Sunday, August 1, 2021

അദ്ധ്യാത്മ രാമായണം എട്ടാം ദിവസം

അദ്ധ്യാത്മ രാമായണം എട്ടാം ദിവസം    
▬▬▬▬▬▬      

വനയാത്ര
 
അനന്തരം ശ്രീരാമൻ സീതാലക്ഷമണ സമേതനായി പിതാവിനരുകിൽ ചെന്ന് കൈകേയിയോട് പറഞ്ഞു 'മാതാവേ! ഭവതിയുടെ വാക്യപ്രകാരം വനവാസത്തിനു പോകാനായി ഞങ്ങൾ മൂന്നു പേരും ഒരുങ്ങി വന്നിരിക്കുകയാണ്. പിതാവ് ആജ്ഞാപിച്ചു കൊളളട്ടെ'

ഇത് ശ്രവിച്ച കൈകേയി വേഗം തന്നെ തന്റെ കൈയ്യാൽ ശ്രീരാമനും ലക്ഷ്മണനും സീതയ്ക്കുമായി പ്രത്യേകം പ്രത്യേകം മരവുരി നല്കി. രാമലക്ഷമണന്മാർ മരവുരി ധരിച്ചു എന്നാൽ മരവുരി ധരിക്കാൻ അറിവില്ലായിരുന്ന സീത ലജ്ജയോടുകൂടി രാമന്റെ മുഖത്തു നോക്കി. ഇതു കണ്ട് ശ്രീരാമൻ ആ മരവുരി വാങ്ങി പട്ടുവസ്ത്രത്തിന് മേലെ അത് ധരിപ്പിച്ചു. രാജദാരങ്ങളെല്ലാം ഇത് കണ്ട് വാവിട്ടു നിലവിളിച്ചു. ബഹളംകേട്ട് വസിഷ്ഠ മഹർഷി അവിടേക്ക് വന്നു ക്രോധത്തോടെ കൈകേയിയോട് പറഞ്ഞു. ദുഷ്ടയായ സ്ത്രീ നിന്റെ വരത്തിനാൽ രാമൻ മാത്രമാണ് വനവാസത്തിന് നിയോഗിക്കപ്പെട്ടത്.  എന്തിനാണ് സീതാദേവിക്ക് മരവുരി നല്കിയത്? പതിവ്രതയായ സീത രാമനെ അനുഗമിക്കുകയാണെങ്കിൽ അത് സർവ്വാഭരണ വിഭൂഷിതയായിത്തന്നെ വനവാസദുഃഖത്തെ ദുരീകരിക്കുന്നവളായി ശ്രീരാമനെ രമിപ്പിച്ചുകൊണ്ട് ഗമിക്കട്ടെ

അനന്തരം ദശരഥൻ സുമന്ത്രനോട് രഥം കൊണ്ടുവരാൻ കല്പിച്ചു. വനചരപ്രിയരായ രാമാദികൾ രഥത്തിൽ കയറി യാത്രയാകട്ടെ എന്നിങ്ങനെ പറഞ്ഞിട്ട് അദ്ദേഹം അവരെ നോക്കി രോദനം ചെയ്തു. ശ്രീരാമൻ പിതാവിനെ വന്ദിച്ച് രഥത്തിൽ കയറി സീതയും, ആയുധങ്ങളുമായി ലക്ഷ്മണനും രഥത്തിൽ കയറി. സാരഥിയോട് രഥം വിടുവാൻ പറഞ്ഞു. അപ്പോൾ സുമന്ത്രാ നില്ക്കൂ നില്ക്കൂ എന്ന് പറഞ്ഞു ദശരഥൻ നിലവിളിച്ചു.  രാമനാകട്ടെ പോകൂ പോകൂയെന്ന് പറഞ്ഞു വോഗം രഥം പായിപ്പിച്ചു. രാമൻ ദൂരത്തായപ്പോൾ രാജാവ് മൂർച്ഛിച്ച് വീണു. ആബാലവൃദ്ധം ജനങ്ങളും നിൽക്കൂ എന്ന്  നിലവിളിച്ചു രഥത്തിനു പിന്നാലെ പോയി. രാജാവ് കുറേ നേരം കരഞ്ഞതിനു ശേഷം തന്നെ എടുത്തു രാമ മാതാവായ കൗസല്യയുടെ ഗ്രഹത്തിൽ എത്തിക്കാൻ പരിചാരകരോട് പറഞ്ഞു. രാമനില്ലാതെ ഞാൻ അധികം ജീവിച്ചിരിക്കില്ലന്നും അതുവരെ അവിടെ കഴിയാമെന്നും പറഞ്ഞു

തമസാനദിയുടെ തീരത്ത് എത്തിയ ശ്രീരാമൻ സീതയോടൊപ്പം ജലപാനം മാത്രം നടത്തി വൃക്ഷമൂലത്തിൽ കിടന്നുറങ്ങി.  സുമന്ത്രരോടൊപ്പം ലക്ഷ്മണൻ ആയുധധാരിയായി കാവൽ നിന്നു.  രാമനെ അനുഗമിച്ച  പൗരജനങ്ങളും രാമനെ തിരികെ കൊണ്ട് വരാൻ ആയില്ലങ്കിൽ കൂടെ കാട്ടിലേയ്ക്ക് പോകാമെന്ന് കരുതി അകലെയല്ലാതെ സ്ഥാനമുറപ്പിച്ചു. രാമനാകട്ടെ പൗരന്മാർ ഉണർന്നാൽ യാത്ര സാധ്യമാകില്ലെയെന്നറിഞ്ഞ് സുമന്ത്രരോട് തേര് തെളിക്കാൻ ആജ്ഞാപിച്ചു. പുലർച്ചെ ഉറക്കമുണർന്ന് രാമനെ കാണാഞ്ഞ് വിഷാദരായി രാമനെ തന്നെ മനസ്സിലുറപ്പിച്ച് പൗരജനങ്ങൾ അയോദ്ധ്യയിലേക്ക് മടങ്ങി

ഗൃംഗവേരപുരത്തിന് സമീപത്തായി ഗംഗാത്തീരത്ത് എത്തിച്ചേർന്ന രാമലക്ഷമണന്മാരും സീതയും അവിടെ ഒരു ശിംശാപവൃക്ഷ ചുവട്ടിൽ ഉപവിഷ്ടരായി. രാമാഗമന വാർത്തയറിഞ്ഞ നിഷാദ്വാധിപനായ ഗുഹൻ ഭക്തിയോടു കൂടി ഫലങ്ങളും മധുവും പുഷ്പങ്ങളുമായി എത്തി രാമന് സമർപ്പിച്ച് ദണ്ഡനമസ്ക്കാരം ചെയ്തു. ശ്രീരാമനാകട്ടെ ഗുഹനെ എഴുന്നേല്പ്പിച്ച് ആലിംഗനം ചെയ്തു. ഗുഹനാകട്ടെ കൈകൾ കൂപ്പിക്കൊണ്ട് നിഷാദനായ തന്റെ ജന്മം ശ്രീരാമ ആലിംഗനത്തിനാൽ ധന്യമായെന്നും, തന്റെ രാജ്യം രാമന് അധീനമാണെന്നും അവിടെ വസിച്ചു തങ്ങളെ പരിപാലിക്കണമെന്നും അഭ്യർത്ഥിച്ചു.  അതിനു മറുപടിയായി രാമൻ ഇപ്രകാരം പറഞ്ഞു.  പതിനാലുവത്സരം ഗ്രാമത്തിലോ അന്യഗ്രഹത്തിലോ പ്രവേശിക്കുകയില്ലെന്നും അന്യരാൽ നല്കപ്പെട്ട ഫലമൂലാദികൾ കഴിക്കുകയില്ലെന്നും പറയുന്നു. അനന്തരം രാഘവൻ വടക്ഷീരം കൊണ്ടുവരുവിച്ച് അതിനാൽ ജടാഭാരം ഉണ്ടാക്കി.  പിന്നീട് സീതയോടൊപ്പം ജലം മാത്രം ഭക്ഷിച്ച്, ലക്ഷ്മണനാൽ കുശകൊണ്ടും പർണ്ണങ്ങൾ കൊണ്ടും നിർമ്മിച്ച ശയ്യയിൽ സീതയോടൊപ്പം ശയിച്ചു. ലക്ഷ്മണൻ ഗുഹനോടൊപ്പം ആയുധധാരിയായി കാവൽ നിന്നു

ഇത് കണ്ട് അതീവദുഃഖിതനായ ഗുഹൻ ഈ ദുരവസ്ഥയ്ക്ക് കൈകേയി ആണല്ലോ കാരണമെന്ന് പറഞ്ഞു.  ഇതുകേട്ട് ലക്ഷ്മണൻ  ആരും ആരുടെയും ദുഃഖത്തിനും സുഖത്തിനും കാരണമല്ലന്നും സ്വപൂർവ്വാർജ്ജിത കർമ്മങ്ങളാണ് സുഖദുഃഖാദികൾക്ക് കാരണമെന്നും പറഞ്ഞു. ലോകം താന്താങ്ങളുടെ കർമ്മസൂത്രത്തിൽ നിബദ്ധമാണ്. സുഹൃത്ത് ,മിത്രം, ശത്രു, ഉദാസീനത, ദ്വേഷം, മദ്ധ്യസ്ഥത, ബന്ധുക്കൾ എന്നിവയെല്ലാം സ്വകർമ്മാചരണത്താലുളള തോന്നലുകൾ മാത്രമാണ്. ഭോഗത്തിന്റെ വരവിലോ പോക്കിലോ ഇച്ഛയരുത്.യാതൊരു ദേശത്തോ കാലത്തിലോ യാതൊരുവനാൽ ശുഭകർമ്മങ്ങൾ ചെയ്യപ്പെടുന്നുവോ അതിന്റെ ഫലം അനുഭവിക്കത്തന്നെ വേണം. വിധാതാവിനാൽ നിശ്ചയിക്കപ്പെട്ടത് അലംഘ്യമത്രെ.    ദിനരാത്രങ്ങൾ പോലെ സുഖാനന്തരം ദുഃഖവും ദുഃഖാനന്തരം സുഖവും ഉണ്ടാകുന്നതാണ്. ജലപങ്കങ്ങൾ പോലെ അവ അന്യോന്യം യോജിച്ചു കിടക്കുന്നു. അതിനാൽ വിദ്ധാന്മാർ ഇഷ്ടാനിഷ്ടങ്ങൾ പ്രാപ്തങ്ങളാകുമ്പോൾ ധൈര്യമവലംബിച്ച് എല്ലാം മായയാണെന്ന് മനസ്സിലാക്കി ഹർഷശോകങ്ങൾ കൂടാതെ വസിക്കുന്നു. 

പുലർക്കാലത്തിൽ ശ്രീരാമൻ ഉണർന്ന് ആചമനാദി പ്രഭാതകർമ്മങ്ങൾ അനുഷ്ഠിച്ചശേഷം ഗുഹനോട് വേഗത്തിൽ തോണി കൊണ്ടു വരാൻ പറഞ്ഞു.  ഗുഹൻ തന്നെ തോണി തുഴഞ്ഞ് സീതയെയും രാമലക്ഷമണന്മാരുമായി  ഗംഗാനദി കടക്കാൻ തുടങ്ങി.  ഗംഗാ മദ്ധ്യത്തിൽ എത്തിയപ്പോൾ ജാനകിദേവി ഗംഗയെ പ്രണമിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു.  'ഹേ, ഗംഗാദേവി! ഭവതിക്ക് പ്രണാമം. വനവാസം കഴിഞ്ഞ് മടങ്ങിയെത്തിയാൽ ഞാൻ രാമലക്ഷമണന്മാരോടൊത്ത് ഭവതിയെ പൂജിക്കുന്നുണ്ട്.'  അനന്തരം ഗംഗയുടെ മറുകരയെത്തിയപ്പോൾ ഗുഹനും രാമനോടൊപ്പം വനത്തിലേക്ക് വരന്നുണ്ടെന്ന ആഗ്രഹം പ്രകടിപ്പിച്ചു. പതിനാലുവത്സരം കഴിഞ്ഞ് മടങ്ങി വരുമെന്ന് പറഞ്ഞു ഗുഹനേ ആലിംഗനം ചെയ്തു യാത്രയാക്കി 

പിന്നീട് രാമൻ  വൈദേഹിയോടും സൗമിത്രിയോടും കൂടി ഭരദ്വാജ മഹർഷിയുടെ ആശ്രമത്തിൽ എത്തി. അവിടെ കണ്ട  ഒരു വടുവിനോട് മഹർഷിയെ രാമന്റെ ആഗമനമറിയിക്കാൻ പറഞ്ഞു. മഹർഷി വേഗാൽ രാമനരികിലെത്തി പൂജിച്ച് ഭവാന്റെ പാദസരസ്സുകളാൽ തന്റെ  പർണ്ണശാല പവിത്രീകരിക്കാൻ അഭ്യർത്ഥിച്ചു. പർണ്ണശാലയിലേക്ക് ആനയിക്കപ്പെട്ട ശ്രീരാമന് ആഥിത്യപൂജ ചെയ്തു കൊണ്ട് മഹർഷി പറഞ്ഞു ബ്രഹ്മാവിനാൽ പ്രർത്ഥക്കപ്പെട്ട് ഭൂഭാരഹരണത്തിനായി മനുഷ്യനായി അവതരിച്ച പരമാത്മാവാണവിടുന്നെന്ന് അറിയുന്നു. സാക്ഷാൽ പുരുഷോത്തമനായ ഭവാനെ കാകുൽസ്ഥ വംശജനായി ദർശിക്കുക കാരണം കൃതാർത്ഥനായി. അന്നവർ അവിടെ വസിച്ചു.  അടുത്ത നാൾ രാവിലെ മുനികുമാരന്മരാൽ യമുന കടത്തിച്ച് മുനിയാൽ കാണിച്ചു കൊടുക്കപ്പെട്ട വഴിയാൽ വാല്മീക്യാശ്രമത്തിൽ പ്രവേശിച്ച് മുനിപുംഗവനായ അദ്ദേഹത്തെ ശിരസ്സാ നമിച്ചു. ശ്രീരാമചന്ദ്രനെ കണ്ട് വാല്മീകി മഹർഷി സന്തോഷാശ്രുക്കളോടെ അദ്ദേഹത്തെ ആലിംഗനം ചെയ്തു.  അർഘ്യാദികളാൽ ഭക്തിപുരസ്ക്കരം പൂജിച്ച് മധുര്യമേറുന്ന ഫലമൂലാദികൾ ഭക്ഷിക്കാൻ നല്കി. വിനായാനിതനായ ശ്രീരാമൻ അഞ്ജലി ബന്ധനായി വാല്മീകിയോട് ഇപ്രകാരം പറഞ്ഞു.  " ഞങ്ങൾ പിതാവിന്റെ ആജ്ഞയനുസരിച്ച് ദണ്ഡകാരണ്യത്തിലേക്ക് വന്നിരിക്കുകയാണ്. സീതയോടുകൂടി ചിരകാലം സുഖമായി താമസിക്കുവാൻ ഒരു സ്ഥലം പറഞ്ഞു തന്നാലും

ഭവാൻ തന്നെ സർവ്വജീവജാലങ്ങളുടെയും ഉത്തമമായ നിവാസസ്ഥാനമാണ്.എല്ലാ ഭൂതങ്ങളിലും ഭവാനും വസിക്കുന്നു. എന്നാൽ സീതയോടു കൂടി നിവസിക്കാനുളള വിശേഷസ്ഥാനം ചോദിച്ച ഭവാൻ,  ഭക്തിയോടെ ഭവാനേ സ്മരിക്കുകയും പൂജിക്കുകയും ചെയ്യുന്ന ഹൃദയങ്ങളിൽ വസിക്കുന്നു.  എന്നു പറഞ്ഞു ഭഗവാൻ വസിക്കുന്ന സ്ഥലങ്ങൾ എങ്ങനെയുളള ഹൃദയങ്ങൾ ആണെന്ന് വർണ്ണിക്കുന്നു. നിരന്തരമായ പരിശീലനത്താൽ ദൃഡീകൃതമായ ആത്മാവോടു കൂടിയവരും അങ്ങയുടെ പാദസേവയിൽ അതീവ സന്തുഷ്ടരും  അങ്ങയുടെ നാമസങ്കീർത്തനം കൊണ്ട് സർവ്വ പാപങ്ങളും നശിച്ചവരുമായവരുടെ ഹൃദയപത്മത്തിൽ സീതാസമേതനായി  അങ്ങ് വസിക്കുക.  

ഹേ, രാമചന്ദ്രാ യാതൊന്നിന്റെ പ്രഭാവം ഹേതുവായിട്ടാണോ ഞാൻ   ബ്രഹ്മർഷി  പദവി പ്രാപിച്ചിരിക്കുന്നത് , ആ ഭവനാമത്തിന്റെ മഹിമ ആർക്കാണ് വർണ്ണിക്കാൻ കഴിയുക. ജന്മം കൊണ്ട് ബ്രഹ്മാമണനായിരുന്നെങ്കിലും കാട്ടാളന്മാരാൽ വളർത്തപ്പെട്ട് ശൂദ്രാചരതല്പരനായിരിക്കുകയും, ശൂദ്രസ്ത്രീയിൽ ധാരാളം പുത്രന്മാർ ജനിക്കുകയും,  അവരെ  പാലിക്കാനായി ചോര സംസർഗ്ഗത്താൽ ചോരനാകുകയും മൃഗങ്ങളെ ഹനിക്കുകയും ചെയ്തു പോന്നു.  അങ്ങനെയിരിക്കെ ഒരിക്കൽ സപ്തർഷികളെ കാണുകയും, അവരിൽ നിന്നും കവർച്ച നടത്താൻ ശ്രമിച്ചപ്പോൾ , എന്തിനുവേണ്ടിയെന്നാരാഞ്ഞവരോട് എൻറെ കുടുംബത്തിന് വേണ്ടി എന്ന് പറഞ്ഞു.  അവർ ഭയരഹിതരായി നീ പോയി നിന്റെ കുടുംബത്തോട് ചോദിക്കൂ നീ ചെയ്യുന്ന പാപഫലം അവരും ഭുജിക്കുമോയെന്ന് എന്ന് പറഞ്ഞു. നീ മടങ്ങി വരും വരെ ഞങ്ങൾ ഇവിടെ നില്ക്കാമെന്നും പറഞ്ഞു.  ഗൃഹത്തിലെത്തി ഭാര്യയോടും കുഞ്ഞുങ്ങളോടും ചോദിച്ചപ്പോൾ തങ്ങൾ തങ്ങൾ ചെയ്യുന്ന കർമ്മഫലം തങ്ങൾ തന്നെ അനുഭവിക്കണമെന്നും അത്  പങ്കുവയ്ക്കാൻ പറ്റില്ലെന്നും പറഞ്ഞു. ഉത്തരം കേട്ട് വിരക്തിയോടെ മുനിമാരുടെ സമീപമെത്തിയ എന്നുടെ അന്തഃകരണം മുനിമാരുടെ ദർശന മാത്രയിൽ ശുദ്ധമായി തീർന്നു. പാപർണ്ണവത്തിലേക്ക് ഗമിച്ചു കൊണ്ടിരിക്കുന്ന തന്നെ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ചു. മംഗളം ഭവിക്കട്ടെയെന്നനുഗ്രഹിച്ച് അങ്ങയുടെ നാമം വ്യത്യസ്താക്ഷരങ്ങളിൽ  ' മരാ ' എന്നാക്കി ഏകാഗ്ര മനസ്സോടെ അവർ ഇനി വരുന്നതുവരെ ജപിച്ചു കൊണ്ടിരിക്കാൻ പറഞ്ഞ് അവിടെ നിന്നും യാത്രയായി 

ഞാനാകട്ടെ അവർ ഉപദേശിച്ച രീതിയിൽ ജപിച്ചു കൊണ്ടിരിന്നു . ഇപ്രകാരം വളരെ കാലം നിശ്ചലനായി ,  സർവ്വസംഗപരിത്യാഗിയായിരുന്ന എന്റെ ദേശം മുഴുവൻ പുറ്റ് ( വാല്മീകം ) കൊണ്ട് മൂടിപ്പോയി. ഒരായിരം വർഷങ്ങൾക്ക് ശേഷം മഹർഷിവര്യന്മാർ വീണ്ടും ആഗതരായി നിഷ്ക്രമിച്ചാലുമെന്ന് പറഞ്ഞു. അതുകേട്ട് എഴുന്നേറ്റ് മഞ്ഞിൽ നിന്നും സൂര്യൻ എന്ന പോലെ പുറത്തേയ്ക്ക് വന്നു. വാല്മീകത്തിൽ നിന്നും രണ്ടാം ജന്മമായി ഉത്ഭവിക്കയാൽ മഹർഷിമാർ വാല്മീകി എന്ന നാമധേയം നല്കി. ഹേ രാമചന്ദ്രാ! രാമനാമ പ്രഭാവത്തിലാണ് ഞാൻ ബ്രഹ്മർഷിയായത്. ഇപ്പോൾ ഭവാനെ നേരിട്ട് കാണാൻ സാധ്യമായി. ഞാൻ മുക്തനായി

അതിനുശേഷം വാല്മീകി മഹർഷി ലക്ഷ്മണാന്വിതനായി ശിഷ്യന്മാരോട് കൂടി പോയി ചിത്രകൂട പർവ്വതത്തിന്റെയും ഗംഗയുടെയും മദ്ധ്യത്തിലായി ഒരു വിസ്തീർണ്ണമായ  പർണ്ണശ്ശാല പണിചെയ്യിച്ചു.  കിഴക്കു _ പടിഞ്ഞാറും, തെക്കു _വടക്കുമായി ശോഭനങ്ങളായ രണ്ടു മന്ദിരങ്ങളും പണിയിച്ചു. സീതാലക്ഷമണ സമേതനായ ശ്രീരാമൻ ആ ഉത്തമഗൃഹത്തിൽ ദേവതുല്യനായി വസിച്ചു

തുടരും ....

✍ കൃഷ്ണശ്രീ 

𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

No comments:

Post a Comment