Sunday, August 1, 2021

അദ്ധ്യാത്മ രാമായണം പതിനാറാം ദിവസം

അദ്ധ്യാത്മ രാമായണം പതിനാറാം ദിവസം    

കബന്ധഗതി , ശബരീമോഷം
 
അനന്തരം ശ്രീരാമൻ ലക്ഷ്മണസമേതനായി സീതാന്വേഷണതല്പരനായി വനാന്തരം പ്രവേശിച്ചു.  അവിടെ ഒരു വിചിത്രരാക്ഷസനെ കാണുകയുണ്ടായി . വക്ഷസിൽ തന്നെ വിസ്താരമേറിയ വക്ത്രത്തോടുകൂടിയവനും  ചക്ഷുസ്സ്, കർണ്ണങ്ങൾ  എന്നിവയില്ലാത്തവനും യോജനായതങ്ങളായ രണ്ടു ബാഹുക്കളോടു കൂടിയവനും,  സർവ്വജീവജാലങ്ങളെ ഹിംസിക്കുന്നവനുമായ കബന്ധനെന്നു പേരായ ദൈത്യേന്ദ്രനായിരുന്നു. അവൻറെ നീണ്ട ബാഹുക്കൾക്കിടയിലായി രാമലക്ഷമണന്മാർ. അതു കണ്ട് രാമൻ ലക്ഷ്മണനോട് പറഞ്ഞു തലയും കാലുകളുമില്ലാത്ത വക്ഷസ്സിൽ മുഖത്തോടു കൂടിയ ഈ രാക്ഷസൻ ഇവന്റെ ബാഹുക്കളിൽ എന്ത് ലഭിക്കുന്നുവോ അതാവും ഭക്ഷിക്കുക. നമ്മളും ഇവന്റെ കൈയ്യിൽ കുടുങ്ങി പോകാൻ വേറെ മാർഗമില്ലാതെ . ഇവൻ നമ്മെയും ഭക്ഷിക്കും. അതു കേട്ട് ലക്ഷ്മണൻ രാമനോട് ,  പരിഭ്രമിയാതെ ഇവന്റെ ഇരുകരങ്ങളും ഛേദിക്കാമെന്ന് പറഞ്ഞു വാളാൽ ലക്ഷ്മണൻ ഇടതുകരവും രാമൻ വലതുകരവും ഛേദിച്ചു

അപ്പോൾ വിസ്മയത്തോടെ ആ രാക്ഷസൻ തന്റെ കരങ്ങൾ ഛേദിച്ഛ നിങ്ങൾ ആരാണ് എന്ന് ചോദിച്ചു. താൻ ദാശരഥിയായ രാമനാണെന്നും ഇവൻ സഹോദരനായ ലക്ഷ്മണനാണെന്നും ജനകജയും തന്റെ പത്നിയുമായ സീതയെ എതോ രാക്ഷസൻ അപഹരിച്ചു കൊണ്ട് പോയിയെന്നും സീതയെ തിരഞ്ഞു വന്ന തങ്ങൾ പ്രാണരാക്ഷാത്ഥമാണ് കരങ്ങൾ ഛേദിച്ചതെന്നും പറഞ്ഞു.  ബീഭത്സരൂപിയായ നീ ആരാണ് എന്നും ആരാഞ്ഞു രാമൻ.

അപ്പോൾ കബന്ധൻ പറഞ്ഞു. തന്റെ അടുത്തെത്തിയത് രാമനാണെങ്കിൽ താൻ ധന്യനായി. " ഗന്ധർവ്വരാജനായിരുന്ന ഞാൻ  യൗവ്വനത്താലും സൗന്ദര്യത്താലും ബ്രഹ്മാവിൽ നിന്നും അവധൃത്വം എന്ന വരം നേടിയതിനാലും ദർപ്പിതനായി തീർന്നു. ഒരിക്കൽ അഷ്ടവക്ര മഹർഷിയെ കണ്ടിട്ട് അദ്ദേഹത്തെ പരിഹസിച്ചു.  അദ്ദേഹം ' നീ ഒരു രാക്ഷസനായി ഭവിക്കട്ടെ' എന്ന് ശപിച്ചു.  ശാപം കേട്ട് അദ്ദേഹത്തെ സ്തുതിച്ച് ശാപമോക്ഷത്തിനപേക്ഷിച്ചപ്പോൾ ത്രേതായുഗത്തിൽ നാരയണൻ ദാശരഥിയായി ജനിച്ചു വനവാസത്തിന് വരുമ്പോൾ തന്റെ ശതയോജന നീളമുള്ള ബാഹുക്കൾ ഛേദിക്കും അപ്പോൾ ശാപമോക്ഷം ലഭിക്കുമെന്നു പറഞ്ഞു. ഇങ്ങനെ രാക്ഷസ രൂപം പൂണ്ട് നടക്കുമ്പോൾ , ഒരിക്കൽ ക്രുദ്ധനായി ദേവേന്ദ്രന്റെ പുറകെ ഓടി അദ്ദേഹം വജ്രായുധത്താൽ ശിരസ്സിൽ താഡിച്ചു. ബ്രഹ്മ ദത്തമായ വരത്താൽ മൃത്യു സംഭവിച്ചില്ല. എന്നാൽ ശിരസ്സും പാദങ്ങളും കുക്ഷിയിലേക്കിറങ്ങിപോയി. വായില്ലാതെ എങ്ങനെ ജീവിക്കുമെന്ന് ഇന്ദ്രനോട് കേട്ടപ്പോൾ,  വായ് ജഠരത്തിലുണ്ടാകുമെന്നും ബാഹുക്കൾക്ക് ഓരോ യോജന നീളമുണ്ടാകുമെന്നും പറഞ്ഞു. അങ്ങനെ ബാഹുക്കളിൽ തടയുന്ന വന്യജീവികളെ ഭക്ഷിച്ചു ജീവിച്ചു. "  ശേഷം കബന്ധൻ തന്നെ ചിതകൂട്ടി ദഹിപ്പിക്കണമെന്നും അഗ്നിയിൽ ദഹിച്ചു കഴിഞ്ഞാൽ പൂർവ്വ രൂപം പ്രാപിച്ച് സീതാമാർഗ്ഗത്തെ പറഞ്ഞു തരാമെന്നും  രാമനോട് പറഞ്ഞു . അപ്രകാരം ദഹിപ്പിച്ചപ്പോൾ സർവ്വാഭരണ വിഭൂക്ഷിതനായ സുന്ദര പുരുഷൻ ഉയർന്നു വന്ന് അഞ്ജലീ ബന്ധനായി ഭക്തിപൂർവ്വം  ശ്രീരാമനെ വന്ദിച്ചു കൊണ്ട് ഇപ്രകാരം സ്തുതിച്ചു.

" ഹേ, രാമചന്ദ്രാ! ഇപ്പോൾ എന്റെ മനസ്സ് ഭക്തിപാരവശ്യം നിമിത്തം അങ്ങയെ സ്തുതിക്കുന്നു. അങ്ങയുടെ സ്ഥൂലവും സൂക്ഷമവുമായ രണ്ടു ദേഹങ്ങളിൽ നിന്നും അങ്ങയുടെ ജ്ഞാനമയമായ സ്വരൂപം അത്യന്തം സൂക്ഷമമാണ്. ബുദ്ധിയുടെയും ആത്മാവിനുളള മിഥ്യാജ്ഞാനത്തിന്റെയും  ഐക്യം ജീവനെന്ന് പറയപ്പെടുന്നു. ബുദ്ധ്യാദി എല്ലാത്തിന്റെയും സാക്ഷി ബ്രഹ്മമാണ്. അങ്ങയുടെ സൂക്ഷമദേഹം ഹിരണ്യഗർഭവും സ്ഥൂലദേഹം വിരാഡ്രരൂപവുമാണ്. ഉത്തരഗുണങ്ങളായ ഏഴു മഹത്ത്വത്തവാദികളാൽ ആവൃതമായതും ബ്രഹ്മാണ്ഡകോശവുമായ അങ്ങയുടെ സ്ഥൂലശരീരത്തിൽ ധാരണയ്ക്ക് ആശ്രയമായ വിരാട് രൂപം സ്ഥിതി ചെയ്യുന്നു ( ബ്രഹ്മാണ്ഡത്തിന്റെ ആവരണം അതിനു പത്തിരട്ടിയുളള പൃഥിയും, പൃഥിയുടെ ആവരണം അതിനു പത്തിരട്ടിയുളള  ജലവും,  ജലത്തിന്റെ ആവരണം അതിനു പത്തിരട്ടിയുളള തേജസ്സും, തേജസ്സിന്റെ ആവരണം അതിനു പത്തിരട്ടിയുളള വായുവും , വായുവിന്റെ ആവരണം അതിനു പത്തിരട്ടിയുളള ആകാശവും, ആകാശത്തിന്റെ ആവരണം അതിനു പത്തിരട്ടിയുളള അഹങ്കാരവും അതിന്റെ ആവരണം മഹത്തത്ത്വവുമാണ്.) അങ്ങ് മാത്രമാണ് മോക്ഷ സ്വരൂപൻ. പതിനാലു ലോകങ്ങളും അങ്ങയുടെ അവയവങ്ങളാൽ സ്മരിക്കപ്പെടുന്നു. പാതാളം അങ്ങയുടെ പാദമൂലവും മഹാതലം മടമ്പുകളും രാസാതലം തലാതലം എന്നിവ ഞെരിയാണികളും സുതലം മുട്ടുകളും വിതലം അതലം എന്നിവ ഊരുക്കളും മഹീതലം ജഘനവും നാഭസ്ഥലം നാഭിയും സുരലോകം ഉരഃസ്ഥലവും മഹർലോകം കണ്ഠവും  ജനലോകം വദനവും തപോലോകം ശംഖദേശവും സത്യലോകം ശിരസ്സുമാകുന്നു. ഇന്ദ്രാദി ലോകപാലകന്മാർ അങ്ങയുടെ ബാഹുക്കളും ദിക്കുകൾ കർണ്ണങ്ങളും അശ്വനീദേവതമാർ നാസികകളും അഗ്നി മുഖവുമായി പറയപ്പെടുന്നു. സൂര്യൻ അങ്ങയുടെ ചക്ഷുസ്സും ചന്ദ്രൻ മനസ്സും കാലം ഭ്രൂഭംഗവും ബൃഹസ്പതി ബുദ്ധിയുമാണ്. രുദ്രൻ അങ്ങയുടെ അഹങ്കാര രൂപവുമാണ്. അവ്യയഛന്ദസ്സുകളാണ് അങ്ങയുടെ വചസ്സുകൾ. യമൻ അങ്ങയുടെ ദ്രംഷ്ടങ്ങളും നക്ഷത്രങ്ങൾ ദന്തപംക്തികളുമാണ്.  അങ്ങയുടെ മന്ദഹാസം മായയാണ്. കടക്കൺനോട്ടം സൃഷ്ടി, ലീല. ധർമ്മം അങ്ങയുടെ പുരോഭാഗവും അധർമ്മം പൃഷ്ഠഭാഗവുമാണ്. ദിനരാത്രങ്ങൾ അങ്ങയുടെ മിഴികൾ അടയ്ക്കലും തുറക്കലുമാണ്. സപ്തസമുദ്രങ്ങൾ അങ്ങയുടെ കുക്ഷിയാണ്. നദികൾ  അങ്ങയുടെ നാഡികളാണ് വൃക്ഷൗഷധികൾ രോമങ്ങളാണ്. വൃഷ്ടി അങ്ങയുടെ രേതസ്സും ജ്ഞാനശക്തി അങ്ങയുടെ മഹിമയുമാണ്. എപ്പോൾ അങ്ങയുടെ സ്ഥൂലരൂപത്തെ നരന്മാരാൽ മനസ്സ് ഉറപ്പിക്കുന്നുവോ അപ്പോൾ മുക്തി അനായസമായി ലഭ്യമാകുന്നു. ഹേ രാമ അവിടത്തെ രൂപം തന്നെ മനസ്സിൽ ധ്യാനിച്ച് കൊണ്ടിരിക്കാൻ കനിയേണമേ. പരമാത്മാവായ അങ്ങ് എന്നെ രക്ഷിച്ചാലും. അങ്ങയുടെ മായ എന്നെ മോഹിപ്പിക്കാതിരിക്കേണം."

ഇപ്രകാരമുള്ള ഗന്ധർവ്വ സ്തുതിയിൽ സന്തുഷ്ടനായ രാമൻ,  യോഗിഗമ്യവും സനാതനവുമായ പരമമായ സ്ഥാനത്തേക്ക് ഗമിച്ചാലുമെന്ന്  അരുളി ചെയ്തു.  യാതൊരുവൻ, മറ്റൊന്നിൽ ബുദ്ധി വയ്ക്കാത്തവരായി ഈ സ്തവം ജപിക്കുന്നുവോ, അവർ അജ്ഞാനസംഭൂതമായ സംസാരം വെടിഞ്ഞ് ജ്ഞാനസ്വരൂപനും നിത്യാനുഭവത്താൽ അനുമാനിക്കപ്പെടുവാൻ മാത്രം കഴിയുന്നവനുമായി പരാമാത്മാവിനെ പ്രാപിക്കും

അപ്പോൾ ആ ഗന്ധർവ്വൻ ഇപ്രകാരം പറഞ്ഞു.  ഇവിടെ നിന്നും കുറച്ച് അകലെയായി വൃദ്ധതപസ്വിനിയായ ശബരി വസിക്കുന്നു.  അങ്ങയുടെ പാദകമലത്തിൽ ഭക്തി വർദ്ധിച്ചു കുശലയായി കഴിയുന്ന അവർ സീതാവൃത്താന്തമെല്ലാം പറഞ്ഞു തരും. ശേഷം ശ്രീരാമനെ വന്ദിച്ച് ഗന്ധർവ്വൻ വിഷ്ണുപദത്തിലേക്ക് യാത്രയായി

അപ്രകാരം ശ്രീരാമൻ ശബരിയാശ്രമത്തിലേയ്ക്ക് യാത്രയായി.  ലക്ഷ്മണസമേതനായി  എത്തിച്ചേരുന്ന രാമനെ കണ്ടു പെട്ടെന്നെഴുന്നേറ്റ്, ആനന്ദാശ്രുക്കൾ നിറഞ്ഞ കണ്ണുകളോടെ നമസ്കരിച്ച്, ഇരിപ്പിടത്തിൽ ഇരുത്തി പാദങ്ങൾ കഴുകി ആ ജലം സ്വന്തം ദേഹത്തിൽ അഭിക്ഷേകം ചെയ്തു.  പീന്നീട് അർഘ്യാദികളാൽ പൂജിച്ച് ഏറ്റവും മധുരതരവും ദിവ്യങ്ങളുമായ ഫലങ്ങൾ  ഭക്തിപുരസ്സരം അദ്ദേഹത്തിന് സമർപ്പിച്ചു. ചന്ദനത്തോടു കൂടിയ സുഗന്ധപുഷ്പങ്ങളാൽ രാമപാദങ്ങളിൽ അർച്ചിച്ചു. അനന്തരം ഭക്തിപൂർവ്വം ഇപ്രകാരം പറഞ്ഞു.  ഈ ആശ്രമത്തിൽ തന്റെ ഗുരുഭൂതന്മാരായ മഹർഷിമാർ വസിച്ചിരുന്നു എന്നും അവരെ ശുശ്രൂഷിച്ച് താനും ഇവിടെ കഴിഞ്ഞുയെന്നും പറഞ്ഞു.  അവരെല്ലാം ബ്രഹ്മപദം പ്രാപിച്ചു പോകുന്ന അവസരത്തിൽ ഇപ്രകാരം പറഞ്ഞു.  രാക്ഷസ നിഗ്രഹത്തിനും മഹർഷിമാരെ രക്ഷിക്കാനുമായി പരമാത്മാവ് ദാശരഥിയായി ജനിച്ചിട്ടുണ്ടെന്നും, അദ്ദേഹം വരുന്നതുവരെ ദേഹസംരക്ഷണം നടത്തി ഇവിടെ ഒരു തപസ്വനിയായി കഴിയണമെന്നും . ശേഷം,  ദാശരഥിയെ കണ്ടു ദേഹം ദഹിപ്പിച്ച് അദ്ദേഹത്തിന്റെ പരമപദം പ്രാപിക്കുകയെന്നും പറഞ്ഞു . ഗുരു വാക്യമനുസരിച്ച് ധ്യാനത്തോടെ ഇത്രയും നാൾ കാത്തിരുന്നു.  ഗുരുക്കന്മാർക്കു പോലും ലഭിക്കാത്ത അങ്ങയുടെ ദർശനം മൂഢയും ഹീനജാതിയിൽ ജനിച്ചവളും സ്ത്രീയുമായ എനിക്ക്   ലഭിച്ചു. അങ്ങയുടെ നേരിട്ടുള്ള ദാസ്യത്തിനു പോലും അർഹയല്ലാത്തിവൾക്ക് അങ്ങയെ സ്തുതിക്കാൻ പോലും അറിയില്ല. എന്നിൽ പ്രസാദിക്കണേ ദേവദേവാ...

ശ്രീരാമദേവൻ അരുളി ചെയ്തു.  " പുരുഷത്വം, സ്തീത്വം, ജാതി, നാമം, ആശ്രമം എന്നിവയൊന്നും തന്നെ ഭജനത്തിന് വിശേഷകാരണമായി ഭവിക്കില്ല. യജ്ഞം, ജ്ഞാനം, തപസ്സ് എന്നിവയാലോ വേദാദ്ധ്യായനത്താലോ മൽഭക്തി വിമുഖന്മാർക്ക് ദർശനം സാധ്യമല്ല'

ഭക്തി സാധനകളിൽ ആദ്യമായി സജ്ജനസംസർഗ്ഗമാണ് പറയപ്പെടുന്നത്.രണ്ടാമതായി കഥകളെ കീർത്തനം ചെയ്യണം. ഗുണഗണങ്ങളെ പറ്റിയുള്ള ചർച്ചയാണ് മൂന്നാമത്. വചനങ്ങളെ വ്യാഖ്യാനം ചെയ്യുന്നതാണ് നാലാമത്. ആചാര്യനെ ദൈവമായി കണ്ടു ഉപാസന ചെയ്യുകയാണ് അഞ്ചാമതായി. പുണ്യശീലത്തോടെ യമനിയമാദികളോടു നിഷ്ഠയായി  നിത്യവും പൂജിക്കുകയെന്നത് ആറമത്. മന്ത്രത്തെ ഉപാസിക്കുന്നത് ഏഴാമത്. ബാഹ്യപദാർത്ഥങ്ങളാൽ പൂജിക്കുകയും വിഷ്ണു ഭക്തന്മാരെ പൂജിക്കുന്നതുമായ ഒൻപത് ഭക്തി സാധനകളുളളത് ആർക്കാണോ ,സ്ത്രീ ആയാലും പുരുക്ഷനായാലും അവർക്ക് പ്രേമലക്ഷണായ ഭക്തി സംജാതമാകുന്നു. അതിനാൽ ഭക്തി തന്നെയാണ് മോക്ഷം  എന്ന് സുനിശ്ചിതമാണ്. എന്റെ ദർശനത്താൽ ഭവതിക്ക് മോക്ഷം ലഭിക്കുമെന്നതിൽ സംശയമില്ല. ശേഷം  രാമൻ  ശബരിയോട് ചോദിച്ചു സീത എവിടെയാണിരിക്കുന്നത് എന്ന് ഭവതിക്കറിയാമോ? എങ്കിൽ പറഞ്ഞു തരിക

സർവ്വജ്ഞനായ ദേവദവാ, അങ്ങ് എല്ലാം അറിയുന്നവനെങ്കിലും ലോകകാര്യാർത്ഥം ഇപ്പോൾ ചേദിക്കയാൽ പറയാം. രാവണനാൽ അപഹൃതയായ സീത ഇപ്പോൾ ലങ്കയിൽ സ്ഥിതി ചെയ്യുന്നു. ഇവിടെ സമീപത്തുളള പമ്പാ നദിക്കരയിൽ ഋഷിമൂകാചലമെന്ന പർവ്വതത്തിൽ അതുല്യപരാക്രമിയായ സുഗ്രീവൻ എന്ന വാനരൻ നാല് മന്ത്രിമാരോടുകൂടി ഭ്രാതാവായ ബാലിയെ ഭയപ്പെട്ട് കഴിയുന്നു. ഋഷിശാപത്താൽ ബാലി അവിടേക്ക് വരില്ല. അങ്ങ് അവിടെ ചെന്ന് സുഗ്രീവനുമായി സഖ്യം ചെയ്യുക. എല്ലാകാര്യവും സാധ്യമാകും.  എന്ന് പറഞ്ഞു ശബരി ശ്രീരാമനു മുന്നിൽ വച്ച് ശ്രീരാമനെ മനസ്സിൽ ധ്യാനിച്ച് അഗ്നി പ്രവേശം ചെയ്ത് വിഷ്ണുപദം പ്രാപിച്ചു

ഭഗവാൻ ശ്രീരാമചന്ദ്രനിലുളള ഭക്തി മുക്തിദായകമാണ്. അതിനാൽ സർവ്വകാമങ്ങളെയും തരുന്ന ശ്രീരാമ പാദപത്മദ്വയത്തെ അത്യധികം ശ്രദ്ധയോടെ സേവിപ്പിൻ. വിവിധങ്ങളായ ജ്ഞാനമാർഗ്ഗങ്ങളെയും മന്ത്രവിസ്താരത്തെയും ദൂരെ ത്യജിച്ച് ശ്യാമവർണ്ണനും ശ്രീപരമേശ്വരന്റെ ഹൃദയത്തിൽ പ്രശോഭിക്കുന്നവനുമായ ശ്രീരാമനെ നന്നായി ഭജിക്കുവിൻ

തുടരും ....

✍ കൃഷ്ണശ്രീ 

No comments:

Post a Comment