകട്ടെ എന്ന് കല്പിച്ചു. അനന്തരം അവർ പഞ്ചവടിയിലെത്തി മനോഹരമായ ഒരു പർണ്ണശ്ശാല പണിയിച്ചു . ആ പർണ്ണശാലയിൽ സന്തോഷ പൂർവ്വം അധിവസിച്ചു. ലക്ഷ്മണൻ ഫലമൂലങ്ങൾ ശേഖരിച്ചു കൊണ്ട് വരും രാത്രിയിൽ ഉറങ്ങാതെ ആയുധധാരിയായി ജാഗ്രതയോടെ നില്ക്കും.
അങ്ങനെയിരിക്കെ ഒരു ദിവസം ഏകാന്തയിൽ ഇരിക്കുന്ന പരമാത്മാവായ ശ്രീരാമനോട് വിനയാന്വതനായി മോഷമാർഗ്ഗം സംക്ഷിപ്തമായി പറഞ്ഞു കേൾക്കാൻ ആഗ്രഹിക്കുന്നുയെന്ന് പറഞ്ഞു. " പരമരഹസ്യമായ ഈ ഉപദേശം ശ്രവിച്ചാലും. ആദ്യമായി മായാസ്വരൂപത്തെയും അതിൽ പിന്നെ ജ്ഞാനസാനനത്തെയും പിന്നെ വിജ്ഞാനയുക്തമായ ജ്ഞാനത്തെയും പിന്നീട് ജ്ഞേയമായ പരമാത്മാവിനെപ്പറ്റിയും ഉപദേശിക്കാം. ആത്മാവല്ലാത്ത ദേഹാദിവസ്തുക്കളിൽ ആത്മാവാണെന്ന ബോധം യാതൊന്നാണോ അതാണ് മായ. മായയ്ക്ക് വിഷേപം ആവരണം എന്നിങ്ങനെ രണ്ടു രൂപങ്ങൾ. ലിംഗാദി ബ്രഹ്മാന്തമായതും സ്ഥൂലസൂഷ്മഭേദങ്ങളോടു കൂടിയതുമായ, ജഗത്തിനെ കല്പ്പിക്കുന്നതുമാണ് വിക്ഷേപം . ആവരണശക്തിയാകട്ടെ സമ്പൂർണ്ണ ജ്ഞാനത്തെയും ആവരണം ചെയ്യുന്നു കയറിൽ പാമ്പെന്ന പോലെ മായയാൽ വിശ്വം കൽപ്പിക്കപ്പെടുന്നു. മനുഷ്യരാൽ യാതൊന്നു ശ്രവിക്കപ്പെടുന്നുവോ ദർശിക്കപ്പെടുന്നുവോ സ്മരിക്കപ്പെടുന്നുവോ അവയെല്ലാം സ്വപ്നമനോരഥങ്ങളെ പോലെ അസത്യങ്ങളാണ്. സംസാരവൃഷത്തിന്റെ ദൃഢമായ മൂലമാണ് ദേഹം. സ്ഥൂലമായ പഞ്ചഭൂതങ്ങളും അഞ്ച് തന്മാത്രകളും അഹങ്കാരം, ബുദ്ധി, ദശേന്ദ്രിയങ്ങൾ , ചിതാഭാസം, മനസ്, മൂലപ്രകൃതി എന്നിവയെല്ലാം ചേർന്ന ക്ഷേത്രമാണ് ദേഹമെന്ന് പറയപ്പെടുന്നത്. ഇവയിൽ നിന്നെല്ലാം വേറിട്ട് നില്ക്കുന്നതാണ് പരാമാത്മാവായ ജീവൻ. ജീവനും പരമാത്മാവും പര്യായശബ്ദങ്ങളാണ്. അവ രണ്ടും തമ്മിൽ ഭേദമില്ല. മാനം, ഡംഭം, ഹിംസ തുടങ്ങിയവയെ വർജ്ജിക്കുക. അന്യപേക്ഷാദികൾ സഹിക്കുക ആർജ്ജവം മനോവാക്കാദികളിൽ സദ്ഭക്തിയോടുളള സദ്ഗുരുശുശ്രൂക്ഷ, ബാഹ്യാന്തരസംശുദ്ധി , സൽകർമ്മങ്ങളിൽ സ്ഥൈര്യം, മനോവാക്കായസംയമനം , വിഷയങ്ങളിൽ വൈമുഖ്യം, നിരഹങ്കാരത, ജനനമരണാദീകളെപ്പറ്റിയുളള വിചാരം, പുത്രധരാധനാദിയിൽ നിസ്നേഹത്വം , സക്തിയില്ലായ്മ , ഇഷ്ടാനിഷ്ടങ്ങളിൽ മനസ്സിനുളള സമഭാവന, സർവ്വാത്മാവിൽ അനന്യവിഷയമായ ബുദ്ധി, ജനസംബോധനരഹിതവും പവിത്രമായ സ്ഥലത്ത് താമസം, പ്രാകൃതജനസംഘങ്ങളുമായി സംസർഗ്ഗമില്ലായ്മ എന്നിവ ഉണ്ടായിരിക്കണം. എല്ലായ്പ്പോഴും ആത്മസംബന്ധിയായ പ്രവർത്തികളും വേദാന്തവാക്യാർത്ഥവലോകനവും ചെയ്യണം. ബുദ്ധി, മനസ് , പ്രാണൻ , ദേഹം , അഹങ്കാരം എന്നിവയിൽ നിന്നും വിഭിന്നമായി നിത്യശുദ്ധനും ബുദ്ധനും ചിദാത്ഭാവുമായ പരമാത്മാവ് സ്ഥിതി ചെയ്യുന്നു വെന്നത് നിശ്ചയം ആചാര്യന്മാരിൽ നിന്നും ശാസ്ത്രങ്ങളിൽ നിന്നുള്ള ഉപദേശങ്ങളിൽ നിന്ന് ലഭിക്കുന്ന ജീവാത്മാ പരമാത്മാ ഒന്നെന്ന ജ്ഞാനം എപ്പോൾ ഉണ്ടാകുന്നുവോ ആ സമയത്ത് മൂലമായ അവിദ്യാകാരണങ്ങളും കൂടിച്ചേർന്ന് പരമാത്മാവിൽ ലയിക്കുന്നു. ഈ അവസ്ഥയാണ് മുക്തി .എന്നാൽ ഭക്തിയില്ലാത്തവർക്ക് ഇത് ദുർലഭമാണ്.
എപ്രകാരം നേത്രത്താൽ രാത്രിയിൽ പാദങ്ങൾ കാണാതെയും വിളക്കു കൈയ്യിലുളളവർക്ക് നന്നായി കാണുകയും ചെയ്യുന്നുവോ അപ്രകാരം ഭക്തിയുളളവരുടെ ആത്മാവ് നന്നായി പ്രകാശിക്കുന്നു. ഭക്തമാരുമായുളള സംസർഗ്ഗം അവരുടെ സേവ ഏകാദശി മുതലായ ഉപവാസം ഭഗവൽ കഥകൾ ശ്രവിക്കുന്നതിനും പാരായണം ചെയ്യുന്നതിനും വ്യാഖ്യാനം ചെയ്യുന്നതിനുമുളള താല്പര്യം ഭഗവാൽ പൂജയും നാമംങ്കീർത്തനം ചെയ്യുക എന്നതാണ് ഭക്തിയിലേക്കുളള മാർഗ്ഗം. യാതൊരുവൻ ഇതിൽ മനസ്സുവയ്ക്കുന്നുവോ അവൻ മുക്തിക്ക് പാത്രമായി തീരും." ഈ ഉപദേശം ശ്രദ്ധയാ ആചരിക്കുന്നവർക്ക് മുക്തി ലഭിക്കുമെന്ന് ശ്രീരാമൻ പറഞ്ഞു.
തുടരും ....
✍ കൃഷ്ണശ്രീ
No comments:
Post a Comment