Sunday, October 10, 2021

അദ്ധ്യാത്മ രാമായണം ഇരുപതാം ദിവസം

അദ്ധ്യാത്മ രാമായണം ഇരുപതാം ദിവസം

സീതാന്വേഷണം
 
അനന്തരം പ്രവർഷ ഗിരിയിലെത്തിയ ലക്ഷ്മണസുഗ്രീവനാമാർ ശ്രീരാമാ പാദം നമസ്ക്കരിച്ചു. ശ്രീരാമൻ സുഗ്രീവനെ ആലിംഗനം ചെയ്തിരുത്തി കുശലപ്രശ്നത്തിനു ശേഷം യഥാവിധി സല്ക്കരിച്ചു.   ശേഷം സുഗ്രീവൻ ശ്രീരാമനോട് ഇപ്രകാരം പറഞ്ഞു.  ഹേ, ദേവാ ! ദേവാംശസംഭവന്മാരും അതീവ ബലശാലികളും യുദ്ധവിദഗ്ദ്ധരുമായ എണ്ണമറ്റ വാനരസേനയെ കണ്ടാലും.  ഇവർ അങ്ങയുടെ ആജ്ഞ അനുസരിക്കുന്നവരാണ്. ബുദ്ധിമാനും വീരനുമായ ജാംബവാൻ , മഹാപരാക്രമിയായ ഹനുമാൻ, നീലൻ ,നളൻ ,ഗവയൻ, ഗവാക്ഷൻ ,ഗന്ധമാദനൻ, ശരഭൻ, താരൻ, ഹനുമാന്റെ പിതാവും മഹാബലവാനുമായ കേസരി ഇവരൊക്കെ സൈന്യത്തിലെ പ്രധാനികളാണ്. ബാലി പുത്രനും മഹാബലവാനുമായ അംഗദനും ഈ സൈന്യവും അങ്ങയുടെ ആജ്ഞയ്ക്കായി കാത്തിരിക്കുന്നു. ഇത് കണ്ടു സന്തോഷത്തോടെ ശ്രീരാമൻ സുഗ്രീവനോട് പറഞ്ഞു ഭവാൻ ഇവരെ സീതാന്വേഷണത്തിനായി നിയോഗിച്ചാലും.  അതു കേട്ട് സുഗ്രീവൻ സർവ്വ ദിക്കിലേക്കും വിവിധ വാനരന്മാരെ സീതാന്വേസണത്തിനായി  നിയോഗിച്ചു. ദക്ഷിണ ദിക്കിലേക്ക് അംഗദൻ, ജാംബവാൻ, ഹനുമാൻ, നളൻ, സുഷേണൻ ,ശരഭൻ, മൈന്ദൻ, ദ്വിവിദൻ എന്നീ പ്രമുഖരായ വാനരന്മാരെ നിയോഗിച്ചു. സീതയെ തിരഞ്ഞ് കണ്ടു പിടിച്ച് ഒരു മാസത്തിനുള്ളിൽ തിരിച്ചു വരണമെന്നും അല്ലാത്തപക്ഷം വധശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സുഗ്രീവൻ പറഞ്ഞു.

അനന്തരം പോകാനൊരുങ്ങിയ ഹനുമാനെ വിളിച്ച് ശ്രീരാമൻ ഇങ്ങനെ പറഞ്ഞു.  ' തിരിച്ചറിയുന്നതിനായി ഈ മുദ്ര മോതിരം രഹസ്യമായി സീതയ്ക്ക് കൊടുക്കുക. ഇനി യാത്ര തിരിച്ചാലും . മാർഗ്ഗം ശുഭമായിരിക്കട്ടെ ' .എന്നു പറഞ്ഞു

സീതാന്വേഷണത്തിനായി പോയ അംഗദനും സംഘവും വിന്ധ്യാ പർവ്വതത്തിലെ കാനനങ്ങളിലൂടെ സീതയെ തേടി നടന്നവർ ദാഹം സഹിക്കാതെ അലഞ്ഞു നടക്കുമ്പോൾ ഒരു ഗുഹയിൽ നിന്നും ഹംസങ്ങളും ക്രൗഞ്ചങ്ങളും നനഞ്ഞ ചിറകുമായി പറന്നു പോകുന്നതു കണ്ടു ആ ഗുഹയിൽ വെള്ളം ഉണ്ടാകുമെന്ന് കരുതി ഗുഹയിലേക്കിറങ്ങി. ഗുഹയ്ക്കുളളിലെ ഇരുട്ടിൽ കണ്ണു കാണാനാകാതെ പരസ്പരം കൈപിടിച്ച് സഞ്ചരിച്ച അവർ മുന്നിൽ സ്ഫടിക തുല്യമായ ജലം നിറഞ്ഞ പൊയ്കയും ഫലങ്ങൾ, തേൻ, ദിവ്യമായ ഭക്ഷ്യവസ്തുക്കൾ എന്നിവ നിറഞ്ഞതും മനുഷ്യ വാസമില്ലാത്തവയുമായ ഗൃഹങ്ങളും കണ്ടു വിസ്മയിച്ചു.  അവിടെ ഒരു സിംഹാസനത്തിൽ യോഗാസനത്തിൽ ഇരിക്കുന്നവളും അതീവ ത്വേജസിനിയുമായ ഒരു യോഗിനിയെ കണ്ടു അവരെ നമസ്കരിച്ചു. നിങ്ങൾ എന്തിന് ഇവിടെ വന്നു ? ആരുടെ ദൂതരാണ്? എന്ന ചോദ്യത്തിന് മറുപടിയായി ഹനുമാൻ ഇപ്രകാരം പറഞ്ഞു. അയോദ്ധ്യപതിയായ ദശരഥ നന്ദനൻ പിതാവിന്റെ ആജ്ഞാനുസരണം അനുജനും പത്നിയുമായി വനവാസം നടത്തുമ്പോൾ അദ്ദേഹത്തിന്റെ പത്നിയെ ഏതോ രാക്ഷസൻ അപഹരിച്ചു.  പത്നിയെ തേടി നടന്നു ശ്രീരാമൻ സുഗ്രീവനരികിലെത്തുകയും സഖ്യം ചെയ്യുകയും ചെയ്തു. അപ്രകാരം സീതാന്വേസണത്തിനായി വന്ന വാനരന്മാർ ആണ് ഞങ്ങൾ. ദാഹം സഹിക്കാതെ വെള്ളം തേടി ഈ ഗുഹയിൽ ഇറങ്ങിയതാണ്. ഭവതി ആരാണെന്നും എന്താണ് ഇവിടെ താമസിക്കുന്നത് എന്നും പറഞ്ഞാലും. വാനരന്മാരെ കണ്ടു സന്തുഷ്ടയായ ആ യോഗിനി , അവരോട്  " യഥേഷ്ടം ഫലമൂലാദികൾ ഭക്ഷിച്ച് ജലപാനവും ചെയ്ത് വന്നാൽ,  ആദ്യം മുതലുള്ള വൃത്താന്തം ഞാൻ പറയാം എന്നു പറഞ്ഞു

അപ്രകാരം അവർ ഫലമൂലാദികൾ ഭക്ഷിച്ച് ജലപാനവും ചെയ്ത് സന്തുഷ്ടരായി അഞ്ജലീബദ്ധരായി യോഗിനിയുടെ മുന്നിൽ നിന്നു. അപ്പോൾ ആ യോഗിനി പറഞ്ഞു.  പണ്ട് വിശ്വകർമ്മാവിന്റെ പുത്രിയായി ഹേമ എന്ന പേരായി, ദിവ്യരൂപിണിയായ ഒരു സ്ത്രീയുണ്ടായിരുന്നു. സുന്ദരിയായ അവർ നൃത്തത്താൽ പരമശിവനെ സന്തോഷിപ്പിച്ചു. പ്രസന്നനായ മഹേശ്വരൻ മഹത്തായ ഈ ദിവ്യപുരം അവർക്ക് അനുഗ്രഹിച്ചരുളി. ആ സുന്ദരിയുടെ സഖിയായ സ്വയംപ്രഭ എന്ന ഗന്ധർവ്വ പുത്രിയാണ് ഞാൻ.  ബ്രഹ്മലോകത്തേക്കു പോകുന്ന അവസരത്തിൽ അവർ എന്നോട്" സർവ്വജന്തുരഹിതമായ ഈ സ്ഥലത്ത് തപസ്സു ചെയ്തു കൊണ്ട് വസിക്കുക . ത്രേതായുഗത്തിൽ പരമാത്മാവ് ദാശരഥിയായി അവതരിച്ച് വനവാസമനുഷ്ടിക്കുമെന്നും അദ്ദേഹത്തിന്റെ ഭാര്യയെ അന്വേഷിച്ചു വാനരന്മാർ ഈ ഗുഹയിൽ വരുമെന്നും അപ്പോൾ അവരെ സല്ക്കരിച്ച് ശേഷം ശ്രീരാമനെ പ്രണമിച്ച് സ്തുതിക്കുക. എന്നാൽ നിനക്ക് യോഗിഗമ്യവും സനാതനവുമായ വിഷ്ണു പദം ലഭിക്കുമെന്നും പറഞ്ഞു. താൻ ഉടനെ ശ്രീരാമ ദർശനത്തിനായി ഗമിക്കുന്നു എന്നും വാനരന്മാരെ കണ്ണടച്ചു കൊളളുക നിങ്ങളെ ഗുഹയുടെ പുറത്തു എത്തിക്കാമെന്നും അവർ പറഞ്ഞു.  അപ്രകാരം വാനരന്മാരെ ഗുഹയ്ക്ക് പുറത്തു എത്തിച്ച ശേഷം സ്വയംപ്രഭയാകട്ടെ ശ്രീരാമ സന്നിധിയിൽ എത്തി. സുഗ്രീവലക്ഷ്മണന്വിതനായിരിക്കുന്ന രാമനെ അനേകം തവണ പ്രദക്ഷിണം വച്ച് ഇപ്രകാരം  സ്തുതിച്ചു.  അങ്ങയുടെ കിങ്കരിയായ ഞാൻ അനേക വർഷം തപസ്സനുഷ്ഠിച്ചിരുന്നു. ഇന്ന് ആ തപസ്സ് ഫലവത്തായി. അങ്ങ് സർവ്വ ഭൂതങ്ങളിലും അലക്ഷിതഭാവത്തിൽ ബഹിർ ഭാഗത്തും അന്തർഭാഗത്തും സ്ഥിതി ചെയ്യുന്നു. യോഗമായയായ തിരശ്ശീലയാൽ മറയ്ക്കപ്പെട്ട മനുഷ്യ വിഗ്രഹനാണ് ഭവാൻ. അജ്ഞാന ഭൃക്കുകളായ സാധാരണ മനുഷ്യർക്ക് അദൃശ്യനാണ്.ഈ ലോകത്തിൽ അങ്ങയുടെ തത്വം ആരും അറിയുന്നില്ല. സംസാരസാഗരം തരണം ചെയ്യുന്നതിനും സന്മാർഗ്ഗദർശനത്തിനും മോഷത്തിനും കാരണമായുളള അവിടുത്തെ രൂപം എന്റെ ഹൃദയത്തിൽ സദാ പരിശോഭിക്കണം. നിർഗ്ഗുണനായും ത്രിഗുണസ്വരൂപനായും കാലസ്വരൂപനായും നിയന്ത്രാവായും ആദിമദ്ധ്യാന്തവർജ്ജിതനായും ഇരിക്കുന്ന അങ്ങേയ്ക്ക് നമസ്കാരം. സർവാന്തർയാമിയായിരിക്കുന്ന പരമപുരുഷനായ അങ്ങേയ്ക്ക് പ്രീയനോ ദ്വേഷിയോ ഉദാസീനനായോ ആരും തന്നെയില്ല. അവിനാശിയായ അങ്ങ് അങ്ങയുടെ കഥാശ്രവണണത്താൽ ഭക്തനു മുക്തി സാധിക്കാനായി ജാതനായിയെന്നും , ദശരഥന്റെ തപസ്സിന്റെ ഫലമായി ജാതനായെന്നും, കൗസല്യയുടെ പ്രാർത്ഥന ഹേതുവായി ജാതനായെന്നും, ബ്രഹ്മാവിനാൽ അർത്ഥിക്കപ്പെട്ട് ഭൂഭാരഹരണത്തിനായി ജാതനായിയെന്നും പലവിധം പറയുന്നു ജനം. യാതൊരുവൻ അങ്ങയുടെ മംഗളകഥ കേൾക്കുകയോ കീർത്തിക്കുകയോ ചെയ്യുന്നുവോ അവൻ സംസാരസാഗരം കടന്നു ഭഗവാൻറെ പാദപങ്കജം ദർശിക്കുന്നു . ചാപബാണങ്ങൾ ധരിച്ചവനും ഭ്രാതാവായ ലക്ഷ്മണനോടും സുഗ്രീവനോടും കൂടിയിരിക്കുന്ന അങ്ങയെ ഞാൻ നമിക്കുന്നു.   ഈ സ്തുതികേട്ട് എന്തു വരമാണ് വേണ്ടത് എന്ന് ചോദിച്ച രാമനോട് സ്വയംപ്രഭ ഇപ്രകാരം പറഞ്ഞു.  താൻ എവിടെ ജനിച്ചാലും രാമനിൽ അചഞ്ചല ഭക്തിയുണ്ടാവണമെന്നും സീതാലക്ഷമണ സമേതനായ അങ്ങയുടെ ശ്യാമളരൂപം എപ്പോഴും ധ്യാനിക്കുമാറകണം. മറ്റൊരു വരവും വേണ്ടെന്നു പറഞ്ഞു

അങ്ങനെ തന്നെ ഭവിക്കട്ടെ, ഭവതി ബദര്യാശ്രമത്തിൽ ചെന്ന് എന്നെ തന്നെ സ്മരിച്ചു വേഗത്തിൽ  പഞ്ചഭൂതാത്മാകമായ ഈ ദേഹം പരിത്യജിച്ച് പരമാത്മാവായ എന്നെ പ്രാപിക്കുക എന്ന് ശ്രീരാമൻ അരുളി ചെയ്തു.  രാമവാക്യം കേട്ട് സ്വയംപ്രഭ അപ്രകാരം തന്നെ ചെയ്തു പരമപദം പ്രാപിച്ചു.

അനന്തരം സീതാന്വേഷണത്താൽ ക്ഷീണിച്ചു വലഞ്ഞ വാനരന്മാരോട് അംഗദൻ ഇപ്രകാരം പറഞ്ഞു തുടങ്ങി.  ഗുഹയിൽ പെട്ട് അലഞ്ഞു തിരിഞ്ഞു മാസം പോയത് അറിഞ്ഞില്ല. സീതാദേവിയെ കണ്ടതുമില്ല. തിരിച്ചു ചെന്നാൽ സ്നേഹമില്ലാത്ത സുഗ്രീവൻ തന്നെ നിശ്ചയം വധിക്കും. ശ്രീരാമനാലാണ് താൻ രക്ഷിതനായിരുന്നതും.  രാമകാര്യം സാധിക്കാതെ ചെന്നാൽ അദ്ദേഹവും രക്ഷിക്കയില്ല. അതിനാൽ താൻ ഇവിടെ വച്ച് തന്നെ ജീവൻ ത്യജിക്കുകയാണ് എന്ന് പറഞ്ഞു.  ഇതു കേട്ട വാനരന്മാർ അംഗദനോട് വിഷമിക്കേണ്ട എന്നും ആ സ്വർഗ്ഗ തുല്യമായ ഗുഹയിൽ പോയി ഭയമില്ലാതെ വസിക്കാമെന്നും പറയുന്നു. അപ്പോൾ ഹനുമാൻ അംഗദനെ ആലിംഗനം ചെയ്തു കൊണ്ട് ഇങ്ങനെ ചോദിച്ചു.  എന്തിനാണ് വിഷമിക്കുന്നത് . രാജാവിന് താരാപുത്രനെ ഏറേ പ്രിയമാണ്. ശ്രീരാമചന്ദ്രനും ലക്ഷ്മണനേക്കാൾ നിന്നെ സ്നേഹമുണ്ട്. അതുകൊണ്ട് ഭീതിയുടെ ആവശ്യമില്ല. ഗുഹാവാസം അപകടമറ്റതാണെന്ന് വാനരന്മാർ പറയുന്നുവല്ലോ എന്നാൽ അറിയുക രാമബാണത്തിന് അഭേദ്യമായതൊന്നുമില്ല ഈ ത്രിഭുവനത്തിലും. ശ്രീരാമൻ കേവലം മനുഷ്യനല്ല സാക്ഷാൽ പരമാത്മാവ് തന്നെയാണ്. ജനകജയാകട്ടെ സാക്ഷാൽ ലക്ഷ്മി ദേവിയും ലക്ഷ്മണൻ ശേഷനെന്ന സർപ്പരാജനുമാണ്. നമ്മളെല്ലാം വൈകുണ്ഠനാഥന്റെ കിങ്കരന്മാരുമാണ്. അദ്ദേഹത്തിന്റെ സേവ അനുഷ്ഠിച്ചു  വൈകുണ്ഠ പ്രാപ്തി നേടാം

അനന്തരം സീതയെ അന്വേഷിച്ചു  സഞ്ചരിച്ച് കൊണ്ട് ദക്ഷിണ സമുദ്രതീരത്തുളള മഹേന്ദ്രഗിരിയുടെ അടിവാരത്തിൽ എത്തി. മുന്നിൽ അഗാധവും ഭയങ്കരവുമായ സമുദ്രം കണ്ടു ഭയഗ്രസ്തരായ വാനരന്മാർ സമുദ്രക്കരയിലിരുന്നു ഇപ്രകാരം പറഞ്ഞു. മാസം ഒന്ന് കഴിഞ്ഞു. രാവണനേയോ സീതയോ കണ്ടു കിട്ടിയതുമില്ല. തിരിച്ചു ചെന്നാൽ സുഗ്രീവൻ വധിക്കും.  അതിനേക്കാൾ ശ്രേയസ്സ്ക്കരമായുളളത് പ്രായോപവേശനമാണ്. ഇപ്രകാരം നിശ്ചയിച്ചു സർവ്വ ദിക്കിലും ദർഭ വിരിച്ച് മരണം വരിക്കാൻ തയ്യാറായി

ആ അവസരത്തിൽ മഹേന്ദ്ര പർവ്വതത്തിൽ വസിക്കുന്ന സമ്പാതി എന്ന കഴുകൻ ഓരോ ദിവസവും ഓരോരുത്തരയെന്ന രീതിയിൽ ഭക്ഷിക്കാമെന്ന് പറഞ്ഞു.  ഇത് കേട്ട് ഭീതിപൂണ്ട വാനരന്മാർ ഇപ്രകാരം പറഞ്ഞു നമ്മളാൽ സുഗ്രീവനോ രാമനോ ഹിതമുണ്ടായില്ല. ഈ കഴുകന് ഭക്ഷണമായി യമപുരിയിലേക്ക് പോകേണ്ടിവരും. ധർമ്മാത്മാവായ  ജടായൂ രാമകാര്യാത്ഥം ജീവൻ ത്യജിച്ച് മോഷത്തെ പ്രാപിച്ചു

ഇതു കേട്ട് സമ്പാതി ചോദിച്ചു എൻറെ സഹോദരനായ ജടായുവിന്റെ പേര് പറയുന്ന നിങ്ങൾ ആരാണ്. ഭയപ്പെടേണ്ടതില്ല പറയൂ.. അപ്പോൾ അംഗദൻ  സമ്പാതിയുടെ സമീപത്തു ചെന്നു. " ദാശരഥിയായ രാമൻ സഹോദരൻ ലക്ഷ്മണനും ഭാര്യ സിതയോടും കൂടി പിതൃ ആജ്ഞപ്രകാരം വനത്തിൽ വസിച്ചു കൊണ്ടിരിക്കേ സീതാദേവിയെ ദുഷ്ടനായ രാവണൻ അപഹരിച്ചു. രാമലക്ഷമണന്മാർ നായാട്ടിനു പോയ അവസരത്തിൽ , അപ്രകാരം ബലാല്ക്കാരമായി കൊണ്ടു പോകപ്പെട്ട സീതാദേവി " രാമ രാമ " എന്ന് നിലവിളിക്കുന്നതു കേട്ട് പരാക്രമിയായ ജടായൂ എന്ന പക്ഷീന്ദ്രൻ രാവണനുമായി യുദ്ധം ചെയ്തു രാവണനാൽ ഹതനായി. രാമാകാര്യാർത്ഥം ജീവൻ വെടിഞ്ഞ ജടായൂ രാമനാൽ ദഹിപ്പിക്കപ്പെട്ട് രാമസായൂജ്യമടഞ്ഞു. ശ്രീരാമൻ സുഗ്രീവനുമായി അഗ്നി സാക്ഷിയായി സഖ്യം ചെയ്തു. സുഗ്രീവന്റെ അഭ്യർത്ഥന പ്രകാരം ബാലിയെ വധിച്ചു രാജ്യം സുഗ്രീവനു നല്കി. സുഗ്രീവൻ സീതാന്വേഷണാർത്ഥം ഞങ്ങളെ അയച്ചു . ഒരു മാസത്തിനുള്ളിൽ തിരിച്ചു ചെന്നില്ലെങ്കിൽ വധശിക്ഷ ലഭിക്കുമെന്നാണ് സുഗ്രീവ ആജ്ഞ.  ഒരു മാസം കഴിഞ്ഞു സീതാദേവിയെ കണ്ടു കിട്ടിയതുമില്ല. അതിനാൽ മരിച്ചു കളയാനായി ഞങ്ങൾ പ്രായോപവേശനം ചെയ്യാൻ തുടങ്ങിയതാണ്. 

ഇതു കേട്ട് സമ്പാതി പറഞ്ഞു.  ജടായൂ എന്റെ  സഹോദരനാണ്. വളരെ കാലത്തിനുശേഷം ഇന്നാണ് അവനെ കുറിച്ച് കേൾക്കുന്നത്. ഭ്രാതാവിന് ഉദകക്രീയ ചെയ്യാൻ എന്നെയെടുത്ത് ജലാശയത്തിനടുത്തെത്തിക്കു. നിങ്ങൾക്ക് വാക്കുകൾ കൊണ്ട് ഞാൻ ഉപകാരം ചെയ്യാം. അവർ അപ്രകാരം പക്ഷീന്ദ്രനെ ജലാശയത്തിനരകിലെത്തിച്ചു. പക്ഷീന്ദ്രൻ  സ്നാനം ചെയ്ത് സഹോദരന് ജലാഞ്ജലി നല്കി

  " ത്രികുട പർവ്വതത്തിന്റെ മുകളിൽ ലങ്കയെന്ന ഒരു നഗരമുണ്ട് . അവിടെ രാക്ഷസ സ്ത്രീകളാൽ പരിരക്ഷിതയായി സീതാദേവി വസിക്കുന്നു. നൂറു യോജന അകലെ സമുദ്രമധ്യത്തിലാണ് ലങ്ക.   സമുദ്രം ചാടികടന്ന് ലങ്കയിലെത്തി സീതയെ കണ്ടു മടങ്ങാനുള്ള മാർഗ്ഗം ആലോചിക്കിൻ. എന്റെ   സഹോദരനെ കൊന്ന രാവണൻ വധിക്കപ്പെടണം. 

അനന്തരം സമ്പാതി വാനരന്മാരോട് തന്റെ കഥ പറഞ്ഞു തുടങ്ങി. സഹോദരന്മാരായ ഞാനും ജടയുവും യൗവ്വനകാലത്ത് ബലാധിക്യത്താൽ ദർപ്പിതരായി ആർക്കാണ് കൂടുതൽ ബലമെന്നറിയാൻ സൂര്യമണ്ഡല സമീപം വരെ ഉയരത്തിൽ പറന്നു. അങ്ങനെ പറക്കുമ്പോൾ ചിറകുകൾക്ക് ചൂടേറ്റ് പരീക്ഷണനായി തുടങ്ങിയ ജടായുവിനെ രക്ഷിക്കാൻ അവനു മീതെ പറന്നു എന്റെ ചിറകുകൾ കൊണ്ട് അവന് തണലേകി. അപ്പോൾ പക്ഷങ്ങൾ കരിഞ്ഞ് ഞാൻ വിന്ധ്യാപർവ്വതത്തിന്മേൽ വീണു ബോധരഹിതനായി. മൂന്നു ദിവസത്തിനു ശേഷം ബോധം വന്നപ്പോൾ ചിറകുകൾ കരിഞ്ഞെങ്കിലും ജീവൻ നഷ്ടപ്പെട്ടില്ലെന്നു മനസ്സിലായി. എന്നാൽ ഞാൻ എത്തപ്പെട്ടത് എവിടെ എന്നറിയാതെ സമീപത്തുളള പുണ്യാശ്രമത്തിൽ ചെന്നു. അവിടെ ഉണ്ടായിരുന്നു ചന്ദ്രമാ  ( നിശാകരൻ ) എന്ന മഹർഷി,  എന്നെ നേരത്തെ തന്നെ അറിയാവുന്ന അദ്ദേഹം എന്റെ ചിറകുകൾക്ക് എന്ത് സംഭവിച്ചു എന്ന് ചോദിച്ചു. ദുഃഖത്തോടെ ഞാൻ എല്ലാം പറഞ്ഞു.  പക്ഷങ്ങളില്ലാതെ ഞാൻ എങ്ങനെ ജീവിക്കുമെന്ന് ദുഖിച്ചു.

ഇത് കേട്ട് ആ മഹർഷി ഇപ്രകാരം പറഞ്ഞു. " ഈ ദുഃഖമെല്ലാം ദേഹം നിമിത്തമാണ്. ദേഹമാകട്ടെ കർമ്മ സമുദ്ഭൂതവുമാണ്. പുരുഷന്റെ ദേഹത്തിൽ അഹങ്കാരത്തോടു കൂടി കർമം പ്രവർത്തിക്കുന്നു. അഗ്നിയൽ പഴുപ്പിച്ചെടുത്ത ഇരുമ്പ് പോലെ അഹങ്കാരം എപ്പോഴും ചിതാഭാസയുക്തമാണ്. അങ്ങനെയുളള  ചിദാതാവിന്റെ താദാത്മ്യം ഹേതുവായി ദേഹം ചേതനായുക്തമായി ഭവിക്കുന്നു. അഹങ്കാരം കാരണമായി ആത്മാവിന് ' ദേഹോഹം  ' എന്ന ബുദ്ധിയുണ്ടാകുന്നു. അതിനാൽ ഈ സംസാരം സുഖദുഃഖാദിസാധകമായും തീരുന്നു. നിർവ്വികാരനായ ആത്മാവിന് മിഥ്യയായുണ്ടാകുന്ന തദാത്മ്യത്തിൽ നിന്ന്,  ഞാൻ ദേഹമാകുന്നു, കർത്താവായ ഞാൻ കർമങ്ങൾ ചെയ്യുന്നു എന്ന സങ്കല്പമുണ്ടാകുന്നു. ജീവൻ കർമ്മങ്ങൾ ചെയ്തു അവയുടെ ഫലങ്ങളായി ബദ്ധനായി, അവശനായിത്തീരുന്നു. അപ്രകാരം തന്നെ പാപപുണ്യങ്ങൾക്ക് വശഗനായി, ഊർദ്ധ്വാധോഗമനങ്ങളിൽ ഭ്രമിച്ച് ' ഞാൻ യജ്ഞദാനാദിയായ എത്രയോ പുണ്യകർമ്മങ്ങൾ ചെയ്തിട്ടുണ്ട് അതിനാൽ എനിക്ക് സ്വർഗ്ഗപ്രാപ്തി ലഭിച്ച് സുഖാനുഭവം അനുഭവിച്ചശേഷം , സ്വർഗ്ഗത്തിൽ പരമസുഖം അനുഭവിച്ചശേഷം പുണ്യം ക്ഷയിച്ച് കർമ്മമവശനായി കീഴ്പ്പോട്ടു പതിക്കുന്നു

ജീവൻ ആദ്യമായി ചന്ദ്രമണ്ഡലത്തിൽ പതിച്ച്, നീഹാരസമേതം പിന്നീട് ഭൂമിയിൽ പതിച്ച് കുറെക്കാലം ധാന്യാദികളിൽ സ്ഥിതി ചെയ്യുന്നു. പിന്നീട് അത് ചതുർവിധഭോജ്യങ്ങളിൽ കൂടി പുരുഷനിൽ പ്രവേശിച്ച്, അവനിൽ രേതസ്സായിത്തീർന്ന് ഋതുകാലത്ത് സ്ത്രീ യോനിയിൽ പതിച്ച്, യോനീരക്തത്തോടുകൂടി കലർന്ന്,  ഒരു ദിവസം കൊണ്ട് ജരായുവിനാൽ പരിവേഷ്ടിതമായി കലലമായിത്തീരുന്നു

അത് പിന്നീട് അഞ്ചു രാത്രികൾ കൊണ്ട് ബുദ്ബുദാകാരമായി ( അണ്ഡാകൃതി ovel ) തീരുന്നു. ഏഴു രാത്രികൾ കൊണ്ട് മാംസപേശിത്വത്തെ പ്രാപിക്കും.  ഒരു പക്ഷം കൊണ്ട് ആ പേശി രക്തം കൊണ്ട് നിറയും. ഇരുപത്തഞ്ച് രാത്രികൾ കൊണ്ട് അങ്കുരോൽപ്പത്തിയും സംഭവിക്കും. അതിൽ പിന്നെ ക്രമത്തിൽ ഒരു മാസക്കാലത്തിൽ ചുമലുകൾ, കഴുത്ത്, ശിരസ്സ്, പൃഷ്ഠഭാഗം, ഉദരം എന്നിങ്ങനെയുളള അഞ്ച് അംഗങ്ങൾ രൂപികരിക്കപ്പെടും . രണ്ടു മാസം കൊണ്ട് പാണിപദങ്ങൾ, പാർശ്വങ്ങൾ, അരക്കെട്ട്, മുട്ടുകൾ  എന്നിവയുണ്ടാകുന്നു. മൂന്നാം മാസാവസാനമാകുമ്പോഴേക്കും അവയവങ്ങളിലെ സന്ധികൾ രൂപം കൊളളുന്നു. നാലുമാസം കൊണ്ട് വിരലുകളെല്ലാം ഉണ്ടാകുന്നു. അഞ്ചു മാസങ്ങൾ കൊണ്ട് മൂക്ക്, കർണ്ണങ്ങൾ, കണ്ണുകൾ, പല്ലുകൾ, നഖങ്ങൾ ,ഗുഹ്യം എന്നിവയുണ്ടാകുന്നു. ആറാം മാസത്തിൽ കർണ്ണങ്ങളുടെ ഛിദ്രം സംഭവിക്കും. അപ്രകാരം തന്നെ മനുഷ്യജീവികൾക്ക് ഗുദം, ലിംഗാവയവം, നാഭി എന്നിവയും ഉണ്ടാകും. ഏഴാം മാസത്തിൽ രോമങ്ങളും തലമുടിയും മുളയ്ക്കും. എട്ടാം മാസത്തിൽ അവയവങ്ങളെല്ലാം സ്പഷ്ടമായി വേർതിരിയും . ഇപ്രകാരം ഒരു സ്ത്രീയുടെ ഗർഭപാത്രത്തിൽ ഗർഭം വളർന്നു വരുന്നു.  അഞ്ചാം മാസത്തിൽ ജീവന്ന് ചേതനാശക്തി ഉളവാകും. പൊക്കിൾ കൊടിയിലുളള ചെറിയ ദ്വാരത്തിൽ കൂടി  മാതാവിന്റെ ഭക്ഷണത്തിന്റെ സാരാംശം ലഭിച്ച് ഗർഭം പുഷ്ടിപ്പെടുന്നു. കർമ്മബലത്തിനാൽ ഗർഭം നശിക്കാതിരിക്കുന്നു

ആ ജീവൻ മുൻ ജന്മങ്ങളും അവയിലനുഷ്ഠിച്ച സർവ കർമ്മങ്ങളും സ്മരിച്ചു കൊണ്ട് ജഠരാഗ്നിയുടെ ചൂടുകൊണ്ട് തപിക്കുന്നവനായി ഇങ്ങനെ പറയുന്നു. .

' ഞാൻ ആയിരക്കണക്കിന് നാനായോനികളിൽ ജന്മമെടുത്ത് കോടിക്കണക്കിന് പുത്രദരാദിബന്ധങ്ങളും പശുവർഗ്ഗബന്ധങ്ങളും അനുഭവിച്ചിരിക്കുന്നു. കുടുംബപോക്ഷണത്തിന്നായി ന്യായമായും അന്യായമായും ധനസമ്പാദനം നടത്തിയിരിന്നു. നിർഭാഗ്യവശാൽ സ്വപ്നത്തിൽ പോലും വിഷ്ണു ചിന്ത ചെയ്യുകയുണ്ടായില്ല. ഇപ്പോൾ അതിന്റെ ഫലമായി മഹത്തരമായി ഗർഭദുഖം അനുഭവിക്കുകയാണ്. ഈ നശ്വരദേഹം ശാശ്വതമെന്ന് ധരിച്ച് തൃഷ്ണയോടു കൂടി അകാര്യകർമ്മങ്ങൾ തന്നെ ചെയ്തു കൊണ്ടിരിക്കുന്നു. ആത്മാവിന് ഹിതമായതൊന്നും ചെയ്യാതെ കർമഫലമായി ദുഃഖം സഹിക്കേണ്ടി വന്നു. നരകതുല്യമായ ഈ ഗർഭത്തിൽ നിന്നും പുറത്തു പോയി കഴിയുമ്പോൾ ഞാൻ നിത്യവും വിഷ്ണുവിനെ തന്നെ പൂജിക്കും ഇപ്രകാരം ചിന്തിച്ച് അതീവദുഃഖത്തോടെ നരകത്തിൽ നിന്നും പാതകിയെന്ന പോലെ പുറത്തേക്ക് ഗമിക്കുന്നു. അനന്തരം അവൻ ബാല്യാദി ദുഃഖങ്ങൾ അനുഭവിക്കുന്നു. ഞാൻ ദേഹമാണ് എന്ന ഭാവന മൂലമായി ജീവന് ഗർഭവാസം മുതലായ ദുഃഖങ്ങൾ അനുഭവിക്കേണ്ടി വരുന്നു.  അതിനാൽ ദേഹദ്വയത്തിന് ( സൂക്ഷമസ്ഥൂല  ദേഹങ്ങൾ ) അന്യമായുളള കേവലനായ ആത്മാവിന് അറിഞ്ഞിട്ട് , ദേഹാഭിമാനത്തെ ത്യജിച്ച് ആത്മജ്ഞാനിയായിത്തീരേണ്ടതാണ്. ആത്മാവ് ജഗ്രദാദി അവസ്ഥാവിശേഷങ്ങളിൽ നിന്ന് വിമുക്തനും സത്യജ്ഞാനാദി ലക്ഷണയുക്തനും ശുദ്ധനും ബുദ്ധനും സദാ ശാന്തനും ആണെന്ന് അറിഞ്ഞിരിക്കണം. ചിദാത്മാവിനെപ്പറ്റി ജ്ഞാനം ലഭിക്കുമ്പോൾ അജ്ഞാതസംഭവമായ മോഹം നഷ്ടമാകുന്നു. യോഗികൾക്ക് സുഖമോ അജ്ഞാനസംഭൂതമായ ദുഃഖമോ ഉണ്ടാകുന്നില്ല. നിന്റെ പ്രാരാബ്ധം ക്ഷയിക്കാതിരിക്കുന്ന കാലത്തോളം നീ ഉറകളയാത്ത സർപ്പത്തെ പോലെ  ( ദേഹം ധരിച്ചുകൊണ്ട് ) സുഖമായിരിക്കുക. 

ഇനി വേറൊരു കാര്യം കൂടി പറയാം.  ത്രേതായുഗത്തിൽ ശ്രീമൻനാരായണൻ രാവണവധാർത്ഥം ദാശരഥിയായി അവതരിക്കും. സീതാ ലക്ഷ്മണസമേതം ദണ്ഡകാരണ്യത്തിൽ എത്തിച്ചേരുന്ന അവസരത്തിൽ , രാമലക്ഷ്മണന്മാർ ആശ്രമത്തിൽ ഇല്ലാത്ത അവസരത്തിൽ രാവണൻ ചോരനെ പോലെ സീതയെ അപഹരിച്ചു ലങ്കയിൽ കൊണ്ടു പോയി താമസിപ്പിക്കും. സുഗ്രീവ നിർദ്ദേശാനുസരണം സീതാന്വേഷണത്തിനായി എത്തുന്ന വാനരന്മാരുമായി നീ കണ്ടുമുട്ടുമ്പോൾ സീതയെ സംബന്ധിച്ച യഥാർത്ഥ വിവരം അവരോട് പറയുക . എന്നാൽ നിനക്ക് രണ്ടു പുതിയ ചിറകുകൾ ഉണ്ടാകും. ചന്ദ്രമാനാമായ ആ മുനിശ്രേഷ്ഠൻ എന്നോട് പറഞ്ഞിരുന്നതെല്ലാം ഞാനിപ്പോൾ നിങ്ങളോട് പറഞ്ഞു.  ഇതാ അതികോമളമായ രണ്ടു ചിറകുകൾ എനിക്കുണ്ടായത് കണ്ടാലും നിങ്ങൾക്ക് നല്ലതു വരട്ടെ

യാതൊരാളുടെ നാമസ്മൃതിയാലെ ദുർജ്ജനങ്ങൾ പോലും അളവറ്റ സംസാര സമുദ്രത്തെ തരണം ചെയ്ത് പരമപദം പ്രാപിക്കുന്നുവോ ആ ശ്രീരാമചന്ദ്രന്റെ ഭക്തരായ നിങ്ങൾ ഈ സമുദ്രം നിശ്ചയമായും തരണം ചെയ്യും എന്ന് പറഞ്ഞു സമ്പാതി ആകാശത്തിലേക്ക് പറന്നുയർന്നു

അനന്തരം സമുദ്രം തരണം ചെയ്യുന്നത് എങ്ങനെ എന്ന് അവർ ആലോചിച്ചു. അംഗദൻ വാനരന്മാരോട് പറഞ്ഞു ഓരോർത്തരും അവർക്കു കഴിയുന്നത് , എത്ര ദൂരം ചാടാൻ കഴിയുമെന്ന് പറയുക. ഓരോർത്തരും പത്ത് മുതൽ തെണ്ണൂറ് യോജന വരെ ചാടാൻ കഴിയുന്നത് പറഞ്ഞു.  അതു കേട്ട് ജാംബവാൻ പറഞ്ഞു പണ്ട് ഭഗവാനായ വാമനമൂർത്തി സ്വന്തം പാദംകൊണ്ട് ഭുവനത്രയം അളന്ന അവസരത്തിൽ ഞാൻ ഇരുപത്തൊന്നുവട്ടം ഭൂമാനല ക്ഷണമായിരുന്ന അദ്ദേഹത്തിന്റെ പാദത്തെ പ്രദക്ഷിണം വെച്ചിരുന്നു. എന്നാൽ ഇപ്പോഴാകട്ടെ വാർദ്ധക്യഗ്രസ്തനാകയാൽ സമുദ്ര ലംഘനത്തിന് ശക്തനല്ല. അപ്പോൾ അംഗദൻ പറഞ്ഞു  തനിക്ക് അങ്ങോട്ട് ചാടാൻ കഴിയും പക്ഷേ തിരിച്ച് ഇങ്ങോട്ട് ചാടാൻ കഴിയുമോയെന്നറിയില്ല.

അപ്പോൾ ജാംബവാൻ ഹനുമാനരികിൽ ചെന്ന് വായുപുത്രനായ ഭവാൻ ജനിച്ചതു തന്നെ രാമകാര്യാർത്ഥമാണ്.എന്നിട്ടും എന്താണ് അങ്ങ് മൗനമായിരിക്കുന്നത്. ഭവാൻ ജനിച്ച ഉടനെ സൂര്യനെകണ്ട് ഫലമാണെന്ന് കരുതി ഭക്ഷിക്കാനായി അഞ്ഞൂറ് യോജന മേല്പ്പോട്ട്  ചാടിയതും അത് കണ്ടു ഇന്ദ്രൻ വജ്രായുധത്താൽ ഹനിച്ചപ്പോൾ വായുദേവൻ അങ്ങയെയുമെടുത്ത് മറഞ്ഞതും ഭൂമിയിൽ വായുവില്ലാതെ ജീവജാലങ്ങൾ വലഞ്ഞപ്പോൾ ബ്രഹ്മാവാദി ദേവന്മാരെല്ലാം അങ്ങയെ അനുഗ്രഹിച്ചതും സ്മരിച്ചാലും. ശ്രീരാമദേവൻ അങ്ങയുടെ കയ്യിലാണ് അംഗുലീയം നല്കിയതും. അതു കേട്ട് വാമനമൂർത്തിയെ പോലെ വളർന്ന ഹനുമാൻ " ഈ സമുദ്രം ലംഘനം ചെയ്തു ലങ്ക ചുട്ടു ഭസ്മമാക്കി രാവണനെ സകലം ഹനിച്ച് സീതാദേവിയെയും കൂട്ടി കൊണ്ട് വരുന്നുണ്ട്. ഏതായാലും ശുഭലക്ഷണയായ സീതാദേവിയെ ദർശിച്ചു മടങ്ങി വരാം." 

ഇത് കേട്ട് ജാംബവാൻ" നിനക്ക് നല്ലതു വരട്ടെ.  ആകാശമാർഗ്ഗത്തിൽ ഗമിക്കുന്ന ഭവാന് സർവ്വമംഗളങ്ങളും ഭവിക്കട്ടെ. രാമകാര്യാർത്ഥം ഗമിക്കുന്ന ഭവാനെ വായുദേവൻ അനുഗമിക്കട്ടെ" എന്ന് പറഞ്ഞു. ഹനുമാൻ മഹേന്ദ്രഗിരിയുടെ കൊടുമുടിയിൽ കയറി അത്ഭുതകാരമായ രൂപത്തെ സ്വീകരിച്ചു

തുടരും ....

✍ കൃഷ്ണശ്രീ 

No comments:

Post a Comment