Sunday, October 10, 2021

അദ്ധ്യാത്മ രാമായണം പതിനെട്ടാം ദിവസം

അദ്ധ്യാത്മ രാമായണം പതിനെട്ടാം ദിവസം    
▬▬▬▬▬▬      

ബാലി വധം
 
രാമന്റ അംഗസംഗം  നിമിത്തം സർവ്വ പാപങ്ങളും അകന്ന സുഗ്രീവനെ മായയാൽ മോഹിപ്പിച്ചു കൊണ്ട് രാമൻ ഇപ്രകാരം പറഞ്ഞു.  ഭവാൻ പറഞ്ഞത് എല്ലാം സത്യമാണെങ്കിലും അഗ്നിസാക്ഷിയായി സത്യം ചെയ്ത രാമൻ സുഗ്രീവനുവേണ്ടി ഒന്നും ചെയ്തില്ല എന്ന് ലോകോപവാദം ഉണ്ടാകും.  അതിനാൽ ഭവാൻ ബാലിയെ യുദ്ധത്തിന് വിളിക്കുക. ഒരു ബാണം കൊണ്ട് ബാലിയെ വധിച്ചു ഭവാന് രാജ്യാഭിഷേകം ചെയ്യുന്നുണ്ട്. 

അങ്ങനെ തന്നെ എന്നും പറഞ്ഞു സുഗ്രീവൻ കിഷ്കിന്ധയിൽ പോയി ബാലിയെ യുദ്ധത്തിന് വിളിച്ചു.  ക്രോധിതനായ ബാലി വന്നു സുഗ്രീവനുമായി യുദ്ധം ചെയ്തു. രണ്ടു പേരുമായി  മുഷ്ടി യുദ്ധം നടത്തുന്നതിനിടയിൽ , അവരുടെ രൂപസാദൃശ്യം  കണ്ട് വിസ്മിതനായി രാമൻ, ബാണം പ്രയോഗിച്ചാൽ സുഗ്രീവൻ വധിക്കപ്പെട്ടാലോ എന്ന ശങ്കയാൽ ബാണപ്രയോഗം നടത്തിയില്ല. സുഗ്രീവനാകട്ടെ രക്തം ശർദ്ധിച്ചു കൊണ്ട് ഓടിപ്പോയി. ബാലി സ്വഭവനത്തിലേക്കും.
     
അനന്തരം സുഗ്രീവൻ ശ്രീരാമനോട് പറഞ്ഞു.  വധിക്കുകയാണെങ്കിൽ അങ്ങയുടെ കൈയ്യാൽ എന്നെ  വധിക്കൂ. സ്നേഹത്തോടെ ശത്രുവിനെ കൊണ്ട് കൊല്ലിക്കരുതേ. സുഗ്രീവന്റെ  വാക്കുകൾ കേട്ട ശ്രീരാമൻ വ്യസനത്തോടെ സുഗ്രീവനെ ആലിംഗനം ചെയ്തു കൊണ്ട് പറഞ്ഞു. സുഗ്രീവാ , നിങ്ങൾ രണ്ടു പേരുടെയും രൂപസാദൃശ്യം കണ്ട് , ബാണം പ്രയോഗിച്ചാൽ  മിത്രമായ ഭവാൻ വധിക്കപ്പെടുമോയെന്ന ശങ്കയാലാണ് അപ്രകാരം ചെയ്യാതിരുന്നത്. ആ ഭ്രമം ഇല്ലാതാക്കാൻ താങ്കൾക്ക് ഒരു അടയാളം ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞു ലക്ഷ്മണനെ കൊണ്ട് ഒരു പുഷ്പമാല്യം സുഗ്രീവന്റ കഴുത്തിൽ ചാർത്തിച്ച് ബാലിയെ യുദ്ധത്തിന് വിളിക്കാൻ പറഞ്ഞയച്ചു. സുഗ്രീവനാകട്ടേ വീണ്ടും പോയി ബാലിയെ യുദ്ധത്തിന് വിളിച്ചു

വീണ്ടും സുഗ്രീവന്റെ യുദ്ധത്തിനായുളള വിളി കേട്ട് അതിക്രുദ്ധനായി പുറപ്പെട്ട ബാലിയെ താര തടഞ്ഞു കൊണ്ട് പറഞ്ഞു.  തോറ്റ് മടങ്ങിയവൻ ഉടനെ മടങ്ങി വന്നത് അവന് ആരോ തുണയുളളതുകൊണ്ടാണെന്നും തനിക്ക് ശങ്കയുണ്ടെന്നും അതിനാൽ യുദ്ധത്തിന് പുറപ്പെടരുതെന്നും താര പറഞ്ഞു. യുദ്ധത്തിന് ഒരുത്തൻ വിളിക്കുമ്പോൾ പുറത്തു ഇറങ്ങാതിരിക്കുന്നത് ഭീരുക്കളാണെന്നും അങ്ങനെ ആരെങ്കിലും തുണയുണ്ടെങ്കിൽ രണ്ടു പേരെയും വധിച്ചു വരാമെന്നും ഭയപ്പെടാതിരിക്കൂ എന്നും പറഞ്ഞു ബാലി പുറപ്പെടാനൊരുങ്ങി. അപ്പോൾ താര പറഞ്ഞു താൻ പറയുന്ന ഒരു കാര്യം കൂടെ ശ്രവിച്ചിട്ട് ഉചിതമായത് ചെയ്യൂ. അംഗദൻ നായാട്ടിനു പോയപ്പോൾ ഒരു വാർത്ത കേട്ടു.  ദാശരഥിയായ രാമൻ അനുജനോടൊപ്പം വന്നിട്ടുണ്ടന്നും സുഗ്രീവനുമായി അഗ്നി സാക്ഷിയായി സഖ്യം ചെയ്തു എന്നും ബാലിയെ വധിച്ചു സുഗ്രീവനെ രാജാവാക്കമെന്ന് ശപഥം ചെയ്തിട്ടുണ്ടെന്നും അറിയുന്നു.  അതിനാൽ അങ്ങ് സുഗ്രീവനെ യുവരാജാവാക്കി രാമ പാദങ്ങളെ ആശ്രയിച്ച് ഞങ്ങളെ പരിപാലിക്കൂ

രോദനം ചെയ്യുന്ന താരയെ ആശ്വസിച്ചു ബാലി ഇപ്രകാരം പറഞ്ഞു.  സ്ത്രീ സഹജമായ ഭയം കൊണ്ടാണ് ഇപ്രകാരം ചിന്തിക്കുന്നത് . ബ്രഹ്മാവ് അർത്ഥ്യക്കയാൽ ഭൂഭാരം തീർക്കാനായി പരമാത്മാവ് ദാശരഥിയായി ജനിച്ചു എന്നറിയാം  പരമാത്മവിന് ഭേദഭാവങ്ങൾ ഇല്ല. രാമൻ വന്നിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ ആദരപൂർവ്വം കൂട്ടിക്കൊണ്ട് വരാം.  സുഗ്രീവൻ തനിച്ചാണെങ്കിൽ അവനെ വധിക്കുന്നതായിരിക്കും. ശത്രു ഭാവത്തിൽ വരുന്നവനെ എങ്ങനെയാണ് യുവരാജാവാക്കുക.  ഇങ്ങനെ പറഞ്ഞു താരയെ ആശ്വസിപ്പിച്ച് യുദ്ധത്തിനായി പോയി ബാലി

ലക്ഷ്മണൻ നല്കിയ പുഷ്പമാല്യവുമായി സുഗ്രീവൻ രാമനെ നോക്കി കൊണ്ട് യുദ്ധം ചെയ്തു. ഒരു വൃഷത്തെ മറഞ്ഞു നിന്നു കൊണ്ട് രാമൻ ഒരു ബാണം ബാലിയുടെ ഹൃദയ ഭഗത്തേക്കയച്ചു  വഷസ്സി ബാണം തറച്ച ബാലി ഭയങ്കരമായി അലറി കൊണ്ട് ഭൂമിയിൽ വീണൂ.

ഒരു മുഹൂർത്തനേരം ബോധമറ്റുകിടന്ന ബാലി നേത്രങ്ങൾ തുറന്നപ്പോൾ  ജടാമകുടധാരിയായ ലക്ഷ്മണസുഗ്രീവന്മാരുമായി നില്ക്കുന്ന രാമനെ കണ്ടു നിന്ദ്യമായി സംസാരിച്ചു. ഭവാൻ എന്ത് കർമ്മം ചെയ്തിട്ടാണ് ഇങ്ങനെ പ്രവർത്തിച്ചത് . വൃഷഖണ്ഡത്തിൽ മറഞ്ഞു നിന്ന് ഒരു ചാരനെ പോലെ ബാണമെയ്തത് കൊണ്ട് അങ്ങേയ്ക്ക് എന്ത് നന്മയുളളത്. ക്ഷത്രീയരെ പോലെ നേർക്ക് നേർ  യുദ്ധം ചെയ്യണം. എന്നാൽ   സാധിക്കാത്തതും സുഗ്രീവനാൽ സാധിക്കത്തക്കതും എന്താണ്.  അങ്ങയുടെ പത്നി രാവണാൽ അപഹൃതയായതിനാൽ സുഗ്രീവനോട് സഖ്യം ചെയ്തു എന്ന് കേട്ട് ഭവാൻ ഇച്ഛിക്കുന്നുവെങ്കിൽ മുഹൂർത്ത മാത്രയിൽ രാവണനെ കുലത്തോടെ അങ്ങയുടെ മുന്നിൽ എത്തിച്ചേനെ. എല്ലാവരാലും ധർമ്മിഷ്ഠനായി വാഴ്ത്തപ്പെടുന്ന അവിടുന്ന് ഒരു കാട്ടളനെ പോലെ ഒരു വനരനെ വധിച്ചിട്ട് എന്ത് ധർമ്മമാണ് ലഭിച്ചത്

ഇങ്ങനെ പറയുന്ന ബാലിയോട് ശ്രീരാമൻ അരുളി ചെയ്തു. അധർമ്മത്തെ നശിപ്പിച്ച് ധർമം സംരക്ഷിക്കാനാണ് ഈ വില്ലുമായുളള യാത്ര.  പുത്രി, സഹോദരി , സഹോദര പത്നി, പുത്ര ഭാര്യ ഇവരെല്ലാം തുല്യരാണ്.  യാതൊരുവൻ  ഇവരിൽ ഒരുവളുമായി രമിക്കുന്നുവോ അവൻ മഹാപാതകിയാണ്. അങ്ങനെയുളളവരെ വധിക്കുക രാജധർമ്മമാണ്. ഇതുകേട്ട് ഭയവിഹ്വലനായ ബാലി,  ശ്രീരാമനെ പരമാത്മാവെന്നറിഞ്ഞ് അറിവില്ലായ്മയാൽ പറഞ്ഞതൊക്കെ ക്ഷമിക്കണമെന്ന് അപേക്ഷിച്ചു. ബ്രഹ്മാവിനാൽ അർത്ഥിക്കപ്പട്ട് രാവണവധാർത്ഥം അവതരിച്ച പരമാത്മാവാണ് അങ്ങ് എന്നും അവിടത്തെ യോഗമായ ദേവിയാണ് ജാനകിയെന്നും മനസ്സിലാക്കുന്നു. മഹായോഗികൾക്ക് പോലും ദുർലഭമായ ദർശനം ലഭിച്ചു പ്രാണങ്ങളെ പരിത്യജിക്കുകയാണ്. അങ്ങയുടെ പരമപദം പൂകാൻ അനുജ്ഞ നല്കിയാലും. എന്റെ  തുല്യബലശാലിയായ പുത്രൻ അംഗദനിൽ അങ്ങ് ദയ കാണിക്കണേ. അങ്ങയുടെ കരസ്പർശത്താൽ ഹൃദയത്തിന്റെ കഠിനവേദന അകറ്റിയാലും

അങ്ങനെ തന്നെ എന്നു പറഞ്ഞു രാമൻ ബാണങ്ങളെ പറിച്ചെടുത്ത് കൈകൊണ്ട് തലോടി. ബാലിയാകട്ടേ വാനരദേഹമുപേക്ഷിച്ച് പരമപദം പ്രാപിച്ചു

ബാലിയുടെ മരണം കണ്ടു വാനരന്മാർ പോയി താരയോട് പറഞ്ഞു.  വേഗം കോട്ട വാതിൽ അടയ്ക്കണമെന്നും അംഗദനെ രാജാവാക്കണമെന്നും അവർ പറഞ്ഞു.  അത് കേട്ട് താര , തനിക്കോ അംഗദനോ രാജ്യം വേണ്ടെന്നും ഭർത്താവിനോടൊപ്പം പ്രാണൻ ത്യജിക്കുന്നതാണെന്നും പറയുന്നു.  വിലപിച്ചു കൊണ്ട് ബാലിയുടെ ശരീരത്തിനടുത്ത് എത്തിയ താര രാമനോട് ബാലിയെ കൊന്ന ബാണത്താൽ തന്നെയും കൊല്ലാൻ ആവശ്യപ്പെടുന്നു. അങ്ങയ്ക്ക് കന്യാദാനം നടത്തിയ പുണ്യം കിട്ടുമെന്നും പറയുന്നു. അനന്തരം സുഗ്രീവനോട് രാജ്യം ഭരിക്കാൻ ആവശ്യപ്പെടുന്നു. വ്യസനത്താൽ കേഴുന്ന താരയെ ശ്രീരാമൻ ആത്മജ്ഞാനോപദേശത്താൽ സാന്ത്വനപ്പെടുത്തി. 

"ശോചിക്കാൻ കാരണമില്ലാത്തതിനായി നീ  എന്തിന് ശോചിക്കുന്നു. നിന്റെ ഭർത്താവ് ദേഹമോ ജീവനോ? ദേഹമെങ്കിൽ അത് ത്വക്ക്, മാംസം, രുധിരം, അസ്ഥി എന്നിവയോട് കൂടിയതും  പഞ്ചഭൂതാത്മകവും ,  കാലം, കർമ്മം , ഗുണം എന്നിവയിൽ നിന്നും ഉൽഭൂതമായതുമാണ്. അത് ഭവതിയുടെ മുന്നിൽ സ്ഥിതി ചെയ്യുന്നു. അതല്ല ജീവനാണെന്നാണ് വിചാരിക്കുന്നതെങ്കിൽ അവൻ നിരാമയനാണ് ( ഈശ്വരൻ ) . അത് ജനിക്കുന്നുമില്ല മരിക്കുന്നുമില്ല കർമ്മങ്ങൾ ചെയ്യുന്നുമില്ല. സർവ്വവ്യാപിയും നാശമില്ലാത്തവനും ഏകനും അദ്വിതീയനുമാണ്. ആകാശം പോലെ നിർലേപനാണ്. നിത്യനാണ് ജ്ഞാനമയനാണ്. ശുദ്ധനാണ്. അങ്ങനെയുളളവനെങ്ങനെ ശോചനിയനാകും." 

അപ്പോൾ താര ചോദിച്ചു'  ഹേ, രാമ! ദേഹം നിർജ്ജീവമായ മരത്തടി പോലുള്ളതാണ് . ജീവനകാട്ടെ നിത്യനും ചൈതന്യ സ്വരൂപനുമാണ്. സുഖദുഃഖാദി ബന്ധങ്ങൾ ഇവരിൽ ആർക്കാണെന്ന് പറഞ്ഞു തന്നാലും.' 

എത്ര കാലം വരെ ആത്മാവിന് ദേഹേന്ദ്രിയങ്ങളുമായി ഞാൻ,  എന്റെ എന്ന സംബന്ധമുണ്ടാകുന്നുവോ അതേ വരെ അവിവേകം കാരണമായി സംസാരബന്ധമുണ്ടാകും  മായയാൽ , ലഭിച്ചു എന്ന് തോന്നുന്നതൊന്നും യഥാർത്ഥത്തിൽ ഉണ്ടാകില്ല. അനാദിയായ അവിദ്യയുടെയും , അഹങ്കാരത്തിന്റെയും ഹേതുവായിട്ട്  നിരർത്ഥകവും രാഗദ്വേഷകലുഷിതവുമായ  സംസാരമുണ്ടാകുന്നു. സംസാരബന്ധമുണ്ടായി തീരുന്ന മനസ്സുമായി ചേർന്ന് ആത്മാവ് സുഖദുഃഖാദികളിൽ ഭാഗഭാക്കായി തീരുന്നു. എങ്ങനെയെന്നാൽ വിരുദ്ധമായ സ്ഫടിക പാത്രം അതിന്റെ സമീപമുള്ള സാധനത്തിന്റെ നിറം കൊണ്ട് നിറമുള്ളതായി തോന്നുന്നത്  പോലെ. എന്നാൽ സ്ഫടികത്തിന് നിറമില്ല. ബുദ്ധിയിന്ദ്രാദികളാൽ ആത്മാവിന് സംവാദത്തിന്റെ പ്രതീതി ഉണ്ടാക്കുന്നു. ആത്മാവ് സലിംഗമായ മനസ്സിനെ പരിഗ്രഹിച്ചിട്ട് അതിൽ നിന്നുണ്ടായ ത്രിഗുണങ്ങൾ സേവിക്കായാകയാൽ  സംസാരത്തിൽ തന്നെ അതിനായി വർദ്ധിക്കുന്നു.  ആദ്യമായി രാഗദ്വേഷിമനോഗുണങ്ങളെ സൃഷ്ടിച്ച്  അനേകം കർമ്മങ്ങൾ ചെയ്യുന്നു. ഇപ്രകാരം കർമ്മവശഗതനായ ജീവൻ പ്രളയപര്യന്തം സംസാരചക്രത്തിൽ ചുറ്റിത്തിരിയുന്നു. പിന്നെ സമസ്തസംഹാരം സംഭവിക്കുന്ന പ്രളയക്കാലത്ത് സ്വകർമ്മവാസനയനുസരിച്ച് , അഭിനിവേശം കാരണമായി , ജീവൻ ജ്ഞാനാദി വിദ്യാവശംഗതനായി സ്ഥിതി ചെയ്യുന്നു.  ആ ജീവൻ സൃഷ്ടി ആരംഭത്തിൽ വീണ്ടും പൂർവ്വവാസനയോടെ ഘടീയന്ത്രം പോലെ അവശനായി ജനിക്കുന്നു. ഭക്തന്മാരും സത്തുക്കളും ശാന്താത്മാക്കളുമായവർക്ക് തങ്ങളുടെ പുണ്യവിശേഷം ഹേതുവായി സജ്ജനങ്ങളുമായി സംസർഗ്ഗമുണ്ടാകുന്നുവോ അപ്പോൾ ഹരികഥാ ശ്രവണത്താൽ ശ്രദ്ധ ജനിക്കുന്നു. അവർക്ക് അനായസമായി സ്വരൂപജ്ഞാനമുണ്ടായി പെട്ടെന്ന് തന്നെ മുക്തരായി തീരുന്നു.  ഇത് യാതൊരുത്തൻ ചിന്തിക്കുകയോ കീർത്തിക്കുകയോ ചെയ്യുന്നുവോ അവൻ കർമ്മബന്ധത്തിൽ നിന്നും  മോചിപ്പിക്കപ്പെടും. ഹേ , ഭവതി  പൂർവ്വജന്മത്തിലെ ഭക്തി കാരണം ഇപ്പോൾ കാണപ്പെട്ട ഈ രൂപം എപ്പോഴും ധ്യാനിച്ച് കൊള്ളുക

താരയാകട്ടെ ശ്രീരാമനാൽ കേട്ട ഉപദേശത്താൽ ദേഹാഭിമാനം മൂലമുണ്ടായ ശോകത്തെ ത്യജിച്ചവളായി ശ്രീരാമനെ നമസ്കരിച്ചു. സുഗ്രീവനും അജ്ഞാനമെല്ലാം മാറി സ്വസ്ഥ ചിത്തനായി. ശേഷം അംഗദനെ കൊണ്ട് പിതൃകർമ്മങ്ങൾ വഴി പോലെ ചെയ്യിച്ചു 

ശേഷം സ്നാനം കഴിച്ച് മന്ത്രിമാരോടൊപ്പം ശ്രീരാമ സന്നിധിയിൽ എത്തിയ സുഗ്രീവൻ രാമനോട് രാജ്യഭാരം ഏറ്റെടുക്കാനും ലക്ഷ്മണനേ പോലെ പാദസേവ ചെയ്തു ചിരകാലം കഴിയാമെന്നും പറയുന്നു.

സുഗ്രീവനോട് രാമൻ ഇപ്രകാരം പറഞ്ഞു.  " പതിനാലുവത്സരം ഒരു നഗരത്തിലും പ്രവേശിക്കുകയില്ലന്നും ഭവാനും താനും ഒന്ന് തന്നെയെന്നും, ലക്ഷ്മണൻ സുഗ്രീവന് രാജ്യാഭിഷേകം നടത്തുമെന്നും അംഗദനെ യുവരാജാവാക്കണമെന്നും ശേഷം കുറച്ചുകാലം പുരത്തിൽ വസിക്കാനും പറഞ്ഞു.  വർഷകാലം കഴിയുവോളം അടുത്തുള്ള പർവ്വതത്തിൽ വസിക്കുന്നതാണെന്നും ശേഷം സീതാന്വേഷണത്തിനുളള വേലകൾ ചെയ്യണമെന്നും സുഗ്രീവനോട് പറഞ്ഞു. " അവിടുത്തെ ആജ്ഞപോലെ എന്ന് പറഞ്ഞു നമസ്ക്കരിച്ചു സുഗ്രീവൻ ലക്ഷ്മണനോടൊത്ത് കിഷ്കിന്ധയിലേക്ക് പോയി. രാജ്യാഭിഷേകം കഴിഞ്ഞ് വന്നു ലക്ഷ്മണൻ ശ്രീരാമനോടൊപ്പം പ്രവർഷണഗിരിയുടെ മുകളിലെ ഒരു ഗുഹയിൽ താമസിച്ചു

തുടരും ....

✍ കൃഷ്ണശ്രീ 


No comments:

Post a Comment