Sunday, October 10, 2021

അദ്ധ്യാത്മ രാമായണം പത്തൊമ്പതാം ദിവസം

അദ്ധ്യാത്മ രാമായണം പത്തൊമ്പതാം ദിവസം    
▬▬▬▬▬▬      

ക്രിയായോഗോപദേശം
 
രാമലക്ഷ്മണന്മാർ പ്രവർഷണഗിരിയിലെ ഗുഹയിൽ വർഷകാലം കഴിച്ചു കൂട്ടി. ഒരിക്കൽ ധ്യാനതൽപ്പരനായ ശ്രീരാമനോട് , സമാധിയുണർന്ന അവസരത്തിൽ ഭക്തിയോടെ ലക്ഷ്മണൻ ഇപ്രകാരം ചോദിച്ചു . യോഗികൾ ക്രിയാമാർഗ്ഗത്തിൽ കൂടി എങ്ങനെ ഭവാനെ ആരാധിക്കുന്നുവെന്ന് കേൾക്കുവാൻ ആഗ്രഹമുണ്ട്. ഉപദേശിച്ചു തന്നാലും

ശ്രീരാമൻ ഇപ്രകാരം അരുളി ചെയ്തു. . എന്റെ പൂജാവിധികൾ അവസാനമില്ലാത്തവയാണ്. സ്വഗൃഹ്സൂത്രഗ്രന്ഥങ്ങളിൽ വിധിച്ച പ്രകാരം മനുഷ്യൻ ദ്വിജത്തെ പ്രാപിച്ചശേഷം , എന്നിലുളള ഭക്തിയോടുകുടി സദ്ഗുരുവിന്റെ അടുക്കൽ നിന്നും മന്ത്രം ഗ്രഹിക്കണം. ബുദ്ധിമാനായ മനുഷ്യൻ ഗുരുകാട്ടികൊടുക്കപ്പെട്ട വിധിയനുസരിച്ച് എന്നെ തന്നെ,  ഹൃദയത്തിലോ, അഗ്നിയിലോ, പ്രതിമാദികളിലോ,  ആദിത്യനിലോ, സാളഗ്രാമത്തിലോ മടികൂടാതെ അർപ്പിച്ചു ആരാധിക്കണം. ദേഹശുദ്ധിക്കുവേണ്ടി വൈദികതാന്ത്രികവിധികൾ പ്രകാരമുള്ള മന്ത്രങ്ങളോടു കൂടി ശരീരത്തിൽ മണ്ണ് പുരട്ടിയും മറ്റും പ്രാതഃസ്നാനം ചെയ്യണം. സന്ധ്യാവന്ദനം തുടങ്ങിയ നിത്യ കർമ്മങ്ങളും വിധി പോലെ ആചരിക്കണം. കർമ്മങ്ങളുടെ ഫലസിദ്ധിക്കായി ആദ്യമേ തന്നെ സങ്കല്പം ചെയ്യണം.  സദ്ഗുരുവിനെ ഞാനാണെന്ന് സങ്കല്പിച്ച് ഭക്തിപൂർവ്വം പൂജ ചെയ്യണം. ശിലയിലാണെങ്കിൽ മന്ത്രപൂർവ്വം അഭിഷേകം ചെയ്യണം. പ്രതിമയിലാണെങ്കിൽ തുടച്ച് വൃത്തിയാക്കണം. സുഗന്ധ ദ്രവ്യങ്ങളും പുഷ്പങ്ങളും കൊണ്ടുള്ള പൂജ സിദ്ധിദായകമാണ്. സത്യനിഷ്ഠയും വ്രതനിഷ്ഠയുമുളളവനായി നിയമാനുസൃതമായി പൂജ ചെയ്യണം. പ്രതിമാദികളിലെ അലങ്കാരങ്ങൾ ഏറ്റവും പ്രിയപ്പെട്ടവതന്നെ. അഗ്നിയിലാണങ്കിൽ ഹവിസ്സ് കൊണ്ട് യജിക്കണം. സൂര്യനിലാണെങ്കിൽ മെഴുകിയ നിലത്ത് പൂജിക്കണം. ശ്രദ്ധഭക്തി സമേതം നിവേദിക്കപ്പെടുന്നത് ജലമാണെങ്കിൽ പോലും അത് പ്രിയമായതാകുന്നു. ഭക്ഷ്യഭോജാതി വസ്തുക്കളോ ഗന്ധപുഷ്പാദികളോ ഭക്തിയോടെ  അർപ്പിക്കുന്നതും പ്രിയകരമാകുന്നു. എല്ലാ പൂജാദ്രവ്യങ്ങളും ശേഖരിച്ച് വച്ചതിന് ശേഷം പൂജ ആരംഭിക്കേണ്ടതാണ്. കുശ, മാൻതോൽ , വസ്ത്രം  എന്നിവ ക്രമത്തിൽ സജ്ജമാക്കി അതിന്മേൽ ശുദ്ധമാനസ്സനായി ദേവന് അഭിമാനമായി ഇരിക്കണം. അതിൽ പിന്നെ ബഹിർമാതൃകാ അന്തർമാതൃക ന്യാസങ്ങൾ ചെയ്യണം. അനന്തരം കേശവാദി ഇരുപത്തിനാല് തത്ത്വന്യാസങ്ങൾ ചെയ്യണം.  ( കേശവൻ, നാരായണൻ, മാധവൻ ,ഗോവിന്ദൻ ,വിഷ്ണു, മധുസൂദനൻ , ത്രിവിക്രമൻ, വാമനൻ, ശ്രീധരൻ, ഹൃഷികേശൻ , പത്മനാഭൻ, ദാമോദരൻ , സങ്കർഷണൻ, വാസുദേവൻ , പ്രദ്യുമ്നൻ, അനിരുദ്ധൻ  , പുരുഷോത്തമൻ, അധോക്ഷജൻ, നരസിംഹം , അച്യുതൻ , ജനാർദ്ദനൻ, ഉപേന്ദ്രൻ , ഹരി, ശ്രീകൃഷ്ണൻ ) പിന്നീട് വിഷ്ണുപഞ്ജരന്യാസവും മന്ത്രന്യാസവും ചെയ്യണം.  അപ്രകാരം തന്നെ മടികൂടാതെ പ്രതിമയിലും ഈ ന്യാസങ്ങളെല്ലാം ചെയ്യണം. മുമ്പിൽ ഇടതു ഭാഗത്തായി കലശവും വലത്തായി പുഷ്പങ്ങളും വയ്ക്കണം.  അർഘ്യം, പാദ്യം, മധുപർക്കം, ആമചനീയം എന്നിവയ്ക്ക് വേണ്ടി നാലു പാത്രങ്ങൾ വയ്ക്കണം അതിൽ പിന്നെ സൂര്യനു സമാനമായി ശോഭിക്കുന്ന സ്വന്തം ഹൃദയകമലത്തിൽ ജീവസംജ്ഞയോടുകൂടിയ എന്റെ കലയെ ധ്യാനിക്കണം. സ്വന്തം ദേഹം മുഴുവൻ ആ കലയാൽ വ്യാപിക്കപ്പെട്ടതായി സങ്കല്പിച്ച് ആ കലയെ തന്നെ പ്രതിമാദികളിൽ ആവാഹിക്കണം. പാദ്യം, അർഘ്യം, ആമചനീയം എന്നിവയാലും സ്നാനം, വസ്ത്രം, വിഭൂഷണങ്ങൾ എന്നിവയാലും ശക്തിക്കനുസരിച്ച ഉപചാരങ്ങളാലും നിഷ്ക്കപടമായി എന്നെ അർച്ചിക്കണം.  വിഭവ സമൃദ്ധിയുളളവനെങ്കിൽ നിത്യവും കർപ്പൂരം, കുങ്കുമം, അഗുരു , ചന്ദനം, ഉത്തമമായ സുഗന്ധ പുഷ്പങ്ങൾ എന്നിവയാൽ മന്ത്രോച്ചാരണത്തോടു കൂടി അർച്ചിക്കണം. അപ്രകാരം തന്നെ നീരാജനം, ധൂപം, ദീപം, നാനാപ്രകാരത്തിലുളള നൈവേദ്യം എന്നിവയാൽ വേദോക്തമായ രീതിയിൽ ദശാവരണപൂജയും ചെയ്യണം. പ്രതിദിനം അതീവശ്രദ്ധയോടുകൂടി എല്ലാ പദാർത്ഥങ്ങളും നിവേദിച്ചാൽ ഈശ്വരനായ ഞാൻ അവ ശ്രദ്ധയോടുകൂടി ഭക്ഷിക്കും. മന്ത്രപണ്ഡിതനാണെങ്കിൽ പൂജാനന്തരം കഷ്ടപ്പെട്ടിട്ടും വിധിപ്രകാരം ഹോമം നിവർത്തിക്കണം. ശാസ്ത്രവിചാരദനാണെങ്കിൽ അഗസ്ത്യനാൽ നിർദ്ദഷ്ടമായ വിധിപ്രകാരമുളള ഹോമകുണ്ഠം തീർത്ത് മൂലമന്ത്രം കൊണ്ടോ പുരുഷ സൂക്തം കൊണ്ടോ ആഹൂതി ചെയ്യണം.  അതല്ലെങ്കിൽ അഗ്നിഹോത്രിയുടെ അഗ്നിയിൽ ചരുവോ ഹവിസ്സോ ഹോമിക്കണം. ഹോമം ചെയ്യുമ്പോൾ  അഗ്നി മധ്യത്തിൽ തപ്തസ്വർണ്ണവർണ്ണത്തോടു കൂടിയവനും ദിവ്യാഭരണവിഭൂഷിതനുമായ യജ്ഞ പുരുഷനെ സദാ സങ്കല്പിച്ച് ധ്യാനിക്കണം . പിന്നീട് ഭഗവാന്റെ പാർഷദന്മാർക്ക് ബലി സമർപ്പിച്ച് ഹോമം സമാപിക്കണം.  താംബൂലാദി മുഖസുഗന്ധദ്രവ്യങ്ങൾ പ്രീതിയോടെ സമർപ്പിച്ച ശേഷം മൗനിയായി എന്നെ ധ്യാനിച്ച് കൊണ്ട് ജപം നടത്തണം. നൃത്യം, ഗീതം , സ്തുതിപാഠം എന്നിവ ചെയ്യണം. എന്നെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് ഭൂമിയിൽ ദണ്ഡനമസ്കാരം ചെയ്യണം.   പ്രസാദത്തെ ഇത് ഭഗവദ്പ്രസാദമാണല്ലോ എന്ന് ഭാവന ചെയ്തു കൊണ്ട് ശിരസ്സിൽ ധരിക്കണം. പിന്നീട് കൈകൾകൊണ്ട് എന്റെ പാദങ്ങൾ ഗ്രഹിച്ച്, ഭക്തിയോടു കൂടി മൂർദ്ധാവിൽ വിന്യസിച്ച്  ' ഈ ഘോരസംസാരത്തിൽ നിന്ന് എന്നെ (ഭക്തൻ )  ഉദ്ധരിക്കണമേ'  എന്നിങ്ങനെ പ്രാർഥിച്ചു കൊണ്ട് നമസ്ക്കരിച്ചശേഷം , യഥാപൂർവ്വം പ്രത്യേകം മനസ്സിൽ ഉദ്വസിക്കണം. ഈ പറഞ്ഞ പ്രകാരത്തിൽ  വിധിപ്രകാരം എന്നെ പൂജചെയ്യുകയാണെങ്കിൽ എന്റെ അനുഗ്രഹം ഹേതുവായി ഈ ലോകത്തിലും പരലോകത്തിലും അവൻ സംസിദ്ധിയെ പ്രാപിക്കും. എന്റെ ഭക്തൻ ഇപ്രകാരം എന്നെ പൂജ ചെയ്യുന്നു എങ്കിൽ അവന് എന്റെ സാരൂപ്യം ലഭിക്കുമെന്നതിൽ സംശയമില്ല 

രഹസ്യവും പരമപാവനവും സനാതനവും എന്നാൽ തന്നെ കഥിക്കപ്പട്ടതുമായ  ഈ പൂജാവിധി യാതൊരുവൻ പഠിക്കുകയോ ശ്രവിക്കുകയോ ചെയ്യുന്നുവോ അവൻ സമ്പൂർണ്ണ പൂജയുടെ ഫലത്തെ പ്രാപിക്കും.  പരമാത്മാവായ ശ്രീരാമൻ സ്വഭക്തനായ ലക്ഷ്മണന് ഇപ്രകാരമുള്ള ക്രീയയോഗത്തെ ഉപദേശിച്ചു കൊടുത്തു

അങ്ങനെയിരിക്കെ ഒരു ദിവസം ഹനുമാൻ സുഗ്രീവ സന്നിധിയിൽ എത്തി ഇപ്രകാരം പറഞ്ഞു. ഹേ രാജൻ, അങ്ങ് അങ്ങേയ്ക്ക് ഉപകാരം ചെയ്ത രാമനെ മറന്നു നന്ദി ഇല്ലാത്തവനേ പോലെ , വാനരസ്വഭാവം ഹേതുവായി സ്ത്രീലമ്പടനും മദ്യാസക്തനുമായി കഴിയുന്നു. സീതാന്വേഷണം ചെയ്യാമെന്ന് സത്യം ചെയ്തതും മറന്നുവോ. ശ്രീരാമൻ ലക്ഷ്മണനോടുകൂടി അങ്ങയെ പ്രതീക്ഷിച്ചു പർവ്വതമുകളിൽ വസിക്കുന്നു.  അങ്ങും ബാലിയെ പോലെ വധിക്കപ്പെടും'. ഇപ്രകാരമുള്ള ഹനുമാന്റെ വാക്കുകൾ കേട്ട് ഭയന്ന് സുഗ്രീവൻ പറഞ്ഞു  . ഭവാൻ പറയുന്നത് സത്യമാണ്.  വേഗം തന്നെ പത്തു ദിക്കിലേക്കും വാനരന്മാരെ അയയ്ക്കുക. ഏഴു ദ്വീപിലുമുളള വാനരന്മാർ ഒരു പക്ഷത്തിനുളളിൽ മടങ്ങി വരുകയും വേണം.  ഒരു പക്ഷം കഴിഞ്ഞു വാരാത്തവർ വധിക്കപ്പെടുന്നതാണ്. അപ്രകാരം ഹനുമാൻ പത്തു ദിക്കുകളിലേക്കും വേഗതയേറിയ കപികളെ പറഞ്ഞയച്ചു

അങ്ങനെയിരിക്കെ ഒരു ദിവസം ശ്രീരാമൻ സീതാവിരഹം സഹിക്കാതെ ലക്ഷ്മണനോട് ഇപ്രകാരം അരുളി ചെയ്തു.  " രാക്ഷസനാൽ അപഹൃതയായ സീത ജീവിച്ചിരിക്കുന്നുവോ മരിച്ചുവോയെന്നറിയില്ല. സീത ജീവിച്ചിരിക്കുന്നു എന്ന് എന്നോട് പറയുന്നതാരോ അവനെനിക്ക് പ്രിയനാകും. എവിടെയായലും ഞാൻ അവളെ വീണ്ടെടുക്കും. സീതയെ അപഹരിച്ചതാരായാലും അവന്റെ പുത്രരെയും സൈനികരെയും എല്ലാം ഞാൻ ഭസ്മീകരിക്കും. എന്നെ കാണാതെ ദുഃഖാർത്തയായ സീത എങ്ങനെയാണ് ജീവനെ ധരിക്കുക. ചന്ദ്രാനനായ സീതയുടെ വിരഹം ചന്ദ്രനു പോലും സൂര്യനെ പോലെ താപം തോന്നിക്കുന്നു. ദയാഹിനനായ സുഗ്രീവനും എന്നെ കാണുന്നില്ല. സുഖഭോഗങ്ങളിൽ മുഴുകിയ സുഗ്രീവൻ ശരത്ത്ക്കാലം വന്നിട്ടും സിതാന്വേഷണത്തിനുമുതിരുന്നില്ല.  നന്ദികെട്ടവനായ സുഗ്രീവനും ബാലിയെ പോലെ വധിക്കപ്പെടും

ശ്രീരാമനെ ഇങ്ങനെ ക്രുദ്ധനായി കണ്ടു ലക്ഷ്മണൻ താൻ പോയി സുഗ്രീവനെ വധിച്ചു വരുന്നതാണ് എന്ന് പറഞ്ഞു. ഉടനെ പുറപ്പെടാനൊരുങ്ങിയ ലക്ഷ്മണനോട് ശ്രീരാമൻ പറഞ്ഞു.  വധിക്കപ്പെടേണ്ടവനല്ല സുഗ്രീവൻ , സുഹൃത്താണ് താനും. ബാലിയെ പോലെ സുഗ്രീവനെയും വധിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി അവൻ എന്തു പറയുന്നു എന്ന് കേട്ടു വരൂ . ശേഷം വേണ്ടത് തീരുമാനിക്കാം

അങ്ങനെ തന്നെയെന്നു പറഞ്ഞു കോപത്തോടെ ലക്ഷ്മണൻ കിഷ്കിന്ധയിലേക്ക് പുറപ്പെട്ടു. രാവണവധത്തിനായി ബ്രഹ്മാവിനാൽ പ്രാർത്ഥിക്കപ്പെട്ട് ദാശരഥിയായി അവതരിച്ച പരമാത്മാവ്, മായയ്ക്കധീതൻ, മായയാൽ മോഹിപ്പിക്കപ്പെട്ട് അജ്ഞാനിയായ മനുഷ്യർക്ക് എങ്ങനെ മോക്ഷം പ്രദാനം ചെയ്യാമെന്ന് ചിന്തിച്ച് , മഹാവിഷ്ണു രാമായണമെന്നുപേരായ സർവ്വപാപഹാരിണിയായ കഥയെ, ലോകത്തെങ്ങും പ്രചരിപ്പിക്കാനായി മനുഷ്യ ചേഷ്ടയെ കൈകൊളളുന്നവനായി, കാര്യാർത്ഥ സിദ്ധിക്കയി ക്രോധം, മോഹം, കാമം എന്നിവയെ അതാത് കാലത്തിന് ഉചിതമായിരുന്നോ കൈക്കൊണ്ടു കൊണ്ട് അവശന്മാരായ പ്രജകളെ മോഹിപ്പിക്കുന്നു. അദ്ദേഹം വിജ്ഞാനസ്വരൂപനും, വിജ്ഞാനമാകുന്ന ശക്തിയോടു കൂടിയവനും സർവ്വസാക്ഷിയും ഗുണാതീതനുമാണ്. ജനനമില്ലാത്ത അദ്ദേഹം ഭക്തന്മാരുടെ ഭാവനാനുസൃതമായി അവതാരങ്ങൾ കൈകൊളളുന്നു.

കിഷ്കിന്ധയിലെത്തിയ ലക്ഷ്മണൻ വാനരന്മാരെ ഭയപ്പെടുത്താനായി ചെറുഞാണൊലിയിട്ടു  പേടിച്ച വാനരന്മാർ കല്ലും മരങ്ങളും കൈയ്യിലേന്തി ശബ്ദമുണ്ടാക്കി   ലക്ഷ്മണന്റെ വരവറിഞ്ഞ അംഗദൻ വേഗമെത്തി പൗരന്മാരെ മാറ്റി നിർത്തി ലക്ഷ്മണ സമീപത്ത് ചെന്ന് ദണ്ഡനമസ്കാരം ചെയ്തു. ശ്രീരാമൻ പറഞ്ഞയച്ചു ലക്ഷ്മണൻ എത്തിയ വിവരം സുഗ്രീവനെയറിയിക്കാൻ ലക്ഷ്മണൻ പറഞ്ഞ പ്രകാരം അംഗദൻ സുഗ്രീവനെ അറിയിച്ചു  ഇതു കേട്ട് ഭയന്ന് സുഗ്രീവൻ ഹനുമാനോട് അംഗദനെയും കൂട്ടി ലക്ഷ്മണ സവിധത്തിൽ ചെന്ന് കോപം ശമിപ്പിച്ച് കൂട്ടി കൊണ്ട് വരാൻ പറഞ്ഞു. ശേഷം താരയോടും ലക്ഷ്മണസമീപത്തെത്തി മൃദുവാക്കു ചൊല്ലി കോപം ശമിപ്പിച്ച് ആനയിക്കാൻ പറഞ്ഞു. ഹനുമാൻ ലക്ഷ്മണനരികിൽ ചെന്ന് ശിരസ്സ് നമിച്ചു സ്വാഗതമരുളി. രാജദാരങ്ങളേയും സുഗ്രീവനേയും കണ്ടതിനുശേഷം അങ്ങ് കല്പ്പിക്കുന്നതുപോലെ ചെയ്യാമെന്നു പറഞ്ഞു കൈയ്യും പിടിച്ച് കൂട്ടികൊണ്ടു പോയി  . അന്തപുര മദ്ധ്യത്തിൽ നിന്ന താര ലക്ഷ്മണനെ വന്ദിച്ച് വാനരരാജനിൽ കോപമരുതെന്നും, വാനര സ്വഭാവത്താൽ കാമഭോഗാസക്തനായതാണെന്നും , എന്നാൽ നാനദേശത്തുളള വാനരന്മാരെ വരുത്താനായി ദൂതരെ അയച്ചിട്ടുണ്ടന്നും വാനരസൈന്യത്തോടെപ്പം ദൈത്യനിഗ്രഹം നടത്തുമെന്നും പറഞ്ഞു താര ലക്ഷ്മണനെ സമാശ്വസിപ്പിച്ചു. ഇപ്പോൾ അന്തപുരത്തിൽ പോയി സുഗ്രീവനെ കണ്ട് അദ്ദേഹത്തിന് അഭയം നല്കി രാമസന്നിധിയിലേക്ക് കൂട്ടികൊണ്ടു ഗമിച്ചാലുമെന്ന് പറഞ്ഞു താര

കോപം തെല്ലു ശമിച്ച ലക്ഷ്മണൻ അന്തപുരത്തിൽ ചെന്ന് സുഗ്രീവനെ കണ്ടു ഇപ്രകാരം പറഞ്ഞു. ദുരാചാരനായ സുഗ്രീവാ, നീ രഘുനാഥനെ വിസ്മരിച്ചുകളഞ്ഞുവല്ലോ? ബാലിയെ കൊന്ന ബാണം ഇപ്പോഴും കൈവശമുണ്ട് . നിനക്കും ബാലിയുടെ മാർഗ്ഗത്തിൽ പോകാം

കോപാകുലനായ ലക്ഷ്മണനോട് ഹനുമാൻ പറഞ്ഞു.  സുഗ്രീവൻ രാമഭക്തിയുളളവനാണ്. രാമകാര്യം മറന്നിട്ടില്ലയെന്നു മാത്രമല്ല അതിനായി അദ്ദേഹം പ്രവർത്തിക്കുകയും ചെയ്തു തുടങ്ങി.  ചുറ്റും നോക്കൂ പ്രഭോ കോടാനുകോടി വാനരന്മാർ വന്നെത്തിയിട്ടുണ്ട്  അവർ സീതാന്വേഷണത്തിനായി താമസിയാതെ പുറപ്പെടുന്നതായിരിക്കും. സുഗ്രീവൻ രാമകാര്യം വേഗം തന്നെ സാധിപ്പിക്കും

സുഗ്രീവൻ അർഘ്യപാദ്യാദികളാൽ ലക്ഷ്മണനെ പൂജിച്ച് ആലിംഗനം ചെയ്തു കൊണ്ട് പറഞ്ഞു." ശ്രീരാമനാൽ രക്ഷിക്കപ്പെട്ട ഞാൻ അദ്ദേഹത്തിന്റെ ദാസനാണ്. അദ്ദേഹം ക്ഷണാർദ്ധം കൊണ്ട് സ്വതേജസ്സിനാൽ  സർവ്വ ലോകങ്ങളെയും ജയിക്കാൻ പോന്നവനാണ്. വനരന്മാരോടു കൂടിയ ഞാൻ അദ്ദേഹത്തിന് ഒരു സഹായി മാത്രമാണ്

സ്നേഹാദിക്യത്താൽ പറഞ്ഞവ ക്ഷമിക്കണമെന്ന് പറഞ്ഞു ലക്ഷ്മണൻ സുഗ്രീവൻ ഹനുമാൻ അംഗദൻ നീലൻ തുടങ്ങിയവരെയും കൂട്ടി ശ്രീരാമ സവിധത്തിലേക്ക് യാത്രയായി

തുടരും ....

✍ കൃഷ്ണശ്രീ 


No comments:

Post a Comment