⚜️അദ്ധ്യാത്മ രാമായണം⚜️
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
അഞ്ചാം ദിവസം
▬▬▬▬▬▬
സീതാസ്വയംവരം
വിശ്വാമിത്ര മഹർഷിയും രാമലക്ഷമണന്മാരും മിഥിലയിലേക്ക് യാത്ര തുടർന്നു. വിശ്വാമിത്ര മഹർഷിയുടെ ആഗമനമറിഞ്ഞ ജനകരാജാവ് പുരോഹിതരോടൊപ്പം എത്തി മഹർഷിയെ യാഥാവിധി പൂജിച്ചു സാഷ്ടാംഗം നമസ്കാരം ചെയ്തു. മഹർഷിയുടെ കൂടെ സന്നിധരായ , നരനാരായണന്മാരെ പോലെ തേജസ്സുളള ബാലന്മാർ ആരാണെന്ന് രാജാവ് ആരാഞ്ഞു. ദശരഥ പുത്രന്മാരായ രാമലക്ഷ്മണന്മാരാണ് ഇവരെന്ന് ഋഷിവര്യൻ അറിയിച്ചു. യാഗരക്ഷയ്ക്കായി ഇവരെ കൂട്ടികൊണ്ടു വന്നതാണെന്നും, വരുന്ന വഴിക്ക് ലോകോപദ്രവകാരിയായ താടകയെ ശ്രീരാമൻ ഒരമ്പുകൊണ്ട് വധിച്ചു എന്നും, യജ്ഞ വിഘ്നകാരികളായ മാരീച സുബാഹുക്കളിൽ സുബാഹുവിനെ വധിക്കുകയും മാരീചനെ സമുദ്രത്തിലാഴ്ത്തുകയും ചെയ്തു എന്നറിയിച്ചു. പിന്നീട് ഗംഗതടത്തിലുളള ഗൗതമാശ്രമത്തിലെത്തി, ശിലാരൂപിണിയായ അഹല്യയെ പാദസ്പർശത്താൽ മുക്തയാക്കി, അവരുടെ പൂജ കൈക്കൊണ്ടശേഷം ശൈവചാപം കാണാനായി ഇവിടേയ്ക്ക് എത്തിയതാണെന്നും മഹർഷി രാജനെ അറിയിച്ചു. ശൈവധനുസ്സ് കാട്ടിക്കൊടുക്കണമെന്നും ശേഷം അയോദ്ധ്യയ്ക്ക് മടങ്ങുന്നതാണെന്നും അറിയിച്ചു
മഹാരാജാവ് ഉടനെ തന്നെ മന്ത്രിയെ വിളിച്ചു ശൈവചാപം കൊണ്ട് വരാൻ ആജ്ഞാപിച്ചു. ശേഷം മഹർഷിയോട് , ശ്രീരാമൻ വില്ലെടുത്തു കുലച്ചു ഞാൺ കെട്ടുകയാണെങ്കിൽ തന്റെ ( ജനകൻ) പുത്രിയെ ശ്രീരാമന് വിവാഹം ചെയ്ത് കൊടുക്കുന്നതാണ് എന്നറിയിച്ചു. അയ്യായിരം പേരാൽ കൊണ്ടു വരപ്പെട്ട ശൈവചാപത്തിൽ നൂറോളം മണികളും അനേകം രത്നങ്ങളും പതിച്ചിട്ടുണ്ട്. മഹർഷിയുടെയും രാജാവിന്റെയും അനുവാദം വാങ്ങിയ ശ്രീരാമചന്ദ്രൻ ശങ്കരനെ മനസ്സാൽ ധ്യാനിച്ച് ശൈവചാപത്തെ വന്ദിച്ച് ഇടതു കൈകൊണ്ട് ചാപം ഉയർത്തി വലതു കൈയ്യാൽ ഞാൺ വലിച്ച മാത്രയിൽ തന്നെ അഷ്ടദിക്കുകളും ത്രിലോകങ്ങളും മുഴുവൻ മുഴങ്ങിയ ശബ്ദത്തോടെ ചാപം മുറിഞ്ഞു പോയി. ദേവന്മാർ സ്തുതിഗീതങ്ങൾ പാടികൊണ്ട് പുഷ്പവൃഷ്ടി നടത്തി. സന്തോഷത്താൽ ജനകൻ ശ്രീരാമനെ ആലിംഗനം ചെയ്തു. സ്വർണ്ണവർണ്ണമിയന്ന സീതദേവി സർവ്വാലങ്കാരഭൂഷിതയായി ശ്രീരാമസമീപമണഞ്ഞ്, അദ്ദേഹത്തിന്റെ കണ്ടത്തിൽ വരണമാല്യം ചാർത്തി
ജനകരാജൻ പുരോഹിതന്മാരോടും കൗശികനോടും ആലോചിച്ച്, കുമാരന്മാരടെ വിവാഹം നടത്താനായി ദശരഥരാജനും പത്നിമാരും എത്തുന്നതിനായി സന്ദേശം അയച്ചു
ദശരഥ രാജൻ കുലഗുരുവായ വസിഷ്ഠ മഹർഷിയെ അരുന്ധതി സമേതനായി മുൻനിർത്തി ചതുരംഗപ്പടയോടും മിഥിലയിലേക്ക് യാത്രയായി. മിഥിലയിൽ എത്തിയ ദശരഥ രാജനേയും പരിവാരങ്ങളേയും ജനകൻ യഥാവിധി സ്വീകരിച്ചു ആനയിച്ചു. രാമലക്ഷമണന്മാർ പിതാവിനേയും ഗുരുവിനെയും ഗുരുപത്നിയെയും മാതാക്കളെയും യഥാവിധി നമസ്ക്കരിച്ചു. അനന്തരം ശുഭമുഹൂർത്തത്തിൽ ശ്രീരാമചന്ദ്രനും സീതയുമായുള്ള വിവാഹം നടത്തി .സീതാസഹോദരിമാരായ ഊർമ്മിളയെ ലക്ഷമണനും മാണ്ഡവിയെ ഭരതനും ശ്രുതകീർത്തിയെ ശത്രുഘ്നനും വിവാഹം ചെയ്തു
അനന്തരം ജനകമഹാരാജാവ് നാരദനാൽ പറയപ്പെട്ട സ്വന്തം പുത്രിയുടെ കഥ ഇങ്ങനെ വിവരിച്ചു. " യജ്ഞഭൂമിയുടെ വിശുദ്ധിക്കായി നിലം ഉഴുതപ്പോൾ ഉഴവുചാലിൽ നിന്നും ശുഭലക്ഷണയായ ഈ കന്യക ഉൽഭൂതയായി. സുന്ദരിയായ ഈ പൈതലിനെ മകളായി വളർത്തി. ഒരിക്കൽ നാരദമഹർഷി എഴുന്നെളളി ഇപ്രകാരം അറിയിച്ചു. സാക്ഷാൽ മഹാവിഷ്ണു ഭക്താനുഗ്രഹത്തിനും ദേവകാര്യസിദ്ധിക്കും രാവണനിഗ്രഹത്തിനുമായി നാലംശങ്ങളിലായി അയോദ്ധ്യധിപനായ ദശരഥ പുത്രന്മാരായി അവതരിച്ചിരിക്കുന്നു എന്നും, യോഗമായദേവിയാകട്ടെ സീതയായി ജനിച്ചു എന്നും, അതിനാൽ പ്രയത്നപൂർവ്വകം സീതയെ ശ്രീരാമനുതന്നെ കൊടുക്കണമെന്നും ദേവർഷി അറിയിച്ചു. " അതിനായി ത്രിപുരദഹനാന്തരം പരമേശ്വരനാൽ തന്റെ ( ജനകൻ ) പിതാവിന് നല്കപ്പെട്ട ശൈവചാപം സീതാപരിണയത്തിന് ഉപകരണമാക്കാൻ നിശ്ചയിച്ചു. അതിനുശേഷം ജനകരാജൻ ശ്രീരാമചന്ദ്രനെ സ്തുതിച്ചു. ശേഷം പുത്രിക്ക് ആനകളെയും കുതിരകൾ, രഥങ്ങൾ എന്നിവ ദാനം നല്കി, പതിവ്രതാ ധർമ്മവും ഉപദേശിച്ച് ആശിർവദിച്ച് ഭർതൃഗ്രഹത്തിലേക്ക് യാത്രയാക്കി
യാത്രാമധ്യ ചില അപശകുനങ്ങൾ കാണുകയാൽ ദശരഥ രാജാവ് വ്യാകുലനായി. അപ്പോൾ അവിടേക്ക് പരശുരാമൻ എഴുന്നെളളുകയും, താനല്ലാതെ മറ്റൊരു രാമനോ ഈ ത്രിഭുവനത്തിൽ എന്ന് ചോദിച്ചു ശൈവചാപം ഖണ്ഡിച്ച വീരനെങ്കിൽ പരശുരാമന്റെ കൈയ്യിലെ വൈഷ്ണവചാപം കുലയ്ക്കാൻ ശ്രീരാമനോട് ആജ്ഞാപിക്കുകയും ചെയ്തു. ക്ഷത്രിയവൈരിയായ പരശുരാമനോട് ദശരഥ രാജൻ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ചു. ശ്രീരാമചന്ദ്രൻ വിനയത്തോടെ വൈഷ്ണവചാപം കുലയ്ക്കുകയും ബാണത്തിന് ലക്ഷ്യം കാട്ടിത്തരാൻ പരശുരാമനോട് ആവശ്യപ്പെടുകയും ചെയ്തു.. അപ്പോൾ പൂർവ്വ വൃത്താന്ത സ്മരണ വന്ന പരശുരാമൻ , ശ്രീരാമൻ സാക്ഷാൽ മഹാവിഷ്ണു ആണെന്ന് മനസ്സിലാക്കി ഭഗവാനേ സ്തുതിച്ച് തന്നിലെ ( പരശുരാമൻ ) വൈഷ്ണവതേജസ്സ് ശ്രീരാമനിലാക്കി തപസ്സിനായി മഹേന്ദ്ര പർവ്വതത്തിലേക്ക് പുറപ്പെട്ടു. യാത്ര തുടർന്നു അയോദ്ധ്യയിലെത്തിയ ശ്രീരാമചന്ദ്രനും സഹോദരന്മാരും പത്നിമാരോടൊപ്പം സസുഖം വാണു. ആ കാലത്ത് കൈകേയി സഹോദരനായ യുധാജിത്ത് ഭരതനെ തന്റെ രാജ്യത്തേക്ക് കൂട്ടികൊണ്ടു പോയി. കൂടെ ശത്രുഘ്നനും യാത്രയായി
തുടരും ....
✍ കൃഷ്ണശ്രീ
𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎:
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
No comments:
Post a Comment