അദ്ധ്യാത്മ രാമായണം ഏഴാം ദിവസം
▬▬▬▬▬▬
അഭിഷേക വിഘ്നം
അന്നൊരിക്കൽ, ദശരഥ മഹാരാജാവ് കുലഗുരു വസിഷ്ഠനോടായി പറഞ്ഞു, സർവ്വഗുണ സമ്പന്നനായ രാമനെ മന്ത്രിമാരും പൗരന്മാരും വളരെയധികം ഇഷ്ടപ്പെടുന്നു. അതിനാൽ രാമനെ യുവരാജാവായി അഭിഷേകം നടത്താൻ ആഗ്രഹിക്കുന്നു. ഗുരുവിന്റെ സമ്മതം കിട്ടിയാൽ നാളെ തന്നെ അഭിഷേകം നടത്താം. അമ്മാവന്റെ അടുത്ത് പോയ ഭരതശത്രുഘ്നന്മാർ എത്തിയിട്ടില്ലയെങ്കിലും ഗുരുവരാ അങ്ങ് സമ്മതം പറഞ്ഞാൽ അഭിഷേക സാമഗ്രികൾ സംഭരിക്കാം. ഗുരോ, അവിടുന്ന് തന്നെ രാമനെ കാര്യം ഗ്രഹിപ്പിക്കുകയും വേണം. അനന്തരം മന്ത്രി ശ്രേഷ്ഠനായ സുമന്ത്രനെ വിളിച്ച് വസിഷ്ഠ മഹർഷി കൽപ്പിക്കുന്നതെല്ലാം ചെയ്യുവാൻ ആജ്ഞാപിച്ചു. നാളെ രാമനെ യുവരാജാവായി അഭിഷേകം ചെയ്യുകയാണ് എന്നും അറിയിച്ചു. വസിഷ്ഠാചാര്യൻ സുമന്ത്രനേട് ഇങ്ങനെ കല്പിച്ചു. ' നാളെ പ്രഭാതത്തിൽ പൊന്നണിഞ്ഞ പതിനാറു കന്യകമാർ മദ്ധ്യദ്വാരത്തിൽ സന്നിഹിതരാകണം . ഐരാവതകുലജാതനായ നാൽകൊമ്പനാനയെ സ്വർണ്ണരത്നാദികളാൽ അലങ്കരിച്ചു നിർത്തണം. ആയിരക്കണക്കിന് സ്വർണ്ണകുംഭങ്ങളിൽ നാനാ പുണ്യതീർത്ഥങ്ങൾ നിറച്ചു വയ്ക്കണം. മൂന്നു പുത്തൻ പുലിത്തോലുകൾ വരുത്തണം. രത്നദണ്ഡങ്ങളും മുത്തും രത്നവും കൊണ്ട് അലംകൃതമായ വെൺകൊറ്റക്കുടയും ദിവ്രമാല്യവസ്ത്രാഭരണങ്ങളും ഒരുക്കിവയ്ക്കണം. കുശപാണികളായ മുനിമാരെ വരുത്തി സൽക്കരിച്ചിരുത്തണം. അരമനമുറ്റത്ത് നർത്തകിമാരും വാരനാരീജനവും ഗായകരും വേണുനാദവിദഗ്ദ്ധരും മറ്റ് വാദ്യക്കാരും എത്തിച്ചേർന്ന് വാദ്യാഘോഷം മുഴക്കട്ടെ. അഭിഷേക സ്ഥാനത്തിനു പുറത്തായി ആന, കുതിര, കാലാൾ പടകൾ സായുധരായി നില്ക്കണം. നഗരത്തിലുളള ദേവാലയങ്ങളിൽ പൂജകളും ബലികളും നടത്തണം. സാമന്തരാജാക്കാന്മാരെല്ലാം കാഴ്ചദ്രവ്യങ്ങളുമായി എത്തിച്ചേരട്ടെ. ' ഇപ്രകാരം മന്ത്രി ശ്രേഷ്ഠന് നിർദ്ദേശം നല്കിയ ശേഷം വസിഷ്ഠ മഹർഷി രാമന്റെ ഭവനത്തിലേക്ക് യാത്രയായി
ആഗതനായ ഗുരുനാഥനെ കൂപ്പുകൈയ്യുമായി ഭക്തിപുരസ്സരം സ്വാഗതം ചെയ്തു ശ്രീരാമൻ. ഗുരുവിനെ ദണ്ഡനമസ്ക്കാരം ചെയ്ത് സിംഹാസനത്തിലുരുത്തി സീതാദേവി കൊണ്ടുവന്ന ജലം കൊണ്ട് ഭക്തിയോടെ കാൽകഴുകിച്ച് , ആ പാദതീർത്ഥം സീതയോടൊപ്പം ശിരസ്സിൽ ധരിച്ചുകൊണ്ട് ശ്രീരാമൻ പറഞ്ഞു " അങ്ങയുടെ പാദതീർത്ഥം ധരിക്കയാൽ ഞാൻ ധന്യനായിതീർന്നു. " അപ്പോൾ വസിഷ്ഠ മഹർഷി ഇങ്ങനെ പറഞ്ഞു. ആരുടെ പാദതീർത്ഥം ശിരസ്സിൽ ധരിച്ചാണോ പരമശിവനും എന്റെ പിതാവായ ബ്രഹ്മാവും പാപരഹിതനായിത്തീരുന്നോ ആ പരമാത്മാവാണ് ലക്ഷ്മീ സമേതനായി, ദേവകാര്യം സാധിക്കുന്നതിനും ഭക്തന്മാരുടെ ഭക്തിയെ സഫലമാക്കാനും രാവണവധാർത്ഥവുമായി അവതരിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കുന്നു. എന്നാൽ ഗുഹ്യമായ ഈ ദേവകാര്യം മായയാൽ ഭവാൻ മൂടിവയ്ക്കപ്പട്ടിരിക്കുന്നതിനാൽ ഞാനും വെളിപ്പെടുത്തുന്നില്ല. അങ്ങയുടെ ജനനത്തെ കുറച്ചു ബ്രഹ്മാവ് പറഞ്ഞു അറിയുകയാൽ ഈ പൗരോഹത്യം ഏറ്റെടുത്ത് കാത്തിരുന്നത് അങ്ങയുടെ സമാഗമം കാംഷിച്ചാണ്. അങ്ങയുടെ മഹാമായ എന്നെ മോഹിപ്പിക്കാതിരിക്കേണമേ.. ഭവാൻ ഞാനിപ്പോൾ ആഗതനായത് നാളെ ദശരഥ രാജാവ് അങ്ങയെ യുവരാജാവായി അഭിഷേകം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. അതിനാൽ അങ്ങ് സീതയോടുകൂടി ഉപവാസമനുഷ്ഠിക്കണം . ജിതേന്ദ്രായനായി ഭൂമിയിൽ ശയിക്കണം. അങ്ങ് നാളെ രാജാവിനടുക്കലേയ്ക്ക് ചെല്ലുക. ഇത്രയും പറഞ്ഞു ഗുരു യാത്രയായി
രാമഭിഷേക വാർത്തയറിഞ്ഞ കൗസല്യമാതാവ് മഹാലക്ഷ്മിയെ പൂജിച്ചു. രാജാവ് സത്യം പാലിക്കുന്നവനാണെങ്കിലും കൈകേയിയോടുയേറെ പ്രിയമുളളതിനാൽ , കൈകേയിയുടെ മനസ്സിൽ എന്താവും എന്ന് ചിന്തിച്ച് വ്യാകുലയായി
ഈ അവസരത്തിൽ ദേവന്മാർ സരസ്വതിദേവിയെ സമീപിച്ച് ഭൂമിയിൽ എത്തി മന്ഥരയുടെയും കൈകേയിയുടെയും നാവിൽ കുടിയിരുന്ന് രാമാഭിഷേകം മുടക്കണമെന്നും ഇല്ലെങ്കിൽ രാവണനിഗ്രഹം നടക്കില്ലെന്നുമുണർത്തിച്ചു. അപ്രകാരം ദേവി മന്ഥരയിൽ ആവേശിച്ചു
മാളികമുകളിൽ നിന്നും നോക്കിയ മന്ഥര അലങ്കാരങ്ങൾ കണ്ടു അതിന്റെ കാരണം ആരാഞ്ഞ് അറിഞ്ഞ് കൈകേയിയുടെ അറയിലേക്ക് തിരിച്ചു. മന്ഥരയെ കണ്ടു കൈകേയി ചോദിച്ചു എന്ത് വിശേഷമാണ് രാജ്യമെല്ലാം അലങ്കരിക്കുവാനെന്ന് ചോദിച്ചു. അതിന് മന്ഥര " മൂഢയായ സ്ത്രീ നീ എപ്പോഴും അലസയായി ഉറങ്ങി കിടക്കൂ. രാജാവ് രാമനെ യുവരാജാവായി അഭിഷേകം ചെയ്യാൻ പോകുന്നു. " ഇതുകേട്ട് കൈകേയി എഴുന്നേറ്റ് സന്തോഷത്തോടെ രത്നഖചിതമായ ഒരു സ്വർണ്ണ നൂപൂരം മന്ഥരയ്ക്ക് സമ്മാനിച്ചിട്ട് കേട്ടു എന്തിനാണ് ഈ സന്തോഷ അവസരത്തിൽ ഭയപ്പെടുന്നുത്. രാമൻ സ്വന്തം മാതാവിനേക്കാൾ എന്നെ സ്നേഹിക്കുന്നു. എനിക്കും ഭരതനേ പോലെ രാമനേയും സ്നേഹമാണ്. ഇതുകേട്ട് മന്ഥര പറഞ്ഞു. ഹേ മൂഢേ ,രാജാവ് നിന്നെ സ്നേഹവാക്കുകൾ പറഞ്ഞു ചതിക്കുകയാണ്. രാമൻ രാജാവായാൽ കൗസല്യ രാജമാതാവാകും . കൗസല്യയ്ക്ക് പ്രിയപ്പെട്ടവളായ സുമിത്രയ്ക്കും സ്ഥാനം കിട്ടും . നീയവരുടെ ദാസിയായി കഴിയേണ്ടി വരും. സപത്നി ദുഃഖത്തേക്കാൾ മരണമാണ് നല്ലത്. ഭരതൻ രാമനെ സേവിച്ച് കഴിയേണ്ടി വരും. ഭരതനെ രാജാവാക്കാം
ഞാൻ പറയുന്നത് കേൾക്കുമെങ്കിൽ. സന്ദർഭവശാൽ ഓർമ്മവന്നതാണ് . പണ്ട് ദേവാസുരയുദ്ധത്തിൽ രഥചക്രത്തിന്റെ അക്ഷകീലം പൊട്ടിയപ്പോൾ നിന്റെ വീരൽ അക്ഷകീലത്തിന് പകരം വച്ച് രാജാവിന്റെ ജീവൻ രക്ഷിച്ചപ്പോൾ നിനക്ക് രാജാവ് നല്കിയ വരം, നീ വേണ്ടപ്പോൾ ചോദിച്ചു കൊളളാം എന്ന് പറഞ്ഞ വരം ഇപ്പോൾ ചോദിക്കണം. ഒന്ന് ഭരതനെ രാജാവാക്കണം രണ്ട് രാമൻ പതിനാലുവത്സരം കാട്ടിൽ കഴിയണം. നീ വേഗം ക്രോധാലയത്തിൽ പ്രവേശിച്ച് നിലത്തു കിടക്കു. രാജാവ് നിമെറെ ആവശ്യം സാധിച്ചു തരുന്നതു വരെ." ഇതുകേട്ട് കൈകേയി ക്രോധാലയം പ്രവേശിച്ചു
അനന്തരം ദശരഥ രാജാവ് മന്ത്രിമാർക്ക് വേണ്ടുന്ന നിർദ്ദേശം നല്കിയ ശേഷം കൈകേയി മന്ദിരത്തിൽ എത്തി. അവിടെ റാണിയെ കാണാഞ്ഞ് തിരക്കിയ രാജനോട് തോഴിമാർ റാണീ ക്രോധാലത്തിലാണ് എന്നറിയിച്ചു. ക്രോധാലയത്തിൽ വെറും നിലത്തു കിടക്കുന്ന കൈകേയി കണ്ടു വിഷമിച്ച രാജൻ റാണിയുടെ ദുഃഖമകറ്റാൻ വേണ്ടത് എന്തായാലും ചെയ്യാമെന്ന് രാമനെ കൊണ്ട് സത്യം ചെയ്തു. അത് കേട്ട് കൈകേയി തനിക്ക് മുന്നെ നല്കിയ വരത്തെ കുറച്ചു ഓർമ്മിപ്പിച്ചു. അത് നല്കണമെന്ന് പറഞ്ഞു. രണ്ട് വരങ്ങളിൽ ഒന്ന് ഭരതനെ രാജാവാക്കണമെന്നും രണ്ട് രാമൻ പതിനാല് വർഷം വനത്തിൽ വസിക്കണം. ഇതുകേട്ട രാജാവ് മോഹാലസ്യനായി. വളരെ നേരം കഴിഞ്ഞു ഉണർന്നരാജൻ ദേവിയോട് അപേക്ഷിച്ചു ഭരതനെ രാജാവാക്കാം അതിന് രാമൻ വനത്തിൽ പോകണമെന്നതെന്തിന്. രാമനെ കണ്ടില്ലെങ്കിൽ തന്റെ പ്രാണൻ പോകുമെന്നും പറഞ്ഞു. ദേവി തനിക്ക് രണ്ടു വരങ്ങളും നല്കി സത്യപാലിക്കാൻ രാജാവിനോട് ആവശ്യപ്പെട്ടു
അടുത്ത നാൾ രാമാഭിഷേകമറിഞ്ഞ പൗരജനം പുലരുവാനായി കാത്തിരിന്നു . പുലർക്കാലത്തിൽ രാജാവിനെ ദർശിക്കാൻ എത്തിയ സുമന്ത്രർ വെറും നിലത്ത് ദുഃഖിതനായി കിടക്കുന്ന രാജാവിനെ കണ്ട് വളരെ വ്യസനത്തോടെ കൈകേയിയോട് രാജാവിന്റെ ദുഃഖ കാരണം ആരാഞ്ഞു. രാമനെ കാണാഞ്ഞതിനാലാണെന്നും വേഗം രാമനെ വരുത്താനും റാണി ആവശ്യപ്പെട്ടു . ദശരഥ രാജന്റെ അനുവാദത്തോടെ സുമന്ത്രർ രാമനെ കൂട്ടികൊണ്ടു വന്നു. രാമ രാമേതി വിലപിക്കുന്ന രാജനെ ആശ്ലേഷിച്ച് ദുഃഖ കാരണമാരാഞ്ഞു രാമൻ. അതിനു മറുപടിയായി രാമനാണ് ദുഃഖ കാരണം എന്ന് കൈകേയി പറഞ്ഞു. താതന്റെ ദുഃഖമകറ്റാൻ വേണ്ടത് എന്തായാലും ചെയ്യാമെന്ന് രാമൻ സത്യം ചെയ്തു. കൈകേയി തനിക്ക് മുന്നേ പറഞ്ഞ രണ്ടു വരങ്ങൾ ചോദിച്ചു എന്നും, അത് എന്താണ് എന്ന് പറയാൻ മടിച്ചാണ് രാജാവ് ദുഃഖിക്കുന്നത് എന്നും അറിയിച്ചു . ഭരതന് രാജ്യം നല്കണമെന്നും രണ്ടാമത് രാമൻ പതിനാലുവത്സരം വനത്തിൽ വാഴണം എന്നുമാണ് വരം ചോദിച്ചതെന്ന് കൈകേയി പറഞ്ഞു. രാമ, എന്നെ തുറങ്കലിലടച്ചു നീ രാജ്യം സ്വന്തമാക്കൂ. ഇല്ലെങ്കിൽ സത്യവിരോധം സംഭവിച്ചു നരകത്തിൽ വീണിടുമല്ലോ എന്നു പറഞ്ഞു വിലപിച്ചു രാജാ ദശരദൻ. താതൻ ഇതിനായി ദുഃഖിക്കുന്നതെന്തിന്, കൈകേയി മാതാവിന് എന്നോട് അധികം സ്നേഹമുള്ളത് കൊണണ്ടല്ലേ കഠിനമായ രാജ്യഭാരം എനിക്ക് നല്കാതെ പ്രയാസമില്ലാത്ത കാനനവാസം നല്കിയത്. നാടുഭരിക്കാൻ ഭരതൻ മതി കാടു ഭരിക്കാൻ ഞാനും . കൗസല്യ മാതാവിനോടും സീതയോടും പറഞ്ഞിട്ട് ഇപ്പോൾ തന്നെ വനത്തിലേക്ക് യാത്രയാകുന്നതാണ് എന്നറിയിച്ച് രാമൻ കൗസല്യദേവിയുടെ അടുത്തേയ്ക്ക് യാത്രയായി
ധ്യാനിയനിരതയായിരുന്ന കൗസല്യദേവി രാമൻ വന്നതറിഞ്ഞില്ല. സുമിത്രാദേവി അറിയിച്ചപ്പോൾ മിഴികൾ തുറന്ന മാതാവ് മകന്റെ വാടിയമുഖം കണ്ട്. വിശക്കുന്നോ മകനേ ഭക്ഷണം കഴിക്കാൻ വരൂ എന്ന് ക്ഷണിക്കുന്നു. ഭക്ഷണത്തിന് സമയമില്ല കൈകേയിയമ്മയ്ക്ക് താതൻ മുന്നമേ നല്കിയ വരദ്വയ പ്രകാരം രാജ്യം ഭരതന് നല്കി പതിനാലുവത്സരം കാനനം വാഴാൻ പുറപ്പെടണം എന്ന് രാമൻ പറഞ്ഞു. മാതാവ് അനുഗ്രഹിക്കണമെന്നും പ്രാർത്ഥിക്കുന്നു. ദുഃഖിതയായ കൗസല്യമാതാവ് രാജ്യം ഭരതന് നല്കുന്നതിന് രാമൻ കാനനം വാഴണമെന്നുണ്ടോയെന്ന് കേൾക്കുകയും, രാമനെ പിരിയാൻ കഴിയില്ല മാതാവിനെയും കൊണ്ടു പോകണമെന്ന് അഭ്യർത്ഥിക്കുകയും, പിതാവിനും മാതാവിനും പുത്രനിൽ തുല്യവകാശമാണ് പിതാവ് പോകാൻ പറയുമ്പോൾ മാതാവ് പോകണ്ടയെന്ന് പറഞ്ഞാൽ മകൻ അനുസരിക്കില്ലേ എന്നു ചോദിക്കുന്നു. പിതാവിന്റെ ഇച്ഛയെന്തോ അതാണ് മാതാവിന് ഇച്ഛയാകേണ്ടത് എന്ന് പറഞ്ഞു രാമൻ മാതാവിനെ ആശ്വസിപ്പിക്കുന്നു. സ്ത്രീജിതനായ താതനെ ബന്ധനസ്ഥനാക്കി അഭിഷേകം നടത്താമെന്ന് കോപിക്കുന്ന ലക്ഷമണനെ തത്വോപദേശങ്ങൾ നല്കി ശാന്തനാക്കുന്നു രാമൻ. എന്നാൽ താനും വനത്തിലേക്ക് അനുഗമിക്കുന്നുയെന്നും അതിന് അനുവാദം നല്കണമെന്നും ലക്ഷ്മണൻ പറയുന്നു. സീതയോട് യാത്ര പറഞ്ഞു വന്നു പുറപ്പെടാമെന്ന് പറഞ്ഞു രാമൻ യാത്രയായി
പരിവാരങ്ങളില്ലാതെ തനിയെ എത്തിയ രാമനോട് സീത കാരണം തിരക്കുമ്പോൾ കൈകേയി മാതാവിന് താതൻ നല്കിയ വരം പാലിക്കാനായി പതിനാലുവത്സരം വനത്തിൽ പാർക്കാൻ പോകുന്നു എന്നും തിരികെ എത്തും വരെ മാതാവിനെ ശുശ്രൂഷിച്ച് കഴിയാനു രാമൻ സീതയോട് ആവശ്യപ്പെടുന്നു. പതിവ്രതയായ സ്ത്രീ സുഖത്തിലും ദുഃഖത്തിലും തന്റെ പതിക്കൊപ്പമുണ്ടാകേണ്ടവളായതിനാൽ തന്റെ പതിവ്രതാ ധർമ്മം അനുഷ്ഠിക്കാനനുവദിക്കണമെന്നും തന്നെയും വനത്തിലേക്ക് വരാൻ അനുവദിക്കണമെന്നും സീത അപേക്ഷിക്കുന്നു. കാനനത്തീൽ ക്രൂരമൃഗങ്ങളും നരഭോജികളായ രാക്ഷസന്മാരുമുണ്ടന്നും നഗ്നപാദയായി കല്ലിലും മുളളിലും ചവിട്ടി നടക്കേണ്ടിവരുമെന്നും, കയ്പ്പുളള കായ്കനികൾ ഭക്ഷിക്കേണ്ടി വരുമെന്നും, അതിനാൽ മാതാവിനെ ശുശ്രൂഷിച്ച് കഴിയാൻ രാമൻ സീതയെ ഉപദേശിക്കുന്നു. എന്നാൽ സീത,തന്നോട് മുന്നമൊരു മഹർഷി പറഞ്ഞിരുന്നു പതിയോടൊപ്പം കാനനവാസം ചെയ്യണ്ടി വരുമെന്ന്, അതുമാത്രമല്ല രാമായണം താൻ മുന്നമേ കേട്ടിട്ടുണ്ട് എന്നും, എന്നാണ് ജാനകിയില്ലാതെ രാമൻ കാട്ടിലേക്ക് പോയിട്ടുളളതെന്നും, പതിയുടെ പാദങ്ങളിലാണ് പതിവ്രതയായ പത്നിയുടെ സുഖമെന്നും , അതിനാൽ പതിയെ അനുഗമിച്ച് പതിവ്രത ധർമ്മം പാലിക്കാൻ അനുവദിക്കണമെന്നും സീതാദേവി പറയുന്നു. എന്നാൽ അരുന്ധതി ദേവിക്ക് ദാനം നല്കി യാത്ര പുറപ്പെടാൻ തയ്യാറാകാൻ പറഞ്ഞു വിപ്രന്മാർക്കും മറ്റും രാമൻ ധാരാളം ദാനം നല്കി. യാത്രയ്ക്ക് ഒരുങ്ങിയ ലക്ഷ്മണൻ മാതാവായ സുമിത്രദേവിയെ കൗസല്യ മാതാവിനെയേല്പിച്ച് പാദനമസ്ക്കാരം ചെയ്യുമ്പോൾ., രാമനെ ദശരഥ രാജാവിന്റെ ( താതൻ ) സ്ഥാനത്തും സീതയെ തന്റെ ( സുമിത്ര _ മാതാവ് ) സ്ഥാനത്തും കാനനം അയോദ്ധ്യയായും കരുതണം എന്നും സുമിത്രാദേവി ലക്ഷ്മണനെ ഉപദേശിക്കുന്നു
നഗ്നപാദനായി നടക്കുന്ന രാമനെ കണ്ട് പ്രജകൾ സങ്കടപ്പെട്ടു. ഇന്നലെ വരെ പുത്രസ്നേഹത്തിന് പേര് കേട്ട ദശരഥ രാജൻ എന്തിന് ഇങ്ങനെ തീരുമാനിച്ചു എന്നും ജനം ആകുലപ്പെട്ടു. കൈകേയി ദേവിക്ക് നല്കിയ വരമാണ് കാരണം എന്നറിഞ്ഞ പ്രജകൾ രാമനൊപ്പം വനത്തിലേക്ക് യാത്രയാകാൻ തീരുമാനിച്ചു. അപ്പോൾ അവർക്ക് ശ്രീരാമതത്വം ഉപദേശിച്ചു വാമദേവൻ എന്ന മഹർഷി. കാലാകാലങ്ങളിൽ അവതാരമെടുത്ത പരമാത്മാവായ മഹാവിഷ്ണു ആണ് ശ്രീരാമൻ എന്നും മഹാമായദേവിയാണ് സീതയെന്നും ശേഷനാഗമാണ് ലക്ഷ്മണൻ എന്നും, ദേവകാര്യാർത്ഥം രാവണവധത്തിനായാണ് രാമൻ കാട്ടിൽ പോകുന്നതെന്നും, അതിനാൽ ആരും വ്യസനിക്കേണ്ടതില്ലെന്നും മുനിപുംഗവനായ വാമദേവൻ പൗരന്മാരോട് പറഞ്ഞു. എന്നാൽ പൗരജനം രാമനോടെപ്പം കാനനത്തിലേക്ക് പോകാൻ തീരുമാനിച്ചു
തുടരും ....
✍ കൃഷ്ണശ്രീ
𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎:
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
No comments:
Post a Comment