Sunday, August 1, 2021

അദ്ധ്യാത്മ രാമായണം പതിനഞ്ചാം ദിവസം

അദ്ധ്യാത്മ രാമായണം പതിനഞ്ചാം ദിവസം    
  

ജടായു മോഷം
 
മായാവിയും കാമരൂപിയുമായ മാരീച രാക്ഷസനെ വധിച്ച ശേഷം സ്വന്തം ആശ്രമത്തിലേക്ക് മടങ്ങുകയായിരുന്ന രാമൻ വിഷാദമുഖത്തോടെ വരുന്ന ലക്ഷ്മണനെ കണ്ട് ഇപ്രകാരം ചിന്തിച്ചു. മായാസീതയെ രാവണൻ അപഹരിച്ചു  കൊണ്ട് പോയി.  ഇപ്പോൾ പ്രാകൃതനെ പോലെ ദുഃഖിച്ച്, ലക്ഷ്മണനിൽ നിന്നു പോലും സത്യം മറച്ചു വച്ച് സീതയെ തിരഞ്ഞ് പോയി രാവണവധം നടത്തുക തന്നെയാണ് മാർഗം. അതിനാൽ അതീവ ദുഃഖിതാനകുകതന്നെ വേണമെന്ന് ചിന്തിച്ചു ഉറച്ചു.  രാവണവധം കഴിഞ്ഞ് അഗ്നിയിൽ നിന്നും സീതയെ വാങ്ങി അയോദ്ധ്യയിലേക്ക് മടങ്ങാം. ഇപ്രകാരം ചിന്തിച്ച ശ്രീരാമൻ ലക്ഷ്മണനോട് സീതയെ തനിച്ചാക്കി ഇങ്ങോട്ട് പോന്നതെന്തിനെന്നും രാക്ഷസന്മാർ അപഹരിക്കുകയോ ഭക്ഷിക്കുകയോ ചെയ്തെന്നറിയില്ലല്ലോയെന്ന് പറഞ്ഞു.  ഇത് കേട്ട് സങ്കടത്തോടെ ലക്ഷ്മണൻ കൂപ്പുകൈയ്യോടെ അങ്ങയുടെതായി കേട്ട ദീനരോദനം രാക്ഷസന്റെ മായയാണെന്നു പറഞ്ഞത് മനസ്സിലാക്കാതെ പരുഷം പറഞ്ഞത് അങ്ങയുടെ മുന്നിൽ പറയാൻ പോലും കഴിയാത്തവയാകാൽ കർണ്ണങ്ങൾ പൊത്തി വനദേവതമാരെ ഏല്പിച്ചു ഇവിടേക്ക് വന്നു. 

ഇത് കേട്ട് ശ്രീരാമൻ ലക്ഷ്മണോട് പറഞ്ഞു.  ഒരു സ്ത്രീയുടെ വാക്കുകൾ കേട്ട് അവളെ തനിച്ചാക്കി വന്നത് അനുചിതമാണ്. നിശ്ചയം അവളെ രാക്ഷസന്മാർ ഭക്ഷിക്കുകയോ അപഹരിക്കുകയോ ചെയ്തിരിക്കും. ഇത്രയും പറഞ്ഞു വേഗത്തിൽ ആശ്രമത്തിലെത്തിയ രാമൻ അവിടെ സീതയെ കാണാഞ്ഞ് അതീവ ദുഃഖിതനായി തന്നെ മോഹിപ്പിക്കാൻ ഒളിച്ചിരിക്കുകയാണോ ദേവിയെന്ന് ചോദിച്ചു വിലപിച്ചുകൊണ്ട് വനത്തിൽ മുഴുവൻ തിരഞ്ഞു നടന്നു.  വനദേവതമാരോടും പക്ഷിമൃഗാദികളോടും സീതയെ കാണിച്ചു തരുമോയെന്ന് ചോദിച്ചു വിലപിച്ചു രാമൻ.

ഇപ്രകാരം മായയെ അനുസരിച്ചുകൊണ്ടിരുന്ന ആ രഘൂത്തമൻ അനാസക്തനെങ്കിലും മൂഢന്മാർക്ക് ആസക്തനെന്ന് തോന്നും, തത്ത്വജ്ഞാനികൾക്ക് അങ്ങനെയല്ല താനും.

ലക്ഷ്മണസമേതനായ രാമൻ,  ഇപ്രകാരം വനത്തിൽ മുഴുവൻ തിരഞ്ഞുകൊണ്ട് നടക്കുമ്പോൾ തകർന്നു  കിടക്കുന്ന ഒരു തേരും,  അതിന്റെ ഭാഗങ്ങളും ഛത്രവും ഒരു ചാപവും ഭൂമിയിൽ വീണു കിടക്കുന്നതു കണ്ടിട്ട് ലക്ഷ്മണനോട് പറഞ്ഞു സീതാദേവിയെ അപഹരിച്ചു കൊണ്ടുപോയ രാക്ഷസനെ ജയിച്ചു അന്യരാക്ഷസൻ സീതയെ കൊണ്ട് പോയിരിക്കും. കുറച്ചു ദൂരം ചെന്നപ്പോൾ പർവ്വതതുല്യനായ ഒരു ശരീരം കിടക്കുന്നത് കണ്ട് സീതയെ ഭക്ഷിച്ച് വിശ്രമിക്കുന്ന ദുഷ്ടരാക്ഷസനാകും ഇവനെ വധിക്കുന്നതാണെന്ന രാമവാക്യം കേട്ട് ജടായൂ പറഞ്ഞു " അങ്ങേയ്ക്ക് നന്മയുണ്ടാകട്ടെ. അങ്ങയുടെ സുഹൃത്തായ ജടായുവാണ് . സീതാദേവിയെ രാവണൻ അപഹരിച്ചു കൊണ്ട് പോകുന്നത് കണ്ട് ആ രാക്ഷസനോട് യുദ്ധം ചെയ്ത് അവന്റ തേരും കുതിരകളെയും നശിപ്പിച്ചു  . എന്നാൽ അവനാൽ ഘാതിതനായി നിലം പതിച്ചു. ഭർത്താവിനെ കണ്ട് വിവരം പറയുകയെന്ന് സീതാദേവി അനുഗ്രഹിച്ചു. ഇപ്പോൾ അങ്ങയെ കണ്ട് കൊണ്ട് ജീവൻ വെടിയുകയാണ്." 

ഇതുകേട്ട് രാമൻ ജടായുവിനരികിൽ ചെന്ന് അവനെ തഴുകി സീതയെ എങ്ങോട്ടാണ് കൊണ്ട് പോയതെന്ന് ആരാഞ്ഞു. രാവണരാക്ഷസൻ സീതാദേവിയെ  ദക്ഷിണ ദിക്കിലേയ്ക്കാണ് കൊണ്ട് പോയത്. ഇനിയൊന്നും പറയാൻ കെല്പ്പില്ലെന്ന് പറഞ്ഞു ജീവൻ ത്യജിക്കുന്ന സമയത്ത് അവസാനകാലത്ത് പരമാത്മാവായ അവിടുത്തെ ദർശനം ലഭിച്ചതിനാൽ മുക്തനായി.  അങ്ങയുടെ കൈകൾ കൊണ്ട് സ്പർശിച്ചാലും ഭഗവൽപാദത്തെ പ്രാപിക്കട്ടെ. അങ്ങനെ തന്നെയെന്ന് അരുളി ചെയ്ത് കൊണ്ട് ശ്രീരാമൻ ജടായുവിന്റെ ശരീരത്തിൽ സ്പർശിക്കുകയും ജടായു പ്രാണങ്ങളെ ത്യജിച്ച് ഭൂമിയിൽ പതിക്കുകയും ചെയ്തു.  ശ്രീരാമൻ ലക്ഷ്മണനെ കൊണ്ട് വിറക് ശേഖരിപ്പിച്ച് ജടായുവിന്റെ മൃതദേഹം ദഹിപ്പിക്കുകയും ചെയ്യുന്നു.  അനന്തരം ലക്ഷ്മണസമേതനായി സ്നാനം ചെയ്തു കാട്ടിലുളള ഒരു മൃഗത്തെ വധിച്ച് മാംസഖണ്ഡം പുല്ലിന്മേൽ അനേകം ദിക്കിലായി വെവ്വേറെ നിക്ഷേപിച്ച് " പക്ഷികൾ ഇതെല്ലാം ഭക്ഷിക്കട്ടെ പക്ഷിരാജൻ തൃപ്തനാകട്ടെ " എന്നു പറഞ്ഞു.  " ഹേ,  ജടായോ! എന്റെ പദത്തെ പ്രാപിച്ചാലും. ഇപ്പോൾ തന്നെ എല്ലാവരും കാൺകെ തന്നെ,  എന്റെ സാരൂപ്യം പ്രാപിച്ചാലും" എന്ന് അരുളി ചെയ്തു രാമൻ. 

തദനന്തരം ജടായൂ ദിവ്യവും സുന്ദരവുമായ രൂപത്തെ കൈകൊണ്ട് നാലു വിഷ്ണു പാർഷദന്മാർക്കൊപ്പം വിമാനത്തിൽ കയറി. ശേഷം അജ്ഞലി കൂപ്പികൊണ്ട് ജടായൂ ശ്രീരാമനെ ഇപ്രകാരം സ്തുതിച്ചു. " അഗണ്യമായ ഗുണങ്ങളോടു കൂടിയവനും അതിരുകളില്ലാത്തവനും ആദികാരണനും എല്ലാ ജഗത്തിന്റെയും സ്ഥിതിലയാദികൾക്ക് ഹേതുവും പരമശാന്തനുമായ ശ്രീരാമചന്ദ്രനെ ഞാൻ സതതം പ്രണമിച്ചു കൊള്ളുന്നു. പരമാനന്ദ സ്വരൂപനും ലക്ഷ്മീദേവിയുടെ കടാക്ഷത്താൽ ഇന്ദ്രചതുർമുഖാദികളുടെ ദുഃഖങ്ങൾ നശിപ്പിച്ചവനും നരശ്രേഷ്ഠനും വരദനും ശ്രേഷ്ഠമായ ചാപബാണങ്ങൾ ധരിച്ചവനുമായ ശ്രീരാമനെ ഞാൻ സദാ പ്രണമിക്കുന്നു. ത്രൈലോകസുന്ദരമായ രൂപത്തോടു കൂടിയവനും, ശരണപ്രദനും , സംസാരവനത്തിന് ദാവാനലസമനും, ദയാമയനും , ദാനവപതികളെ നശിപ്പിക്കുന്നവനും, കാളിന്ദി ജലത്തിന് സദൃശ്യമായ വർണ്ണത്തോടു കൂടിയവനും, ഉമാമഹേശ്വരന്മാരുടെ മനസ്സിൽ നിവസിക്കുന്നവനും, ദേവാസുരശ്രേഷ്ഠന്മാരാൽ പൂജിക്കപ്പെടുന്നവനും , ഇന്ദ്രനീല വർണ്ണത്തോടു കൂടിയവനും, ദേവേന്ദ്രന്റെ സ്തുതിക്ക് പാത്രമായവനും , യതീന്ദ്രന്മാരുടെ ഹൃദയത്തിൽ സന്തതം ശോഭിക്കുന്നവനും ആർത്തിഹരനും, മഹാപ്രഭുവുമായ ശ്രീരാമചന്ദ്രനെ ഞാൻ ശരണം പ്രാപിക്കുന്നു. " ഇപ്രകാരം സ്തുതിക്കുന്ന ജടായുവിൽ പ്രസന്നനായിട്ട് ശ്രീരാമൻ ' നിനക്ക് ശുഭം ഭവിക്കട്ടെ.പരമമായ വിഷ്ണുപദത്തിലേക്ക് ഗമിച്ചാലും ' എന്ന് അരുളി ചെയ്തു. 

ഈ സ്തോത്രം യാതൊരുവൻ ശ്രവിക്കുകയോ , ഏകാഗ്രചിത്തനായി എഴുതുകയോ, പഠിക്കുകയോ ചെയ്യുന്നുവോ അവൻ വിഷ്ണു സാരൂപ്യം പ്രാപിക്കും. മരണസമയത്ത് വിഷ്ണു സ്മരണ ലഭിക്കുകയും ചെയ്യും. പക്ഷിശ്രേഷ്ഠൻ ശ്രീരാഘവ സാരൂപ്യം ലഭിച്ച്, ബ്രഹ്മാവിനാൽ പൂജിതമായ പരമപദത്തിലേക്ക് ഗമിക്കുകയും ചെയ്തു. 

തുടരും ....

✍ കൃഷ്ണശ്രീ 


No comments:

Post a Comment