Sunday, August 1, 2021

അദ്ധ്യാത്മ രാമായണം പതിമൂന്നാം ദിവസം

അദ്ധ്യാത്മ രാമായണം പതിമൂന്നാം ദിവസം    

ശൂർപ്പണഖാഗമനം
 
 ആ കാലത്ത്, ആ മഹാരണ്യത്തിൽ സ്വേച്ഛപോലെ രൂപം ധരിക്കാൻ കഴിവുള്ളവളും മഹാബലവതിയും ജനസ്ഥാനവാസിനിയുമായ ഒരു രാക്ഷസി സഞ്ചരിച്ചിരുന്നു. അവളൊരിക്കൽ പഞ്ചവടി സമീപത്തിലൂടെ സഞ്ചരിക്കുമ്പോൾ ശ്രീരാമചന്ദ്രന്റെ വജ്രാംങ്കുശാങ്കിതമായ  കാലടിപ്പാടുകൾ കണ്ട്, പാദസൗകുമാര്യത്താൽ മോഹിച്ചവളും കാമവിവശയുമായിത്തീർന്ന് രാമസവിധത്തിൽ എത്തിച്ചേർന്നു.  അവിടെ സീതാസമേതനായിരിക്കുന്ന രാമനോട് ഭവാൻ ആരാണെന്നും ജടാവല്ക്കലധാരിയായി ഈ ആശ്രമത്തിൽ താമസിക്കുന്നതെന്തിനാണെന്നും ആരാഞ്ഞു. ശേഷം താൻ രാവണസോദരിയായ ശൂർപ്പണഖയാണെന്നും ഭ്രാതാവായ ഖരന്റെ കൂടെ ഈ കാട്ടിൽ വസിക്കുന്നുവെന്നും പറഞ്ഞു.

അപ്പോൾ ശ്രീരാമൻ അവളോട് താൻ ദശരഥ പുത്രനായ രാമനാണെന്നും ജനകപുത്രിയായ സീതയെന്ന ഈ സുന്ദരി തന്റെ ഭാര്യയാണെന്നും അതീവ സുന്ദരനായ ഈ കുമാരൻ തന്റെ സഹോദരനായ ലക്ഷ്മണനാണെന്നും പറഞ്ഞു.  ഹേ സുന്ദരി നിനക്ക് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് രാമൻ ശൂർപ്പണഖയോട് ചോദിച്ചു. 

ഇപ്രകാരം ശ്രീരാമ വാക്യം കേട്ട് ശൂർപ്പണഖ രാമനെ തന്നോടൊപ്പം ഗിരികാനനങ്ങളിൽ രമിക്കാനായി വരണമെന്നും കാമാർത്തയായ തനിക്ക് കമലേക്ഷണനായ ഭവാനെ ത്യജിച്ച് പോകാൻ കഴിയില്ലെന്നുമറിയിച്ചു.

ഇതുകേട്ട് ശ്രീരാമൻ സീതയെ നോക്കിയശേഷം, ശൂർപ്പണഖയോടായി , തന്റെ ഭാര്യയായ സീത സുമംഗലിയാണെന്നും ത്യജിക്കപ്പെടേണ്ടവളല്ലന്നും സുന്ദരിയായ നീ സാപത്ന്യദുഃഖം സഹിക്കാൻ  കഴിയാത്തവളാണെന്നും തന്റെ സഹോദരനായ ലക്ഷ്മണൻ നിനക്ക് അനുരൂപനായി ഭർത്താവായിരിക്കുമെന്നും പറഞ്ഞു. ഇതുകേട്ട് അവൾ ലക്ഷ്മണന്റെ  സമീപം ചെന്ന് ഭ്രാതവിന്റെ ആജ്ഞായാൽ തന്നെ സ്വീകരിക്കണമെന്ന് അപേക്ഷിച്ചു.  ഇതിനു മറുപടിയായി താൻ ജ്യേഷ്ഠന്റെ ദാസൻ മാത്രമാണെന്നും അതിനാൽ നീയും ദാസിയായിരിക്കേണ്ടിവരുംഅത് ദുഃഖകരമാണ് . അതിനാൽ അദ്ദേഹത്തെ തന്നെ പ്രപിക്കുകയെന്നു പറഞ്ഞു ലക്ഷ്മണൻ.  വീണ്ടും രാമനും ലക്ഷ്മണനും തിരസ്ക്കരിച്ചപ്പോൾ ക്രോധത്താടെ ഘോരരൂപിണിയായി സീതയുളളതു കൊണ്ടാണ് താൻ തിരസ്ക്കരിക്കപ്പെട്ടതെന്നു പറഞ്ഞു സീതയെ ഭക്ഷിക്കാനായി അടുത്തു. അപ്പോൾ രാമജ്ഞയനുസരിച്ച് ലക്ഷ്മണൻ വാളെടുത്ത് ശൂർപ്പണഖയുടെ മൂക്കും ചെവികളും ഛേദിച്ചു കളഞ്ഞു.

രക്തത്തിൽ കുളിച്ചു ഘോരമായി അട്ടഹസിച്ചു കൊണ്ട് ഖരനു സമീപമെത്തിയ ശൂർപ്പണഖയോട് ഇതിനു കാരണം ആരെന്നും ആരാണ് മരണത്തിനടുത്തെത്താറായത് എന്നും ആരായാലും അവനെ ക്ഷണത്തിൽ കൊല്ലുന്നതാണെന്നും ഖരൻ പറഞ്ഞു. 

ഗോദാവരിയുടെ തീരത്ത്,  ദണ്ഡകാരണ്യവനത്തിൽ സീതാലക്ഷമണസമേതനായി രാമനെന്ന  ഒരുവൻ വസിക്കുന്നു. അവന്റെ നിർദ്ദേശപ്രകാരം സഹോദരനായ ലക്ഷ്മണനാണ് ഇത് ചെയ്തത്. ആ ശത്രുക്കളെ സംഹരിച്ച് രുധിരം പാനം ചെയ്യാൻ തന്നാലും ഇല്ലെങ്കിൽ പ്രാണപരിത്യാഗം ചെയ്യുന്നതാണെന്നും പറഞ്ഞു ശൂർപ്പണഖ.

ഇതുകേട്ട് കോപാകുലനായ ഖരൻ പതിനാലു രാക്ഷസവീരന്മാരെ ശൂർപ്പണഖയോടൊപ്പം രാമലക്ഷമണന്മാരെ വധിക്കാനായി അയച്ചു.  എന്നാൽ ക്ഷണനേരം കൊണ്ട് രാമൻ അവരെ വധിച്ചു.  ഇതുകണ്ട്  പേടിച്ച് ഓടിയ ശൂർപ്പണഖ ഖരനരികിൽ ചെന്ന് രാക്ഷസന്മാർ വധിക്കപ്പെട്ട വിവരം പറഞ്ഞു.  അതു കേട്ട് ഖരൻ പതിനാലായിരം  രാക്ഷസന്മാരും ആയുധമേന്തിയ ദൂഷണ ത്രിശിരാക്കളോടൊപ്പം രാമലക്ഷമണന്മാരുടെ അടുത്തേയ്ക്ക് തിരിച്ചു.  അവരുടെ ശബ്ദകോലാഹലം കേട്ട് രാക്ഷസന്മാരുടെ വരവാണെന്നും അവരെ നശിപ്പിക്കാൻ താൻ തനിച്ച് മതിയെന്നും സീതയെ ഒരു ഗുഹയിലാക്കി സംരക്ഷിക്കാനും ലക്ഷ്മണനോട് പറഞ്ഞു രാമൻ. അപ്രകാരം ലക്ഷ്മണൻ സീതയെ ഒരു ഗുഹയിലാക്കി ജാഗ്രതയോടെ നിന്നു.  

പാഞ്ഞടുത്ത രാക്ഷസന്മാരും രാമനുമായി ഘോരയുദ്ധമുണ്ടായി. ഖരന്റെയും കൂട്ടരുടെയും പല ആയുധങ്ങളും രാമൻ നശിപ്പിക്കുകയും മൂന്നേ മുക്കാൽ നാഴിക കൊണ്ട് ഖര ദൂക്ഷണ ത്രിശിരസ്സുകളുൾപ്പെടെ രാക്ഷസന്മാർ പതിനാലായിരവും വധിക്കപ്പെട്ടു. അനന്തരം ലക്ഷ്മണൻ ഗുഹയിൽ നിന്നും സീതയെയും കൂട്ടി രാമസന്നിധിയിലെത്തി. സീത സന്തോഷത്താൽ ശ്രീരാമനെ ആലിംഗനം ചെയ്തശേഷം ആയുധങ്ങൾ കൊണ്ട് ഉണ്ടായ മുറിവെല്ലാം തലോടി മായ്ച്ചു കളഞ്ഞു 

രാക്ഷസന്മാരുടെ നാശം കണ്ട് ഭയന്ന് ഓടിയ ശൂർപ്പണഖ,  രാവണസന്നിധിയിലെത്തി. ആരാണ് തന്നെ വിരൂപയാക്കിയതെന്ന് ചോദിച്ച രാവണനോട് സഹോദരി " മൂഢബുദ്ധിയും മദ്യാസക്തനും സ്ത്രിജിതനുനായ, ചാരചക്ഷുസുകളില്ലാത്ത രാജാവേ , ഖരനും ദൂഷണനും ത്രിശ്ശിരസ്സും പതിനാലായിരം രാക്ഷസന്മാരും ശ്രീരാമനാൽ വധിക്കപ്പെട്ടു. " എന്നറിയിച്ചു. ആരാണ് രാമൻ? എന്തിന് വേണ്ടിയാണ് രാക്ഷസന്മാരെ വധിച്ചത് എന്ന രാവണന്റെ ചോദ്യത്തിന് ശൂർപ്പണഖ ഇപ്രകാരം മറുപടി നല്കി.  ഗൗതമീതീരത്ത് പഞ്ചവടിയിലെ ഒരാശ്രമത്തിൽ ദശരഥ നന്ദനനായ രാമനും പത്നി സീതയും സഹോദരൻ ലക്ഷ്മണനും താമസ്സിക്കുന്നു. രാമപത്നി സീതയാകട്ടെ മഹാലക്ഷ്മിയെ പോലെ അതീവസുന്ദരിയാകുന്നു. അതീവസുന്ദരിയായ അവളെ ലങ്കേശന് നല്കാനായി കൊണ്ട് വരാൻ ശ്രമിച്ചതിന് രാമന്റെ നിർദ്ദേശപ്രകാരം ലക്ഷ്മണൻ ഈ വിധം തന്നെ വിരൂപയാക്കി എന്നു  പറഞ്ഞു. തന്റെ ദുരവസ്ഥകണ്ട് യുദ്ധത്തിന് പോയ ഖര ദൂഷണ ത്രിശിരസ്സുകളും പതിനാലായിരം രാക്ഷസന്മാരെയും ക്ഷണനേരം കൊണ്ട് രാമൻ വധിച്ചു. രാമൻ മനസ്സു വയ്ക്കുകയാണെങ്കിൽ നിമിഷാർദ്ധം കൊണ്ട് ത്രൈലോക്യം ഭസ്മീകരിച്ചു കളയുമെന്നതിന് യാതൊരു സംശയവുമില്ല. ഹേ ലങ്കേശാ സീത നിന്റെ ഭാര്യയായാൽ നിന്റെ ജീവിതം സഫലമായി . അതിനായി പ്രയത്നം ചെയ്യകയെന്നും ശൂർപ്പണഖ പറഞ്ഞു. നേർക്കുനേരെ നിന്നും രാമനെ തോല്പ്പിക്കാനാകില്ല അതിനാൽ മായയാൽ രാമനെ മോഹിപ്പിച്ച് സീതയെ കൈവശപ്പെടുത്തുക.

സഹോദരിയെ സമാധാനിപ്പിച്ചയച്ച ശേഷം സ്വഗൃഹത്തിലെത്തിയ രാവണൻ ചിന്തയാലാണ്ടു. ഒരു സാധാരണ മാനവനെ കൊണ്ട് അതിബലവാന്മാരായ രാക്ഷസന്മാരെ സംഹരിക്കാൻ കഴിയില്ല. ബ്രഹ്മാവിനാൽ പ്രാർത്ഥിക്കപ്പെട്ട് തന്നെ വധിക്കാനായി അവതാരമെടുത്ത പരമാത്മാവ് തന്നെയാണ് രാമൻ. ആ പരമാത്മാവിനാൽ വധിക്കപ്പെട്ടാൽ പോയി വൈകുണ്ഠരാജ്യം ഭരിക്കാം ഇല്ലെങ്കിൽ വളരെക്കാലം രാക്ഷസരാജ്യം ഭരിച്ച് രാമനടുത്തേക്ക് യാത്രയാകാം. ഇപ്രകാരം ആലോചിച്ചു രാമനെ പരമാത്മാവെന്നറിഞ്ഞ് , വൈരബുദ്ധി കൊണ്ട് മാത്രമേ തനിക്ക് ഹരിയെ പ്രാപിക്കാൻ പറ്റുകയുളളു. ഭക്തി കൊണ്ട് തന്നിൽ ക്ഷണത്തിൽ പ്രസാദിക്കില്ല അഖിലേശൻ " എന്ന് ചിന്തിച്ചുറച്ചു.

തുടരും ....

✍ കൃഷ്ണശ്രീ 

No comments:

Post a Comment