⚜️അദ്ധ്യാത്മ രാമായണം⚜️
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
നാലാം ദിവസം
▬▬▬▬▬▬
അഹല്യ മോഷം
അങ്ങനെയിരിക്കെ, വിശ്വാമിത്ര മഹർഷി അയോദ്ധ്യ രാജധാനിയിലേക്കു എഴുന്നെളളി. ദശരഥ രാജൻ അദ്ദേഹത്തെ യാഥാവിധി ആനയിച്ച് ഭക്തിപുരസ്സരം പൂജിച്ചിരുത്തി ആഗമനോദ്ദേശ്യം ആരാഞ്ഞു. എന്ത് തന്നെയായാലും സാധിപ്പിച്ചു നല്കാമെന്ന് വാക്കും നല്കി. മഹർഷി തന്റെ ആവശ്യം അറിയിച്ചു. പിതൃദേവാദികളെ ഉദ്ദേശിച്ച് പർവ്വങ്ങൾ തോറും നടത്തിവരുന്ന യാഗത്തിന് , മാരീചൻ, സുബാഹു എന്നു പേരായ രാക്ഷസന്മാർ അനുചരന്മാരോടുകൂടി വന്ന് വിഘ്നം വരുത്തുന്നതിനാൽ അവരെ വധിക്കാനായി ലക്ഷമണനോടൊപ്പം ശ്രീരാമനെ അയക്കണം. എല്ലാം ശ്രേയസ്സിനായി ഭവിക്കും. രാജഗുരു വസിഷ്ഠനുമായി ആലോചിച്ച് വേണ്ടത് ചെയ്യുകയെന്ന് വിശ്വാമിത്ര മഹർഷി അറിയിച്ചു. രാമനെ പിരിയാൻ ഏറെ വ്യസനമുളള രാജാവ് ഗുരുവിനോട് അഭിപ്രായം ആരാഞ്ഞു. രാമനെ പിരിയാൻ കഴിയില്ല എന്നാൽ രാമനെ നല്കിയില്ലങ്കിൽ മഹർഷിയുടെ ശാപവും ഉണ്ടാകും. രാജാവിന്റെ ഈ വിഷമത്തിന് രാജഗുരു മറുപടി നല്കി. ശ്രീരാമൻ യഥാർത്ഥത്തിൽ മനുഷ്യനല്ലെന്നും ബ്രഹ്മാവിന്റെ പ്രാർത്ഥന അനുസരിച്ച് ഭൂഭാരഹരണത്തിനായി അവതരിച്ച പരമാത്മാവാണെന്നുമുളള ഗോപ്യമായ രഹസ്യം രാജഗുരു ദശരഥ രാജനോടു പറഞ്ഞു. ദശരഥ രാജാവ് മുൻജന്മത്തിൽ കശ്യപപ്രജാപതിയും കൗസല്യാദേവീ ദേവമാതാ അദീതി ദേവിയായിരുന്നു എന്നും രണ്ടു പേരുടെയും കഠിന തപസ്സിന്റെയും വരപ്രാപ്തിയുടെയും ഫലമായിയാണ് ഭഗവാൻ ഇപ്പോൾ ഇവർക്ക് പുത്രനായി അവതരിച്ചതെന്നും അറിയിച്ചു. ലക്ഷ്മണൻ സാക്ഷാൽ ആദിശേഷനും ഭരതശത്രുഘ്നന്മാർ ശംഖചക്രങ്ങളുമാണ് എന്നറിയിച്ചു. യോഗമായ ദേവീ ജനക പുത്രിയായ സീതയായി ജനിച്ചു മിഥിലാ രാജ്യത്തിൽ വസിക്കുന്നു എന്നും അവരെ യോജിപ്പിക്കുക എന്ന കർത്തവ്യത്തിനാണ് വിശ്വാമിത്ര മഹർഷി എത്തിയിട്ടുളളതെന്നും അതിനാൽ പൂർണ്ണ മനസ്സോടെ രാമലക്ഷമണന്മാരെ മഹർഷിക്കൊപ്പം അയക്കാനും ഉപദേശിച്ചു.
ഇപ്രകാരം വസിഷ്ഠ ഉപദേശം ഗ്രഹിച്ച രാജൻ രാമലക്ഷമണന്മാരെ മഹർഷിക്കൊപ്പമയച്ചു. യാത്ര തുടരവേ വിശപ്പും ദാഹവും അറിയാതിരിക്കാൻ കുമാരന്മാർക്ക് മഹർഷി ബല , അതിബല എന്നീ രണ്ടു ദിവ്യമന്ത്രങ്ങൾ ഉപദേശിച്ചു. അനന്തരം അവർ ഗംഗാനദി കടന്ന് താടകാ വനത്തിൽ എത്തിച്ചേർന്നു. ഈ വനത്തിൽ കാമരൂപിണിയും ലോകോപദ്രവകാരിയുമായ താടക എന്ന രാക്ഷസി വസിക്കുന്നുണ്ടന്നും, അവളെ ശങ്കകൂടാതെ വധിക്കണമെന്നും വിശ്വാമിത്ര മഹർഷി രാമനോട് ആവശ്യപ്പെട്ടു. രാമാന്റെ ഞാണൊലികേട്ട് എത്തിയ താടകയെ രാമൻ ബാണമെയ്ത് കൊന്നു. ആ അവസരത്തിൽ സർവ്വാഭരണ വിഭൂക്ഷിതയായ ഒരു യക്ഷി പ്രത്യക്ഷപ്പെടുകയും, ശാപത്താൽ രാക്ഷസിയായ തന്നെ ശാപമുക്തയാക്കിയ രാമനെ സ്തുതിച്ച് അനുവാദവും വാങ്ങി സ്വർഗ്ഗത്തിലേക്കു ഗമിക്കുകയും ചെയ്തു. സന്തുഷ്ടനായ കൗശികൻ രാമന് ദിവ്യാസ്ത്രങ്ങളും രഹസ്യമന്ത്രങ്ങളും ഉപദേശിച്ചു അനുഗ്രഹിച്ചു.
അനന്തരം യാത്രചെയ്ത് സിദ്ധാശ്രമത്തിലെത്തിയ രാമലക്ഷമണന്മാർ വിശ്വാമിത്ര മഹർഷിയോട് യാഗദീക്ഷ ആരംഭിച്ചു കൊളളാനും യാഗവിഘ്നം നടത്തുന്ന രാക്ഷസന്മാരെ കാണിച്ചു കൊടുക്കാനും പറഞ്ഞു. അപ്രകാരം മഹർഷി യാഗം ആരംഭിച്ചു. മദ്ധ്യാഹ്നമായപ്പോൾ മാരീചസുബാഹുക്കൾ ആകാശത്തിൽ വന്നെത്തി രക്തവും അസ്ഥികളും വർഷിക്കാൻ തുടങ്ങി. ഇത് കണ്ട് ശ്രീരാമചന്ദ്രൻ രണ്ടു അസ്ത്രങ്ങൾ തൊടുത്തുവിട്ടു. അവയിലൊന്ന് മാരീചനെ സമുദ്രത്തിൽ തള്ളിയിടുകയും അടുത്തത് സുബാഹുവിനെ ഭസ്മീകരിക്കുകയും ചെയ്തു. അവരുടെ അനുയായികൾ ലക്ഷ്മണ ബാണത്താലും ഹനിക്കപ്പെട്ടു. ദേവകൾ പുഷ്പവൃഷ്ടി നടത്തി. കൗശികൻ അവരെ ആലിംഗനം ചെയ്തു. യാഗം കഴിഞ്ഞു നാലാം ദിവസം അവർ മഹർഷിയുമൊത്ത് വിദേഹ രാജധാനിയിലെ മഹായജ്ഞം കാണാൻ പുറപ്പെട്ടു.
യാത്രാമധ്യേ ഗൗതമാശ്രമ പരിസരത്ത് എത്തിയപ്പോൾ രാമൻ മഹർഷിയോട് ഇത്രയും ശാന്തിയും ഭംഗിയും തോന്നുന്ന ഈ ആശ്രമം ആരുടെതാണ് എന്ന് തിരക്കി. വിശ്വാമിത്ര മഹർഷി അതിന് മറുപടിയായി , ലോകവിശ്രുതനും ധർമ്മിഷ്ഠനുമായ ഗൗതമ മഹർഷി ഇവിടെ മഹാവിഷ്ണുവിനെ തപസ്സു ചെയ്തു വസിച്ചിരുന്നു. അദ്ദേഹത്തിന്റെ ബ്രഹ്മാചര്യ നിഷ്ഠയിൽ പ്രസന്നനായ ബ്രഹ്മാവ് അദ്ദേഹത്തിന് ലോകസുന്ദരിയും ശുശ്രൂഷ തല്പരയുമായ അഹല്യയെന്ന കന്യകാരത്നത്തെ നല്കി. അവർ അവിടെ വസിക്കുന്ന സമയം അഹല്യയുടെ രൂപലാവണ്യത്തിൽ ആകൃഷ്ടയായ ഇന്ദ്രൻ അവളെ പ്രാപിക്കാനായി അവസരം കാത്തിരിന്നു . ഒരിക്കൽ പ്രഭാതവന്ദനത്തിനായി ഗൗതമ മഹർഷി പുറത്തേക്കു പോയ അവസരത്തിൽ മുനിവേഷധാരിയായ ഇന്ദ്രൻ അവിടെ വന്ന് അഹല്യയുമായി സംഗമം നടത്തി. ദ്രുതഗതിയിൽ പുറത്തേക്കു പുറപ്പെട്ടപ്പോഴേക്കും ഗൗതമൻ അവിടെ തിരിച്ചെത്തി. കപടവേഷധാരിയെ കണ്ട് കുപിതനായ മുനി ഇന്ദ്രനോട് ആരെന്നു വെളിപ്പെടുത്തിയില്ലങ്കിൽ ശപിച്ചു ഭസ്മീകരിക്കുമെന്ന് പറഞ്ഞു. താൻ ദേവാധിപനായ ഇന്ദ്രനാണെന്നും രക്ഷിക്കണമെന്നും അപേക്ഷിച്ചു. സ്ത്രീ ലമ്പടനായ ഇന്ദ്രന് ദേഹത്ത് ആയിരം ഭഗങ്ങൾ ഉണ്ടാകട്ടേ എന്ന് ശപിച്ചു. അനന്തരം ഈ ആശ്രമത്തിൽ ആഹാരാദികൾ വെടിഞ്ഞ് വെയിലും വർഷവും കാറ്റും സഹിച്ചുകൊണ്ട് ഒരു ശിലയായി ദിവാനിശം പരമേശ്വരനായ് ഹൃദയത്തിൽ വസിക്കുന്ന ശ്രീരാമനെ തപസ്സു ചെയ്തു കൊണ്ട് കഴിയാൻ അഹല്യയെയും ശപിച്ചു. യാതൊരു ജന്തുക്കളും ഇവിടെ വരില്ലയെന്നും ത്രേതായുഗത്തിൽ ദശരഥാത്മജനായ ശ്രീരാമൻ അനുജനോടൊത്ത് ഇവിടെ വന്നെത്തുകയും അദ്ദേഹത്തിന്റെ പാദസ്പർശമേല്ക്കുമ്പോൾ , അദ്ദേഹത്തെ ഭക്തിയോടെ പൂജിച്ച് സ്തുതിച്ചാൽ ശാപമുക്തയാകുമെന്നും പറഞ്ഞു. അനന്തരം സസുഖം തന്നെ ശുശ്രൂഷിക്കാം എന്നും മുനി പറഞ്ഞു. അന്നു മുതൽ ശ്രീരാമചന്ദ്രനെ ഭജിച്ച് ഒരു ശിലയായി അഹല്യ ഇവിടെ വസിക്കുന്നു.
ഇങ്ങനെ പറഞ്ഞു കൊണ്ട് കൗശികൻ ശ്രീരാമന് ശിലാരൂപിണിയായ അഹല്യയെ കാണിച്ചു കൊടുത്തു. രാമോഹം എന്ന് പറഞ്ഞു രാമന്റെ തൃപാദത്താൽ ശിലയിൽ സ്പർശിച്ച മാത്രയിൽ അഹല്യ സ്വന്തം രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. മഞ്ഞപ്പട്ടുടയാടയും ശംഖ്ചക്രഗദാപത്മത്തോടെയുളള മഹാവിഷ്ണു രൂപത്തിൽ ശ്രീരാമനെ ദർശിച്ച അഹല്യ ഭഗവാനേ പൂജിച്ച് സ്തുതിച്ചു. ഭഗവാന്റെ പാദധൂളികളേറ്റ് ധന്യയായ അഹല്യ ശാപമുക്തയായി ഗൗതമ മഹർഷിയുടെ അരികിലേക്ക് യാത്രയായി.
തുടരും ....
✍ കൃഷ്ണശ്രീ
𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎:
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
No comments:
Post a Comment