അദ്ധ്യാത്മ രാമായണം ആറാം ദിവസം
▬▬▬▬▬▬
നാരദ സന്ദർശനം
ഒരിക്കൽ, ദേവർഷിയായ നാരദ മഹർഷി ആകാശമാർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്നു. നീലത്താമരയുടെ ശോഭയോടുകൂടിയ ശ്രീരാമൻ, സീതാദേവിയാൽ പരിചരിക്കപ്പെട്ട് സന്തോഷത്തോടെ ഇരിക്കുന്ന സമയം നാരദ മഹർഷി അവിടേയ്ക്ക് എഴുന്നെളളുകയുണ്ടായി. പെട്ടെന്ന് മഹർഷിയെ കണ്ട രാമൻ എഴുന്നേറ്റ് സീതാസമേതനായി പ്രീതിയോടെ ദേവർഷിയെ നമസ്ക്കരിച്ചു. ശേഷം മുനിവരനോട് പറഞ്ഞു " മുനിശ്രേഷ്ഠ, ലൗകീകജീവിതം നയിക്കുന്ന ഭൂലോകവാസി ജനത്തിന് അങ്ങയെ പോലുള്ളവരുടെ ദർശനം എത്രയും ദുർലഭമാണ്. മുൻജന്മപുണ്യമൊന്നു കൊണ്ട് മാത്രമാണ് ഇപ്രകാരമുള്ള സൽസംഗം ലഭിക്കുന്നത്. അങ്ങയുടെ ആഗമനോദ്ദേശ്യം എന്തെന്നറിയിച്ചാലും ഞാനത് ( രാമൻ ) നിശ്ചയമായും നിർവ്വഹിക്കാം
അനന്തരം ഭക്തവത്സലനായ ശ്രീരാഘവനോട് നാരദ മഹർഷി ഇപ്രകാരം പറഞ്ഞു. " ഹേ, രാമചന്ദ്രാ സാധാരണ ജനങ്ങളുടെത് പോലുള്ള വാക്കുകൾ പറഞ്ഞു ഭവാൻ മോഹിപ്പിക്കുന്നതെന്തിനാണ്. അങ്ങ് സ്വയം സംസാരിയാണെന്ന് പറഞ്ഞത് ശരിയാണ്. ജഗത്തുക്കളുടെ കാരണയായ ആ മായയാണ് അങ്ങയുടെ ഗൃഹിണി. അങ്ങയുടെ സാന്നിധ്യത്താൽ ആ മായ സർവ്വം സൃഷ്ടിക്കുന്നു. അതിനാൽ ഭവാൻ ലോകത്രയമായ ഗൃഹത്തിലെ ഗൃഹസ്ഥനാണ്. അങ്ങ് സാക്ഷാൽ മഹാവിഷ്ണുവാണ്. സീതാദേവി ലക്ഷമീഭഗവതിയും. അങ്ങ് ശിവനാണ് സീത പാർവ്വതിയും അങ്ങ് ബ്രഹ്മാവാണ് സീത സരസ്വതി ദേവിയും. അങ്ങ് ആദിത്യനാണ് സീത പ്രഭയും. അങ്ങ് ചന്ദ്രനാണ് സീത ശുഭലക്ഷണയായ രോഹിണിയും. എന്തിനേറെ? ലോകത്തിൽ യാതൊന്നെല്ലാം പുല്ലിംഗമാണോ അതെല്ലാം ഭവനാണ്. യാതൊന്നെല്ലാം സ്ത്രീലിംഗമാണോ അതെല്ലാം സീതാദേവിയും. അതിനാൽ ത്രൈലോക്യത്തിൽ നിങ്ങളിൽ നിന്ന് വിഭിന്നമായി യാതൊന്നും ഇല്ല. മായകൊണ്ടു മൂടിമറഞ്ഞിരിക്കുന്ന ഭവാനെ അവ്യാകൃതമെന്നു പറയുന്നു. ഈ ജഗത്ത് അങ്ങയിൽ നിന്ന് ഉണ്ടായതാണ്. അങ്ങയിൽ തന്നെ സ്ഥിതി ചെയ്യുന്നു. അങ്ങയിൽ തന്നെ വിലയം പ്രാപിക്കുകയും ചെയ്യുന്നു. അതിനാൽ അങ്ങുതന്നെയാണ് എല്ലാറ്റിനും കാരണമായിരിക്കുന്നത്. കയറിനെ പാമ്പെന്നു ധരിക്കുന്നതുപോലെ ജീവനെ ആത്മാവെന്നു ധരിച്ച് ഭയത്തെ പ്രാപിക്കുന്നു. എന്നാൽ താൻ പരമാത്മാവാണെന്നറിയുമ്പോൾ ഭയദുഃഖങ്ങളിൽ നിന്നു മുക്തി ലഭിക്കുന്നു. " ഇങ്ങനെയെല്ലാം പറഞ്ഞു ഭഗവാനേ സ്തുതിച്ച മഹർഷി ഭഗവാന്റെ നാഭികമലത്തിൽ നിന്നും ഉത്ഭവിച്ച ബ്രഹ്മാവിന്റെ പുത്രനാകായാൽ , ഭഗവാന്റെ പൗത്രനാകന്നു എന്നും തന്നെ മായയാൽ മോഹിപ്പിക്കാതെ അനുഗ്രഹിക്കണമെന്നും അപേക്ഷിച്ചു. അതിനുശേഷം ഭഗവാനെ നമസ്കരിച്ചിട്ട് മഹർഷി പറഞ്ഞു. തന്റെ പിതാവായ ബ്രഹ്മാവിന്റെ ആജ്ഞപ്രകാരമാണ് താൻ ഇവിടേയ്ക്ക് വന്നതെന്നുമറിയിച്ചു. അതിനുശേഷം ഇപ്രകാരം പറഞ്ഞു. " ഹേ രഘുനാഥാ , അങ്ങ് ജന്മമെടുത്തത് രാവണ നിഗ്രഹത്തിനായിട്ടാണല്ലോ. അങ്ങയുടെ പിതാവ് അങ്ങയ്ക്ക് രാജ്യാഭിഷേകം ചെയ്യാൻ ഒരുങ്ങുന്നു. അത് നടന്നാൽ രാവണവധം സാധിക്കാതെ പോകും. അതിനാൽ അങ്ങയുടെ സത്യത്തെ സത്യമാക്കിയിടണം.ഇതുകേട്ട് മന്ദസ്മിതത്തോടെ ശ്രീരാമൻ മഹർഷിയോട് പറഞ്ഞു . മഹർഷേ കാലാനുസൃതാമായി, ഏതേതു ദൈത്യന്റെ പ്രാരാബ്ധമവസാനിക്കുന്നുവോ യഥാക്രമം അവനെ ഹനിച്ചു കൊണ്ട് സർവ്വ ഭൂഭാരവും ഇല്ലാതാക്കുന്നതാണ്. രാവണനിഗ്രഹത്തിനായി നാളെ തന്നെ വനത്തിലേക്ക് പുറപ്പെടുന്നുണ്ട്. മുനിവേഷധാരിയായി പതിനാലുവത്സരം വനത്തിൽ താമസിച്ചു സീതയെ കാരണഭൂതയാക്കി രാവണനെ കുലത്തോടെ നശിപ്പിക്കുകയും ചെയ്യും. ഇപ്രകാരമുള്ള ശ്രീരാമന്റെ പ്രതിജ്ഞകേട്ട് രാമനെ പ്രദക്ഷിണം ചെയ്ത് നമസ്ക്കരിച്ച് ദേവർഷി യാത്രയായി. നാരദരാഘവസംവാദം നിത്യവും ഭക്തിപുരസ്സരം വായിക്കുകയോ കേൾക്കുകയോ ചെയ്യുന്ന മനുഷ്യർ മോഷത്തെ പ്രപിക്കും
തുടരും ....
✍ കൃഷ്ണശ്രീ
𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎:
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
No comments:
Post a Comment