Sunday, August 1, 2021

അദ്ധ്യാത്മ രാമായണം പതിനാലാം ദിവസം

അദ്ധ്യാത്മ രാമായണം പതിനാലാം ദിവസം    

മാരീചവധവും സീതാപഹരണവും
 
അടുത്ത നാൾ രാവണൻ ഏകനായി മാരീചനെ കാണാൻ യാത്രയായി. ജടാവല്ക്കലാദികൾ ധരിച്ച് മുനികളെ പോലെ പരമാത്മാവിനെയും ധ്യാനിച്ച് ഇരിക്കുന്ന മാരീചൻ സമാധിയിൽ നിന്നും ഉണർന്നപ്പോൾ ഭവനത്തിലെത്തിയ രാവണനെ കണ്ട് വേഗാൽ ഏഴുന്നേറ്റ് ആലിംഗനം ചെയ്ത ശേഷം യഥാവിധി ആഥിഥ്യപൂജ ചെയ്ത് ആസനസ്ഥനാക്കിയ ശേഷം ഏകനായി ഇവിടേക്ക് വരാനുള്ള കാരണമന്തെന്നും, ചിന്താകുലനായിരിക്കാൻ കാരണമെന്തെന്നും , രഹസ്യമല്ലാത്ത കാര്യമാണെങ്കിൽ തന്നോട് പറയാമെന്നും രാവണനോട് പറഞ്ഞു

 രാവണൻ പറഞ്ഞു   " അയോദ്ധ്യപതിയായ ദശരഥ പുത്രനായ രാമൻ ഭാര്യയായ സീതയോടും അനുജൻ ലക്ഷ്മണനോടും, പിതാവിന്റെ ആജ്ഞയാൽ വനവാസത്തിന് പുറപ്പെട്ട അവർ പഞ്ചവടിയിലുളള ആശ്രമത്തിൽ വസിക്കുന്നു  . രാമ പത്നിയായ സീത ത്രൈലോക്യമോഹിനിയാണത്രെ. രാമൻ പരാക്രമശാലികളായ ഖരനെയും മറ്റു രാക്ഷസന്മാരെയും വധിച്ചു നിർഭയനായി വനത്തിൽ കഴിയുന്നു. രാമാജ്ഞയാൽ ലക്ഷ്മണൻ ശൂർപ്പണഖയുടെ മൂക്കും കാതുകളും ഛേദിച്ചു. അതിനാൽ നീ കാട്ടിൽ പോയി ഒരു മായമൃഗ വേഷം ധരിച്ച് രാമലക്ഷമണന്മാരെ ദൂരേയ്ക്ക് ആനയിക്കുക. ആ അവസരത്തിൽ സീതയെ അപഹരിച്ചു ലങ്കയിൽ കൊണ്ട് വരാം. അപ്രകാരം സഹായം ചെയ്തശേഷം വീണ്ടും നീ നിന്റെ ആശ്രമത്തിൽ നിവസിച്ചു കൊളളുക"

ഇപ്രകാരം പറയുന്ന രാവണനെ കണ്ടിട്ട് മാരീചൻ വിസ്മയത്തോടു കൂടി ഇങ്ങനെ പറഞ്ഞു. സർവ്വനാശഹേതുകരമായ ഈ ഉപദേശം ആര് നല്കി. രാമൻ ബാലനായിരിക്കുമ്പോൾ തന്നെ വിശ്വാമിത്രന്റെ യജ്ഞസംരക്ഷണത്തിനായി കാട്ടിയ പൗരുക്ഷം ഇപ്പോഴും ഞാൻ  ഓർമ്മിക്കുകയാണ്. അന്ന് രാമ ബാണമേറ്റ് നൂറുയോജന അകലത്തുളള  സമുദ്രത്തിൽ തള്ളി വിട്ടു.  അന്നു മുതൽ രാമനോട്  വിരോധമുപേക്ഷിച്ച് ഭക്തിയോടെ ഭജിക്കുകയാണ്. കുലത്തോടെ മുടിക്കുന്ന ഈ ഉപദേശം തന്നത് ആരായാലും അവർ മിത്രമല്ല ശത്രുവാണ്. അതിനാൽ താങ്കൾ ഈ ആലോചന ഉപേക്ഷിച്ച് രാമനെ ഭക്തിയോടെ ഭജിക്കുക.. രാമൻ സാക്ഷാൽ പരമാത്മാവെന്നറിയുക. ബ്രഹ്മാവിന്റെ പ്രാർത്ഥനയാൽ താങ്കളുടെ നിഗ്രഹാർത്ഥം അവതരിച്ച പരമാത്മാവാണ് രാമൻ. അദ്ദേഹത്തെ ഭക്തിയോടെ ഭജിക്കുക. ദുശ്ചിന്ത വെടിഞ്ഞ് ഭവനത്തിൽ പോയി സുഖമായി ഇരിക്കുക

അതിനുത്തരമായി രാവണൻ ഇപ്രകാരം പറഞ്ഞു.  പരമാത്മാവ് തന്നെ നിഗ്രഹിക്കാൻ രാമനായി ഭൂമിയിൽ അവതരിച്ചിട്ടുണ്ടെങ്കിൽ അത് നിറവേറ്റുക തന്നെ ചെയ്യും.അതിനാൽ എന്ത് കഷ്ടപ്പെട്ടും സീതയെ അപഹരിക്കണം. കാരണം രാമനാൽ യുദ്ധത്തിൽ വധിക്കപ്പെട്ടാൽ വൈകുണ്ഡരാജ്യത്തിലെത്താം അല്ലെങ്കിൽ രാമനെ വധിച്ചു സീതയുമായി സുഖമായി രാക്ഷസ രാജ്യം ഭരിക്കാം. അതിനാൽ വേഗം പുറപ്പെടുക ഇല്ലെങ്കിൽ നീ വധിക്കപ്പെടുന്നതായിരിക്കും. ഇത് കേട്ട് മാരീചൻ ചിന്തിച്ചു. രാമബാണമേറ്റ് മരിച്ചാൽ ജീവൻമുക്തി ലഭിച്ചു സായൂജ്യമടയാം ഈ ദുഷ്ടന്റെ വാളിനിരയായി വീണ്ടും സംസാരദുഃഖമനുഭവിക്കുന്നതിലും നല്ലത് രാമബാണമേറ്റുളള മൃത്യു തന്നെയാണ്. ഇപ്രകാരം ചിന്തിച്ചുറച്ച് രാവണനോടൊപ്പം രഥത്തിൽ കയറി പഞ്ചവടിയിലെത്തി

വെള്ളി കൊണ്ട് പുള്ളികളുളള കനകമയ ശരീരത്തോടും രത്നമയമായ കൊമ്പുകളോടും മണിമയമായ കുളമ്പുകളോടും നീലരത്ന തുല്യമായ കണ്ണുകളോടും മിന്നൽ പിണരിന്റെ കാന്തിയോടും മനോഹരമായ മുഖത്തോടു കൂടിയ ഒരു മാനിന്റെ രൂപത്തിൽ രാമാശ്രമത്തിനരികിൽ തുള്ളി കളിച്ച് സീതയെ മോഹിപ്പിക്കാൻ ശ്രമിച്ചു തുടങ്ങി മാരീചൻ

അനന്തരം ശ്രീരാമൻ രാവണന്റെ പ്രവർത്തികൾ മനസ്സിലാക്കി  സീതയോടു പറഞ്ഞു ഭിക്ഷുരൂപം ധരിച്ച രാവണൻ ഭവതിയെ കൊണ്ട് പോകാൻ വരും. ഭവതി സ്വന്തം രൂപത്തിലുള്ള ഛായയെ ( മായാ സീതയെ) ആശ്രമത്തിൽ നിർത്തിയിട്ട് ഒരു വർഷക്കാലം അദൃശ്യയായി അഗ്നിയിൽ വസിക്കുക.  രാവണവധത്തിനു ശേഷം വീണ്ടും ഭവതിക്ക് മുന്നേ പോലെ എന്റെ പത്നിയായി വാഴാം. രാമ വാക്യം കേട്ട സീതാദേവി മായാസീതയെ പുറത്തു നിർത്തി അഗ്നിയിലേക്ക് മറഞ്ഞു.

 അനന്തരം മായനിർമ്മിത മാനിനെ കണ്ടു മായാസീത രാമനടുത്തു ചെന്ന് ഭയമില്ലാതെ സഞ്ചരിക്കുന്ന ആ വിചിത്രമായ പുളളികളോടു കൂടിയ ആ സുന്ദരമൃഗത്തെ ബന്ധിച്ച് കൊണ്ട്  തന്നാലും. ലക്ഷ്മണനോട് സീതയെ സംരക്ഷിക്കാനാവശ്യപ്പെട്ട് ഏല്പിച്ച  ശേഷം രാമൻ വില്ലുമെടുത്ത് പുറപ്പെടാൻ നിന്നപ്പോൾ ലക്ഷ്മണൻ രാമനോട് പറഞ്ഞു ഇത് മൃഗ വേഷം ധരിച്ച മാരീചനാണ് എന്ന്. അപ്പോൾ രാമൻ പറഞ്ഞു,  ഇത് മാരീചനണെങ്കിൽ അവനെ വധിക്കും സംശയമില്ല അതല്ല മൃഗമാണെങ്കിൽ ബന്ധിച്ച് കൊണ്ട് വരാമെന്ന് പറഞ്ഞു മായാമനുഷ്യൻ മായമൃഗമാണെന്നറിഞ്ഞും അതിനെ ബന്ധിക്കാൻ യാത്രയായി. മൃഗമാകട്ടെ അടുത്ത് കാണും നിമിഷങ്ങൾക്കുളളിൽ അകലേയ്ക്ക് ഓടി മറയും ഇങ്ങനെ രാമനെ ബഹുദൂരം ആനയിച്ചു. രാക്ഷസനെന്നുറപ്പു വരുത്തിയ രാമൻ ഒരു ശരമെടുത്ത്  രാക്ഷസന് നേരെ പ്രയോഗിച്ചു.  അസ്ത്രം തറച്ച മാരീചൻ രാക്ഷസ രൂപം പ്രാപിച്ചു  ലക്ഷ്മണാ രക്ഷിക്കൂ എന്നെയിതാ കൊല്ലുന്നേ എന്ന് രാമന്റെ ശബ്ദത്തിൽ ഉറക്കെ പറഞ്ഞു കൊണ്ട് മരിച്ചു വീണു.  പരമാത്മാവായ രാമനേ കണ്ടു കൊണ്ട് ആ രൂപം മനസ്സിൽ നിറച്ചു കൊണ്ട് രാമബാണത്താൽ തന്നെ മരിച്ച മാരീചന് വിഷ്ണു സാരൂപ്യം വന്നു ചേർന്നു. ദുഷ്ടാത്മാവായ മാരീചന്റെ വാക്കു കേട്ട് സീതദേവി  അതീവദുഃഖത്താലും ഭയത്താലും ലക്ഷ്മണനരികിൽ ചെന്ന് ഭ്രാതാവിന്റെ രോദനം കേട്ടില്ലേ വേഗം പോയി രക്ഷിക്കൂ എന്നു പറഞ്ഞു. അതു കേട്ട് ലക്ഷ്മണൻ പറഞ്ഞു കോപത്താൽ മൂന്നു ലോകങ്ങളും സംഹരിക്കാൻ കഴിവുള്ള ഭ്രാതാവിൽ നിന്നും ഇത്തരം ഒരു രോദനമുണ്ടാകില്ല. അത് ആ മായാരാക്ഷസന്റെ ശബ്ദമാണ് 

ഇത് കേട്ട് ക്രോധത്തോടെ സീതാദേവി ലക്ഷ്മണനെ ഇപ്രകാരം ഭത്സിച്ചു. ഭ്രാതാവിന്റെ  വ്യസനം ഇച്ഛിക്കുന്നവനാണ് നീ  ഭരതനാൽ രാമന് നാശം വന്നാൽ എന്നെ കൊണ്ട് പോകാൻ വന്നവനാണ് നീ. രാമനെയൊഴിഞ്ഞ് അന്യ പുരുഷനെ ഞാൻ   തൊടില്ല. പ്രാണത്യാഗം ചെയ്യുന്നതാണ്.  വേദനിപ്പിക്കുന്ന വാക്കുകൾ കേട്ട് ധിക്കാരിയായ സ്ത്രീ നിനക്ക് നാശമടുത്തിരിക്കുന്നു എന്ന് പറഞ്ഞു  സീതയെ രക്ഷിക്കാനായി വനദേവതമാർക്ക് സമർപ്പിച്ചു കൊണ്ട് ലക്ഷ്മണൻ രാമനരികിലേയ്ക്ക് യാത്രയായി

തദവസരം പാർത്തിരുന്ന രാവണൻ ഭിഷു വേഷത്തിൽ സീതയുടെ അരികിൽ എത്തി. ഭിക്ഷുവിനെ കണ്ടു സീത ഫലമൂലാദികളെടുത്ത് , ഭിഷുവിനരികിലെത്തി ഇപ്രകാരം പറഞ്ഞു  ഈ ഭോജനം സ്വീകരിച്ചു വിശ്രമിച്ചാലും മമ ഭർത്താവ് ഇപ്പോൾ തന്നെ വരും അങ്ങയുടെ ഇഷ്ടങ്ങൾ സാധിപ്പിച്ചു തരും. അതിന് ഭിക്ഷു സീതയോട് നീ ആരാണെന്നും നിന്റെ ഭർത്താവ് ആരാണെന്നും ആരാഞ്ഞു.  അയോദ്ധ്യാധിപനായ ദശരഥ രാജാവിന്റെ പുത്രരിൽ ജ്യേഷ്ഠനായ രാമനാണ് മമ ഭൽത്താവ്. ജനകജയായ സീതയാണ് തന്നുടെ നാമധേയമെന്നും ഭ്രാതൃവത്സലനായ അനുജനുടെ നാമധേയം ലക്ഷ്മണനാണെന്നും സീത പറഞ്ഞു 

അപ്പോൾ താൻ ലങ്കേശ്വനായ രാവണനാണ് താനെന്നും സീതയുടെ സൗന്ദര്യത്തിൽ കാമിതനായി തന്റെ പുരത്തിൽ കൊണ്ട് പോകാൻ വന്നിരിക്കുകയാണ്. മുനിവേഷധാരിയായ രാമാനാൽ എന്ത് കാര്യസാദ്ധ്യമാണ് നിനക്ക്  എന്ന് രാവണൻ  സീതയോട് ചോദിച്ചു

ഇത് കേട്ട് സീത കുറച്ചൊരു ഭയത്തോടെ രാവണനോട് പറഞ്ഞു  സിംഹപത്നിയെ മുയൽ ആഗ്രഹിക്കുന്നതു പോലെ എന്തൊക്കയാണ് നീ പറയുന്നത്.  കുറച്ചു സമയം ക്ഷമിക്കുക സഹോദരനോപ്പം രാമൻ ഇപ്പോൾ ആഗതനാകും. രാമബാണത്താൽ നീ ചിന്നഭിന്നമായി ഭൂമിയിൽ പതിക്കും.

ഇപ്രകാരമുള്ള സീതാവചനം കേട്ട് ക്രോധിതനായ രാവണൻ തന്റെ ഭീകരമായ രാക്ഷസരൂപം പ്രദർശിപ്പിച്ചു. അതു കണ്ടു വനദേവതമാരും മറ്റു ഭൂതങ്ങളും ഭയപ്പെട്ടു പോയി. അനന്തരം രാവണൻ നഖങ്ങൾ കൊണ്ട് സീത ഇരിക്കുന്ന സ്ഥലത്തെ ഭൂമി കുഴിച്ച്, കൈകൾ കൊണ്ട് പൊക്കി രഥത്തിൽ വച്ച്,  ആകാശ മാർഗ്ഗത്തിൽ യാത്ര തുടങ്ങി. സീതദേവി അത്യന്തം ഭീതിയോടെ ഹാ രാമ ഹാ ലക്ഷ്മണായെന്ന് വിലപിച്ചു കൊണ്ടിരുന്നു
  
സീതാദേവിയുടെ വിലാപംകേട്ട് പക്ഷി ശ്രേഷ്ഠനായ ജടായു തന്റെ സ്വാമി പത്നിയെ കട്ടോണ്ടു പോകുന്നോന്ന് ചോദിച്ചു രാവണനുമായി യുദ്ധം ചെയ്തു. തന്റെ കൊക്കും  നഖങ്ങളും കൊണ്ട് രാവണന്റെ തേരും വില്ലും തകർക്കുകയും കുതിരകളെ കൊല്ലുകയും ചെയ്തു. . രാവണൻ ക്രോധത്തോടെ ജടായുവിന്റെ ചിറകുകൾ ഛേദിച്ചു കളഞ്ഞു. ജടായു താഴെ വീഴ്ന്നു. രാവണൻ സീതയെ മറ്റൊരു തേരിൽ എടുത്തു വച്ച് യാത്രയായി
     
സീത ജടായുവിനെ തന്റെ ഭർത്താവിനെ കണ്ടു വിവരം പറഞ്ഞ ശേഷമേ മരണം സംഭവിക്കൂയെന്നനുഗ്രഹിച്ചു. ശേഷം ദുഃഖിതയായി രാമനേ വിളിച്ചു വിലപിച്ചു കൊണ്ടിരുന്നു.  ലക്ഷ്മണാ നിന്നോടു പരുഷം പറഞ്ഞു പോയല്ലോയെന്നാലും വിലപിച്ചു കൊണ്ടിരുന്ന സീത ആകാശയാത്രയ്ക്കിടയിൽ ഒരു പർവ്വതശിഖരത്തിൽ അഞ്ചു വാനരന്മാർ ഇരിക്കുന്നതു കണ്ടു തന്റെ ആഭരണങ്ങൾ അഴിച്ചു ഉത്തരീയത്തിന്റെ പകുതി ഭാഗം കീറി അതിൽ കെട്ടി  രാമനോട് എന്റെ വിവരം പറയുകയെന്ന് പറഞ്ഞു താഴേക്ക് ഇട്ടു.  അനന്തരം രാവണൻ  ലങ്കയിലെ അശോകവനത്തിൽ രാക്ഷസ സ്ത്രീകളാൽ ചുറ്റപ്പെട്ടവളായി സീതയെ ഇരുത്തി.  അതീവ വിവശയായ സീത രാമ നാമം വിളിച്ചു വിലപിച്ചു കൊണ്ടിരുന്നു. 

തുടരും ....

✍ കൃഷ്ണശ്രീ 

No comments:

Post a Comment